കോട്ടയം : കരാര്‍ തൊഴിലാളികളുടെ ഇഎസ്‌ഐ തുകയുടെ വിഹിതം അടയ്ക്കാത്തതിനാല്‍ കെഎസ്ഇബിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് 31 കോടിയോളം രൂപ പിടിച്ചെടുത്ത് ഇഎസ്‌ഐസി. മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലായാണ് വൈദ്യുതി ബോര്‍ഡിന്റെ എസ്ബിഐ തിരുവനന്തപുരം പട്ടം ശാഖയിലെ പ്രധാന അക്കൗണ്ടും കനറാ ബാങ്കിന്റെ കന്റോണ്‍മെന്റ് ശാഖയിലെ കലക്ഷന്‍ അക്കൗണ്ടും ഇഎസ്‌ഐസി മരവിപ്പിച്ചത്. ഇഎസ്‌ഐ തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നോട്ടിസ് നല്‍കിയിട്ടും അനുകൂല മറുപടി ലഭിക്കാതായതോടെയാണ് നടപടി.
31 കോടിയോളം രൂപ ഇഎസ്‌ഐസി പിടിച്ചെടുത്തിട്ടും കരാര്‍ തൊഴിലാളികളുടെ പട്ടിക കൈമാറാന്‍ കെഎസ്ഇബി ഇതുവരെ തയാറായിട്ടില്ല. ഇതോടെ പിടിച്ചെടുത്ത പണം തൊഴിലാളികള്‍ക്ക് ഗുണമില്ലാതെ ഇഎസ്‌ഐസിയുടെ പക്കല്‍ തന്നെയിരിക്കുകയാണ്. 2017 മുതല്‍ 2021 വരെയുള്ള 4 വര്‍ഷക്കാലത്തെ അടവ് മുടങ്ങിയതില്‍ 18 കോടി രൂപ മുതലായും 13 കോടി പലിശയിനത്തിലുമാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഎസ്‌ഐസി പിടിച്ചെടുത്തത്.
കെഎസ്ഇബിയുടെ നിസഹകരണം കാരണം വൈകാതെ 2021 മുതല്‍ 2025 വരെയുള്ള പണവും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പിടിച്ചെടുക്കേണ്ടി വരും. കരാര്‍ തൊഴിലാളികളുടെ എണ്ണം കൂടിയതിനാല്‍ ഇത് 31 കോടിയ്ക്കും മുകളിലേക്ക് പോകും. കെഎസ്ഇബിയില്‍ ഇരുപതിനായിരത്തോളം കരാര്‍ തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 20 വര്‍ഷം പിന്നിട്ട കരാര്‍ തൊഴിലാളികളുടെ എണ്ണം പതിമൂവായിരത്തിനും മുകളിലാണ്. മീറ്റര്‍ റീഡര്‍മാര്‍, സബ് സ്റ്റേഷന്‍ ഓപ്പറേറ്റര്‍മാര്‍, ലൈന്‍ വര്‍ക്കേഴ്‌സ്, ഷിഫ്റ്റ് അസിസ്റ്റന്റുമാര്‍ എന്നിവരില്‍ ഭൂരിപക്ഷവും കരാര്‍ തൊഴിലാളികളാണ്.
ഇഎസ്‌ഐസിയില്‍ നിയമാനുസൃതമായ വിഹിതം അടയ്ക്കുന്നതിനു പകരം കെഎസ്ഇബി ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഇതിനെതിരെ ഇഎസ്‌ഐസി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. കരാര്‍ തൊഴിലാളികളുടെ സംഘടനയായ കരാര്‍ തൊഴിലാളി ഫെഡറേഷനും കേസില്‍ കക്ഷി ചേര്‍ന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതിനുപിന്നാലെയാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവപ്പിച്ച് ഇഎസ്‌ഐസി തുക പിടിച്ചെടുത്തത്. കരാര്‍ തൊഴിലാളികള്‍ ഇഎസ്‌ഐ തുകയ്ക്ക് അര്‍ഹരല്ലെന്നാണ് കെഎസ്ഇബിയുടെ വാദം. എന്നാല്‍ ഇഎസ്‌ഐ അധികൃതര്‍ വൈദ്യുതി ഓഫിസുകളില്‍ പരിശോധന നടത്തുകയും കരാര്‍ തൊഴിലാളികള്‍ ഇഎസ്‌ഐയ്ക്ക് അര്‍ഹരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
അതേസമയം, കെഎസ്ഇബിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പണം പിടിച്ചെടുത്ത ഇഎസ്‌ഐസി നടപടി താന്‍ അറിഞ്ഞിട്ടില്ലെന്നും അന്വേഷിക്കട്ടെയെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി മനോരമ ഓണ്‍ലൈനോട് പറഞ്ഞു
ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ഉയര്‍ന്ന നേട്ടം കൈവരിച്ച് ഇന്ത്യ
ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എക്കാലത്തെയും ഉയര്‍ന്ന നേട്ടം കൈവരിച്ച് ഇന്ത്…