കോഴിക്കോട്: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആറായിരം എണ്ണത്തെ കൊന്നുവെന്ന് വന്യജീവി ക്രൈം കണ്‍ട്രോള്‍ ബ്യൂറോ (ഡബ്‌ള്യുസിസിബി) അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത ഈനാംപേച്ചിയെയാണ് കോഴിക്കോട് ജില്ലാമൃഗമായി പ്രഖ്യാപിച്ചത്. ഈ മൃഗത്തിന് അമിതപ്രാധാന്യം നല്‍കി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിനപ്പുറം കോഴിക്കോട് ജില്ലയില്‍ ഒട്ടേറെയിടങ്ങളില്‍ ഈ മൃഗം പലപ്പോഴായി ദൃശ്യമായെന്നതും കാരണമാണ്.
ഉറുമ്പ് തീനി, അളുങ്ക് എന്നീ പേരുകളില്‍ പ്രാദേശികമായി അറിയപ്പെടുന്ന ഇവിടത്തെ ഈനാംപേച്ചിയുടെ ശാസ്ത്രീയ നാമം ‘മാനിസ് ക്രാസി കോഡേറ്റ’യെന്നാണ്. ‘ഇന്ത്യന്‍ പാങ്കോളിന്‍’ എന്നും ഇന്ത്യന്‍ ഉറുമ്പ് തീനിയെന്നുമുള്ള വിഭാഗത്തിലാണ് ശരീരം മുഴുവന്‍ ചെതുമ്പലുകളുള്ള ജീവി ഉള്‍പ്പെടുന്നത്. കാഴ്ചയില്‍ ഒരു ഭീകരജീവിയുടെ രൂപമുണ്ടെങ്കിലും ഉറുമ്പും ചിതലും ചില ഷഡ്പദങ്ങളും മാത്രമാണ് ഭക്ഷണം. പല്ലുപോലുമില്ല. കോഴിക്കോട്ടെ ചെങ്കല്‍ കുന്നുകളിലും വനപ്രദേശങ്ങളിലും കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഇവ സസ്തനികളാണ്. ആരെങ്കിലും പിടിക്കാന്‍ചെന്നാല്‍ പേടിച്ച് ചുരുണ്ട് പന്തുപോലെയാകും. ഇവയുടെ ചെതുമ്പലുകള്‍ക്ക് വന്‍ ഔഷധഗുണമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ഇവയെ വേട്ടയാടുന്നത്.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നെയ്ചര്‍ (ഐയുസിഎന്‍) വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ (റെഡ് ഡേറ്റാ ബുക്കില്‍) ഉള്‍പ്പെടുത്തിയ ഇവയെ ഇന്ത്യന്‍ വന്യജീവി സംരക്ഷണനിയമത്തില്‍ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചിട്ടുണ്ട്. ഇവയെ കൊല്ലുന്നവര്‍ക്ക് രണ്ടുമുതല്‍ ഏഴുവര്‍ഷംവരെ തടവും കാല്‍ലക്ഷം മുതല്‍ രണ്ടുലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കാം. ഗവ. ആര്‍ട്‌സ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ പ്രൊഫ. അബ്ദുള്‍ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെ ജില്ലാമൃഗമായി നിര്‍ദേശിച്ചത്.