ദിവ്യകാരുണ്യ അടയാളമായ ക്രിസ്തുവിന്റെ മുഖം പതിഞ്ഞ തിരുവോസ്തി ആലക്കോട് വിളക്കന്നൂര്‍ ക്രിസ്തുരാജ പള്ളിയില്‍ നടന്ന പ്രതിഷ്ഠാകര്‍മത്തില്‍ പങ്കെടുത്തവര്‍(ഇടത്ത്) ദിവ്യകാരുണ്യ അടയാളമായ ക്രിസ്തുവിന്റെ മുഖം പതിഞ്ഞ തിരുവോസ്തി ആലക്കോട് വിളക്കന്നൂര്‍ ക്രിസ്തുരാജ പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പ്രതിഷ്ഠിക്കുന്നു(വലത്ത്)
വിളക്കന്നൂര്‍(കണ്ണൂര്‍): വിളക്കന്നൂര്‍ എന്ന കൊച്ചുകുടിയേറ്റഗ്രാമം ധന്യം. ഇവിടത്തെ ക്രിസ്തുരാജ ദേവാലയത്തില്‍ തിരുവോസ്തിയില്‍ പതിഞ്ഞ ക്രിസ്തുവിന്റെ മുഖം ദിവ്യകാരുണ്യ അടയാളമെന്ന വത്തിക്കാന്റെ സ്ഥിരീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴ്ച ദേവാലയ അങ്കണത്തില്‍ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി സഭയുടെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ലെയോ പോള്‍ദോ ജിറെല്ലി വിശ്വാസതിരുസംഘത്തിന്റെ ഡിക്രി ആഘോഷമായ സമൂഹബലിയില്‍ വായിച്ചാണ് പ്രഖ്യാപനം നടത്തിയത്. വത്തിക്കാന്റെ സ്ഥിരീകരണം സിറോ മലബാര്‍ സഭയ്ക്കാകെ ആഹ്ലാദവും അഭിമാനവുമാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ജിറെല്ലി അഭിപ്രായപ്പെട്ടു. അംഗീകാരം വാങ്ങിയെടുക്കാന്‍ അഹോരാത്രം യത്‌നിച്ച തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെയും വൈദികരെയും കന്യാസ്ത്രീകളെയും ഇടവകയിലെ അംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

