കഴിഞ്ഞ ഞായറാഴ്ചയോടെയാണ് അറബിക്കടലില്‍ കാല്‍സ്യം കാര്‍ബെഡ് വഹിച്ചെത്തിയ ചരക്കുക്കപ്പല്‍ പൂര്‍ണമായും മുങ്ങിയത്. നിരവധി കണ്ടെയ്നറുകളാണ് കപ്പലില്‍ നിന്ന് കടലിലേക്ക് പതിച്ചത്. അവയില്‍ പലതും കേരളതീരങ്ങളിലടിയുകയും അധികൃതര്‍ വിശദമായ പരിശോധനകള്‍ നടത്തുകയും ചെയ്തു. ആദ്യം പേടിക്കാനായി തക്കതൊന്നും ഇല്ലെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും തുടര്‍ച്ചയായ പരിശോധനകള്‍ക്കൊടുവില്‍ അഭിപ്രായം മാറ്റുകയായിരുന്നു. കേരളത്തിലെ തീരദേശമേഖലകള്‍ ഇപ്പോള്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. ഈ സംഭവം കേരളത്തിലെ മത്സ്യബന്ധനത്തെയും വിപണിയെയും ബാധിച്ചിട്ടുണ്ട്. എന്താണെന്ന് പരിശോധിക്കാം.

കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് 640 കണ്ടെയ്നറുകളുമായെത്തിയ കപ്പല്‍ മുങ്ങിയത്. 250 ടണ്ണിലധികം കാത്സ്യം കാര്‍ബൈഡ് അടങ്ങിയ 12 കണ്ടെയ്നറുകളായിരുന്നു കപ്പലിലുണ്ടായിരുന്നത്. കണ്ടെയ്നറുകള്‍ കടലില്‍ പൊങ്ങിക്കിടന്നതോടെ കടുത്ത ആശങ്കകളാണ് അധികൃതര്‍ അറിയിച്ചിരുന്നത്. അതില്‍ പ്രധാനപ്പെട്ടത് കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കാന്‍ സാദ്ധ്യതയുണ്ടെന്നായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ തീരദേശമേഖലകളിലും അവയില്‍ ചില കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട്. ഇവയില്‍ ചില കണ്ടെയ്നറുകളില്‍ അപകടകരമായി വസ്തുക്കളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നിരുന്നാലും തീരദേശവാസികളോട് അതീവജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നല്‍കി.തീരദേശമേഖലകളിലെ കോസ്റ്റ്ഗാര്‍ഡുകള്‍ ഇതിനകം തന്നെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

വെല്ലുവിളി
കാല്‍സ്യം കാര്‍ബൈഡ് പോലുളള രാസവസ്തുക്കള്‍ കടലിലെ ആവാസവ്യവസ്ഥയ്ക്കും തീരദേശമേഖലയിലെ ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സെന്‍ട്രല്‍ മറൈന്‍ ഫീഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദര്‍ പറയുന്നത്. കണ്ടെയ്നറുകളിലേക്ക് വെളളം കടക്കുമ്പോള്‍ കാത്സ്യം കാര്‍ബൈഡുമായി കൂടിക്കലന്ന് അസറ്റലീന്‍ എന്ന വാതകം രൂപം കൊളളുകയും ഇത് ഉഗ്ര സ്‌ഫോടനത്തിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. ഈ രാസപ്രവര്‍ത്തനങ്ങള്‍ കടലിന്റെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കും.
കപ്പിലിലുണ്ടായിരുന്നു 13 കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡിനൊപ്പം രാസവസ്തുക്കള്‍ അടങ്ങിയിരിക്കുകയാണ്. കടല്‍ വെള്ളത്തില്‍ കാത്സ്യം കാര്‍ബൈഡ് കലരുമ്പോള്‍ ഉഗ്രസ്‌ഫോടനങ്ങള്‍ക്ക് കാരണമാകും. കപ്പലില്‍ ഉയര്‍ന്ന അളവില്‍ ഡീസലും ഫര്‍ണസ് ഓയിലും ഉണ്ടായിരുന്നു. ഇത് വെളളത്തില്‍ കലരുന്നതോടെ കടലിലെ മത്സ്യങ്ങളെയും മറ്റ് ജീവജാലങ്ങളെയും സസ്യങ്ങളെയും ബാധിക്കുകയും ചെയ്യും. കടലിലെ ആവാസവ്യവസ്ഥയെ ഈ പ്രശ്‌നങ്ങള്‍ മോശമായി ബാധിക്കുമെന്ന് വിദഗ്ദര്‍ വ്യക്തമാക്കി.

