മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി. കേരള എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നേരത്തെ ടാപ്പിങ് തൊഴിലാളിയെ കടുവ കൊന്നു തിന്നതിനെ തുടര്‍ന്നാണ് വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ചിരുന്നത്.
ഇതിനുപുറമേ കരുവാരക്കുണ്ട് പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പുലി ഇറങ്ങിയതും പ്രദേശവാസികള്‍ക്ക് ഇരട്ടി ആശങ്കയുണ്ടാക്കിയിരുന്നു. കടുവയെ ഇതുവരെ പിടികൂടാനായില്ല. കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയ സംഭവത്തില്‍ വനംവകുപ്പിനെതിരെ വണ്ടൂര്‍ എംഎല്‍എ എ പി അനില്‍കുമാര്‍ രംഗത്ത് വന്നു.
പതിനഞ്ചു ദിവസമായിട്ടും നരഭോജി കടുവയെ പിടികൂടാനായിട്ടില്ല. കടുവ അവിടെ തുടരുന്നുണ്ട്. എത്രയും വേഗം പിടികൂടണമെന്നും വനംവകുപ്പ് ഗുരുതരമായ അനാസ്ഥ കാണിക്കുന്നുവെന്നും എ പി അനില്‍കുമാര്‍ പ്രതികരിച്ചു. നെടുങ്കയത്ത് പുലിയെ വിടാനുള്ള തീരുമാനം വനംവകുപ്പ് പിന്‍വലിക്കണം എന്നും എ പി അനില്‍കുമാര്‍ പറഞ്ഞു.