കണ്ണൂര്‍ : കൊട്ടിയൂര്‍ വൈശാഖോത്സവം എട്ടുമുതല്‍ ജൂലായ് നാലുവരെ നടക്കും. 30 ലക്ഷത്തോളം തീര്‍ഥാടകരെ ഉത്സവകാലത്ത് പ്രതീക്ഷിക്കുന്നതായി കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ട്രസ്റ്റി എന്‍. പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് കുടിവെള്ളവിതരണ സംവിധാനവും അക്കരെ കൊട്ടിയൂരില്‍ ദര്‍ശനസ്ഥലങ്ങളില്‍ ചൂടുവെള്ളത്തിനുള്ള സൗകര്യവും ഉണ്ട്. താമസസൗകര്യത്തിന് ‘കൈലാസം’, ‘ഗംഗ’, ‘മഹാദേവ’ എന്നീ വിശ്രമകേന്ദ്രങ്ങളും ടൂറിസം വകുപ്പിന്റെ ഡോര്‍മിറ്ററിയും തുറന്നുകൊടുക്കും.
ഉത്സവനഗരിയിലും ഒരുകിലോമീറ്റര്‍ ചുറ്റളവിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തി. സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി 400-ഓളം താത്കാലിക വൊളന്റിയര്‍മാരുടെയും 50-ഓളം വിമുക്തഭടന്മാരുടെയും സേവനം ഉറപ്പാക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് മൂന്ന് ഭാഗങ്ങളിലായി പ്രസാദവിതരണം നടത്തും. അന്നദാനം, ശൗചാലയങ്ങളുടെ സൗകര്യം, മാലിന്യനീക്കത്തിനായി സ്ഥിരം ഷെഡ്, മെഡിക്കല്‍ സൗകര്യം, പ്രസാദ കൗണ്ടറുകള്‍, അടിയന്തര സംവിധാനങ്ങള്‍ തുടങ്ങി മറ്റ് സൗകര്യങ്ങളും ഉത്സവത്തിന്റെ ഭാഗമായി സജ്ജമാക്കിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി ഇരിട്ടി, പേരാവൂര്‍, അമ്പായത്തോട് വരെയുളള ഓട്ടോ പാര്‍ക്കിങ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
വിശേഷ ദിവസങ്ങള്‍: രണ്ടിന് നീരെഴുന്നള്ളത്ത്, എട്ടിന് നെയ്യാട്ടം, ഒന്‍പതിന് ഭണ്ഡാരം എഴുന്നള്ളത്ത്, 15-ന് തിരുവോണം ആരാധന, 17-ന് ഇളനീര്‍ വെപ്പ്, 18-ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 20-ന് രേവതി ആരാധന, 24-ന് രോഹിണി ആരാധന, 26-ന് തിരുവാതിര ചതുശ്ശതം, 27-ന് പുണര്‍തം ചതുശ്ശതം, 28-ന് ആയില്യം ചതുശ്ശതം, 30-ന് മകം കലംവരവ്, കലംപൂജ, ജൂലായ് മൂന്നിന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, നാലിന് തൃക്കലശാട്ട്.
ട്രസ്റ്റി സി. ചന്ദ്രശേഖരന്‍, എക്‌സി. ഓഫീസര്‍ കെ. ഗോകുല്‍, ദേവസ്വം മാനേജര്‍ കെ. നാരായണന്‍ എന്നിവരും പങ്കെടുത്തു.

കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് വിളക്കുതിരിസംഘം പുറപ്പെട്ടു
കൂത്തുപറമ്പ്: ഒരുമാസം നീണ്ടുനില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖോത്സവത്തിനാവശ്യമായ വിളക്കുതിരികളുമായി വിളക്കുതിരിസംഘം പുറക്കളം തിരൂര്‍ക്കുന്ന് ഗണപതി ക്ഷേത്രത്തില്‍നിന്ന് കൊട്ടിയൂരേക്ക് പുറപ്പെട്ടു.
പൂയ്യംനാളായ ശനിയാഴ്ച രാത്രി പത്തോടെയാണ് മണിയന്‍ ചെട്ടിയാന്‍ സ്ഥാനികന്‍ കറുത്ത പ്രേമരാജന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘം കാല്‍നടയായി കൊട്ടിയൂരേക്ക് യാത്രതിരിച്ചത്.ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്കും അന്നദാനത്തിനും ശേഷം ഓംകാര വിളികളോടെയാണ് സംഘം യാത്രയായത്. കതിരന്‍ ഭാസ്‌കരന്‍, തൊണ്ടന്‍ രാഘവന്‍, ചിങ്ങന്‍ പ്രകാശന്‍, കറുത്ത പ്രദീപന്‍, കതിരന്‍ രജീഷ്, ലിജിന്‍ വട്ടോളി, നാദോരന്‍ ചന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്.
കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന പ്രക്കൂഴം ചടങ്ങ് മുതല്‍ വ്രതംനോറ്റുനില്‍ക്കുന്ന സംഘം രേവതിനാളിലാണ് വ്രതശുദ്ധിയോടെ പുറക്കളത്തെ മഠത്തില്‍ കയറിയത്. വിളക്കുതിരികള്‍, കൂത്തിരി, കിള്ളിശീല, തലപ്പാവ്, ഉത്തരീയം എന്നിവയാണ് ഒന്‍പത് ദിവസങ്ങള്‍ക്കൊണ്ട് സംഘം നിര്‍മിച്ചത്. ഭക്ഷണം സ്വയം പാചകംചെയ്ത് കഴിച്ച് ആചാരാനുഷ്ഠാനങ്ങളോടെയാണ് ഉത്സവത്തിന്റെ പ്രധാന ഭാഗമായ വസ്തുക്കള്‍ നിര്‍മിച്ചത്.
എടയാര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാത്രി തങ്ങിയ സംഘം ഞായറാഴ്ച ഉച്ചയ്ക്ക് പേരാവൂര്‍ ഗണപതി ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് രാത്രി മണത്തണ ഗോപുരത്തില്‍ വിശ്രമിച്ച് തിങ്കളാഴ്ച പുലര്‍ച്ചയോടെ ഇക്കരെ കൊട്ടിയൂരെത്തും. തുടര്‍ന്ന് മണിയന്‍ ചെട്ടിയാന്‍ സംഘം വിളക്കുതിരികളും മറ്റും ക്ഷേത്ര ഭാരവാഹികളെ ഏല്‍പ്പിക്കും.പൂരംനാളില്‍ അക്കരെ കൊട്ടിയൂരില്‍ ക്ഷേത്ര ഊരാളന്മാരുടെ അടിയന്തിര യോഗം ചേര്‍ന്ന് വസ്തുവകകള്‍ എണ്ണിത്തിട്ടപ്പെടുത്തി ഏറ്റെടുക്കുന്നതോടെയാണ് പ്രധാന ചടങ്ങായ നീരെഴുന്നള്ളത്ത് തുടങ്ങുക. വര്‍ഷങ്ങളായി വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരിസംഘത്തിന്റെ നേതൃത്വത്തില്‍ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

14-07-2025