പ്രതീക്ഷ തകിടം മറിഞ്ഞു
സംസ്ഥാനത്തൊട്ടാകെ മണ്‍സൂണ്‍ എത്തിയതോടെ മത്സ്യസമ്പത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. മണ്‍സൂണ്‍ കാലത്താണ് മത്സ്യങ്ങള്‍ കൂടുതലും പ്രജനനം നടത്തുന്നത്. മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ പോപോഷകസമൃദ്ധമായ എക്കല്‍ മണ്ണ് കടലിലേക്ക് ഒഴുകുകയും മത്സ്യസമ്പത്തിന് കൂടുതല്‍ ഗുണവും ചെയ്യാറുണ്ട്. എന്നാല്‍ കണ്ടെയ്നറുകളിലെ വിഷവസ്തുക്കള്‍ കടലില്‍ കലരുന്നതോടെ മത്സ്യങ്ങളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കും. എണ്ണ കലര്‍ന്ന കടല്‍ ജലം മത്സ്യങ്ങളുടെ ജീവന് തന്നെ ദോഷകരമായി ബാധിക്കും.

ഇത് തീരദേശമേഖലയില്‍ താമസിക്കുന്നവരെയും മത്സ്യം വാങ്ങുന്നവരെയും ബാധിക്കുകയും ചെയ്യും. കണ്ടെയ്നറുകളില്‍ നിന്ന് ഒഴുകുന്ന രാസവസ്തുക്കള്‍ മത്സ്യങ്ങള്‍ കഴിക്കാന്‍ സാദ്ധ്യത കൂടുതലാണ്. ഞണ്ടുകള്‍. ചെമ്മീന്‍, കക്ക എന്നീ മത്സ്യങ്ങളില്‍ ഇത്തരം രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാനും സാദ്ധ്യതയുണ്ട്. ഇത്തരം മത്സ്യങ്ങള്‍ മനുഷ്യര്‍ കഴിക്കാനിടയായാല്‍ ആരോഗ്യത്തെ ബാധിക്കുമെന്നും സമുദ്ര ഗവേഷകര്‍ പറയുന്നു. നിലവില്‍ കടല്‍ ജലത്തില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ കോസ്റ്റ് ഗാര്‍ഡുകള്‍ നിരീക്ഷിച്ച് വരികയാണ്.
ഇത്തരം പ്രതിസന്ധികള്‍ ചര്‍ച്ചയായതോടെ കടല്‍ മത്സ്യങ്ങള്‍ കഴിക്കണോ വേണ്ടേയെന്ന സംശയത്തിലാണ് മലയാളികള്‍. അതേസമയം, ഈ വിഷയത്തില്‍ ആകുലത വേണ്ടെന്നാണ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുളള മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണെന്നും ബാക്കിയുളള സ്ഥലങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങള്‍ വിപണിയില്‍ നിന്ന് വാങ്ങുന്നതില്‍ ആശങ്കപ്പെടേണ്ടെന്നും മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ വിവിധ ഏജന്‍സികള്‍ കടല്‍ ജലം ശേഖരിച്ച് പരിശോധന നടത്തിവരികയാണ്. പരിശോധനാഫലം കൂടി വന്നശേഷമേ ഫിഷറീസ് വകുപ്പ് കൃത്യമായി മാനദണ്ഡങ്ങള്‍ പുറത്തിറക്കുകയുളളൂവെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വി എ അരുണ്‍ കുമാറിന്റെ നിയമനം: സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി : ഐഎച്ച്ആര്‍ഡി തത്കാലിക ഡയറക്ടര്‍ പദവിയില്‍ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്…