കോഴിക്കോട്: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല. മഴക്കെടുതിയില്‍ വെള്ളിയാഴ്ച സംസ്ഥാനത്ത് എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. മഴ തുടങ്ങി ഒരാഴ്ചയ്ക്കിടെ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. കണ്ണൂര്‍ താവക്കരയില്‍ 30 ഓളം വീടുകളില്‍ വെള്ളം കയറി. പലയിടങ്ങളിലും വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. കൂത്താട്ടുകുളത്ത് മരം വീണ് വയോധിക മരിച്ചു. ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. വിഴിഞ്ഞത്ത് ശക്തമായ തിരയില്‍പ്പെട്ട് രണ്ട് വള്ളങ്ങള്‍ മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി.
വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
Click To Comment