കണ്ണൂര്‍ : ചാരവൃത്തിക്കു പൊലീസ് കസ്റ്റഡിയിലെടുത്ത ഹരിയാനയിലെ യുട്യൂബര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലുമെത്തിയതായി വിവരം. പയ്യന്നൂരിനു സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യത്തിന്റെ വിഡിയോയില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമാവുന്നത്. ജ്യോതിയുടെ സമൂഹമാധ്യമത്തിലാണ് ക്ഷേത്രത്തിലെ തെയ്യത്തിന്റെ വിഡിയോയുള്ളത്. വിവരം പുറത്തുവന്നതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ജനുവരിയില്‍ കേരളത്തില്‍ നടത്തിയ ഏഴുദിവസത്തെ സന്ദര്‍ശനത്തിനിടെ ജ്യോതി ഈ ക്ഷേത്രത്തിലുമെത്തിയെന്നാണ് കരുതുന്നത്.
ശിവനോടൊപ്പം സ്വയംഭൂവായി വനശാസ്താവ് പ്രത്യക്ഷപ്പെട്ടുവെന്നു വിശ്വസിക്കുന്ന പുരാതന ക്ഷേത്രമാണ് കാശിപുരം വനശാസ്താ ക്ഷേത്രം. കൊച്ചി മട്ടാഞ്ചേരി കപ്പല്‍ശാലയുള്‍പ്പെടെ സന്ദര്‍ശിക്കുകയും മട്ടാഞ്ചേരിയില്‍ ഹോട്ടലില്‍ താമസിച്ചതായും നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായും കണ്ടത്തിയതിനെ തുടര്‍ന്ന് കേരള പൊലീസും ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനത്തെപ്പറ്റി അന്വേഷിക്കുന്നുണ്ട്.

അതിനിടയിലാണ് ജ്യോതി കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിലുമെത്തിയതായി വിവരം പുറത്തുവരുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര പൊലീസ് കസ്റ്റഡിയിലാണ്. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

14-07-2025