മലപ്പുറം: നിലമ്പൂരില്‍ പന്നിക്കെണിയില്‍ ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വഴിക്കടവ് സ്വദേശി വിനീഷാണ് വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കാട്ടു പന്നിയുടെ മാംസം വില്‍ക്കാന്‍ ഉദ്ദേശിച്ചാണ് വൈദ്യുത കെണി സ്ഥാപിച്ചതെന്ന് വിനീഷ് പൊലീസിന് മൊഴി നല്‍കി. ഇയാള്‍ക്കെതിരെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. രണ്ടാം പ്രതിയായ കുഞ്ഞുമുഹമ്മദും കസ്റ്റഡിലായിട്ടുണ്ട്
വെളുപ്പിനെ വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിനീഷിനെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കൂടി പൊലീസ് ചോദ്യം ചെയ്യുകയാണ്. വിനീഷിന്റെ പേരില്‍ മുമ്പ് കേസുകളൊന്നുമില്ല, ഇയാള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും മൃഗങ്ങളെ വേട്ടയാടാറുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. വൈദ്യുതി മോഷണം സംബന്ധിച്ച് ആറ് മാസം മുമ്പ് പരാതി നല്‍കിയിരുന്നെങ്കിലും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. അനന്തുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വഴിക്കടവിലെ വീട്ടിലേക്ക് കൊണ്ടുവന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അപകടം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്. വിവാദം പ്രചാരണ ആവശ്യങ്ങള്‍ക്കായി യുഡിഎഫ് സൃഷ്ടിച്ചതാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ആരോപിച്ചു, അതേസമയം സാധ്യമായ രാഷ്ട്രീയ ഗൂഢാലോചനകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘങ്ങള്‍ പ്രദേശത്ത് വ്യാപകമാണെന്ന് സൂചനകളുണ്ട്.