തൃശ്ശൂര്‍: ചലച്ചിത്രനടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. രാവിലെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. മുണ്ടൂരിലെ വീട്ടില്‍ ഞായറാഴ്ച വൈകിട്ട് 4 മുതല്‍ പൊതുദര്‍ശനമുണ്ടാകും.
വെള്ളിയാഴ്ച രാവിലെ ആറോടെ ആയിരുന്നു ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഷൈന്‍ ടോം ചാക്കോയ്ക്കും അമ്മ മരിയ കാര്‍മലിനും സഹോദരന്‍ ജോ ജോണ്‍ ചാക്കോയ്ക്കും പരിക്കേറ്റിരുന്നു.
ഷൈന്‍ ടോം ചാക്കോയുടെ ചികിത്സാര്‍ഥം കുടുംബം വ്യാഴാഴ്ച രാത്രി പത്തിന് എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ടതാണ്. ഷൈനിന്റെ മാനേജര്‍ കൂടിയായ അനീഷ് ആണ് വണ്ടി ഓടിച്ചിരുന്നത്. സഹോദരന്‍ മുന്നിലും അച്ഛനും അമ്മയും മധ്യഭാഗത്തും ഷൈന്‍ ടോം ചാക്കോ പിറകിലെ സീറ്റിലുമാണ് ഇരുന്നത്. മുന്നില്‍ പോയ ലോറി പെട്ടെന്ന് ട്രാക്ക് മാറിയപ്പോള്‍ ഷൈനും കുടുംബവും സഞ്ചരിച്ച കാര്‍ ലോറിക്ക് പിറകിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ ഡിവൈഡറിലും ഇടിച്ചു. നടുവിലെ സീറ്റിലിരുന്ന സി.പി. ചാക്കോ ഡ്രൈവറുടെ സീറ്റിന് പിറകില്‍ ഇടിച്ചുവീഴുകയായിരുന്നു.