ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ ആറായിരം കടന്നു. ഞായറാഴ്ച്ച രാവിലെ എട്ടുമണി വരെയുള്ള കണക്കനുസരിച്ച് 6,133 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടക-2 കേരളം-3, തമിഴ്‌നാട്-1 എന്നിങ്ങനെയാണ് മരണനിരക്കുകള്‍.
കോവിഡ് കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. നിലവില്‍ 1950 ആക്റ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത്, വെസ്റ്റ് ബെംഗാള്‍, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലും കോവിഡ് കേസുകള്‍ കൂടുതലാണ്.
ഒമിക്രോണ്‍ വിഭാഗത്തിലെ ഒമിക്രോണ്‍ ജെഎന്‍. 1 വകഭേദമായ എല്‍എഫ്. 7 ആണ് വ്യാപിക്കുന്നത്. ഭയപ്പെടേണ്ട വകഭേദമല്ലെങ്കിലും ശ്രദ്ധാപൂര്‍വം നിരീക്ഷിക്കേണ്ട ഗണത്തിലാണ് ലോകാരോഗ്യ സംഘടന ഇതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചൈന ഉള്‍പ്പെടെയുള്ള ഏഷ്യയിലെ പലരാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നിലും ഈ വകഭേദങ്ങളാണ് എന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പും വിശദീകരിക്കുന്നു. എങ്കിലും പ്രായം കൂടിയവര്‍, നിയന്ത്രണമില്ലാത്ത പ്രമേഹം, അമിതരക്തസമ്മര്‍ദം, ആസ്ത്മ, സിഒപിഡി പോലുള്ള ദീര്‍ഘകാല ശ്വാസകോശരോഗങ്ങള്‍ എന്നിവയുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
ആരോഗ്യപാഠങ്ങള്‍ ഓര്‍ക്കുക
കോവിഡ് വൈറസ് പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല. തീവ്രത കുറഞ്ഞ വകഭേദങ്ങള്‍ നാട്ടിലൊക്കെയുണ്ട്. ഇടയ്‌ക്കൊക്കെ അവ തലപൊക്കാം. സാധാരണ ജലദോഷപ്പനിപോലെ വന്നുപോകാം. നിലവില്‍ കാണുന്ന മിക്ക കേസുകളും ലഘുവായി വന്നുപോകുന്നതാണ്. നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഭേദമാകും. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകുക, അനാവശ്യ ആസ്പത്രി സന്ദര്‍ശനങ്ങള്‍ വേണ്ടെന്നുവെക്കുക, കോവിഡ്‌കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ വൈദ്യസഹായം തേടുക എന്നിവയാണ് അടിസ്ഥാന രോഗപ്രതിരോധ കാര്യങ്ങള്‍.
ലക്ഷണങ്ങള്‍
ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റില്‍ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഏറിയും കുറഞ്ഞും കാണാം. മഴക്കാലത്ത് സാധാരണ ജലദോഷപ്പനികളിലും സമാനലക്ഷണങ്ങളുണ്ടാകാം. അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സയ്ക്ക് മുതിരാതെ വൈദ്യോപദേശം തേടണം.