‘ഇതിന് അവസരംതന്ന ദൈവത്തിന് നന്ദി പറയാം. ലോകാവസാനംവരെ ഞാന്‍ നിങ്ങളോടുകൂടിയുണ്ടായിരിക്കുമെന്ന ക്രിസ്തുവാഗ്ദാനത്തിന്റെ അടയാളമാണ് ദിവ്യകാരുണ്യം. ദിവ്യബലിയില്‍ ക്രിസ്തു സന്നിഹിതനാണെന്നത് ക്രൈസ്തവരുടെ അടിസ്ഥാന വിശ്വാസമാണ്. ഇതിനെ ആഴപ്പെടുത്തുന്ന അടയാളമാണ് 2013 നവംബര്‍ 15-ന് ഫാ. തോമസ് ദിവ്യബലി അര്‍പ്പിക്കവെ വിളക്കന്നൂര്‍ പള്ളിയില്‍ കണ്ടത്. ക്രിസ്തുവിലാണ് നാം എല്ലാവരും ഐക്യപ്പെട്ടിരിക്കുന്നത്. ആ ഐക്യം കാത്തുസൂക്ഷിക്കുക എന്നത് ഓരോ വിശ്വാസിയുടെയും കടമയാണ്-അദ്ദേഹം പറഞ്ഞു. മാര്‍പാപ്പ ലിയോ പതിനാലാമാന്റെ അനുഗ്രഹവും ആശംസയും അറിയിച്ചുകൊണ്ടാണ് ഒമ്പതുമിനിറ്റിലേറെ നീണ്ട സന്ദേശം വത്തിക്കാന്‍ സ്ഥാനപതി പ്രസംഗം അവസാനിപ്പിച്ചത്.
തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കണ്ണൂര്‍ ബിഷപ്പ് മാര്‍ ജോസഫ് വടക്കുംതല, സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം, ആര്‍ച്ച് ബിഷപ്പ് ഇമേരിറ്റസുമാരായ മാര്‍ ജോര്‍ജ് ഞെരളക്കാട്ട്, മാര്‍ ജോര്‍ജ് വലിയമറ്റം, ദിവ്യകാരുണ്യ അദ്ഭുതം സംഭവിച്ച ദിവ്യബലി അര്‍പ്പിച്ച ഫാ. തോമസ് പതിക്കല്‍, ഇടവക വികാരി ഫാ. തോമസ് കീഴാരത്ത് എന്നിവരും പ്രഖ്യാപനസമയത്ത് സന്നിഹിതരായി. അതിരൂപത ചാന്‍സലര്‍ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍ ഡിക്രിയുടെ മലയാള പരിഭാഷ വിശ്വാസികള്‍ക്കായി വായിച്ചു. ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. മാത്യു വേങ്ങക്കുന്നേല്‍ നേതൃത്വം നല്‍കി. തുടര്‍ന്നുനടന്ന സമൂഹബലിക്ക് അതിരൂപതയിലെ വൈദികര്‍ നേതൃത്വം നല്‍കി.
ഇനി തീര്‍ഥാടനകേന്ദ്രം
കുടിയേറ്റഗ്രാമത്തിന് അഭിമാനനിമിഷം. വിളക്കന്നൂര്‍ ക്രിസ്തുരാജ ഇടവക ഇനി തീര്‍ഥാടനകേന്ദ്രമാണ്. ഗ്രാമത്തിന് സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തത്ര വൈദികരാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഇവിടെ എത്തിയത്. സഭാപിതാക്കന്‍മാര്‍ക്കൊപ്പം വെള്ളവസ്ത്രമണിഞ്ഞ നൂറുകണക്കിന് വൈദികരുടെയും കന്യാസ്ത്രീകളുടെയും അള്‍ത്താര ബാലന്‍മാരുടെയും സാന്നിധ്യംതന്നെ ഒരു കാഴ്ചയായിരുന്നു. ഭക്തിസാന്ദ്രമായി ആയിരക്കണക്കിന് വിശ്വാസികളും. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നായി വന്‍ ജനാവലിയാണ് ശനിയാഴ്ച രാവിലെമുതല്‍ വിളക്കന്നൂരേക്ക് ഒഴുകിയത്.

വിദൂര സ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് ആഘോഷമായ സമൂഹബലിയില്‍ പങ്കെടുക്കുന്നതിള്ള സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയിരുന്നു. 611 കുടുംബങ്ങളും 2700 അംഗങ്ങളുമുള്ള ഇടവകയിലെ അംഗങ്ങളെല്ലാം സംഘാടകരായിമാറി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും മികച്ച സംവിധാനമൊരുക്കി.
ക്രിസ്തുമുഖം പതിഞ്ഞ തിരുവോസ്തി ദിവ്യകാരുണ്യ അദ്ഭുതമായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ വിശിഷ്ട പള്ളികളുടെ നിരയിലെത്തും വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയം. ഈ ദേവാലയത്തെ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകം തയ്യാറാക്കിയ ദിവ്യകാരുണ്യക്കൂടിനുള്ളിലാണ് സ്ഥിരപ്രതിഷ്ഠ നടത്തിയത്. പള്ളിയിലെത്തുന്നവര്‍ക്ക് കാണുന്നതിന് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് രണ്ടിന് തിരുവോസ്തിക്ക് ഒടുവള്ളിത്തട്ടില്‍ സ്വീകരണം നല്‍കി.
തുറന്ന വാഹനങ്ങളില്‍ ഇന്ത്യയുടെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ലെയോ പോള്‍ദോ ജിറെല്ലി, തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളെ വിളക്കന്നൂരിലേക്ക് ആനയിച്ചു. അവിടെനിന്ന്, തിങ്ങിനിറഞ്ഞ വൈദികരുടെയും കന്യാസ്ത്രീമാരുടെയും വിശ്വാസികളുടെയും പ്രാര്‍ഥനകള്‍ക്കിടയിലൂടെ കാല്‍നടയായി വേദിയിലെത്തുകയായിരുന്നു. സമൂഹബലിക്കുശേഷം ദിവ്യകാരുണ്യ അദ്ഭുതമായ തിരുവോസ്തി എല്ലാവര്‍ക്കും കാണാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

E-PAPER