ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള വാക്‌പോരില്‍ ഉയര്‍ന്നുവന്ന പേരാണ് എപ്സ്റ്റീന്‍ ഫയല്‍സ് (Epstein Files). യുഎസിലെ നിക്ഷേപ ബാങ്കറായ ജെഫ്രി എപ്സ്റ്റീന്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 2019ലാണ് അറസ്റ്റിലായത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനം മാത്രമല്ല, മനുഷ്യക്കടത്ത് ആരോപണങ്ങളും എപ്സ്റ്റീന്‍ നേരിട്ടിരുന്നു. ഈ കേസുകളില്‍ ആഗോള തലത്തില്‍ പ്രശസ്തരായ പല വ്യക്തികളുടെയും പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ട്രംപ് ഉള്‍പ്പെടെ പലരും എപ്സ്റ്റീനുമായി ആഴത്തില്‍ ബന്ധമുണ്ടെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേസ് വന്നതിനുപിന്നാലെ, അത്ര പരിചയമുള്ള ബന്ധം അല്ലെന്ന വിശദീകരണമാണ് ട്രംപ് നടത്തിയത്. ജയിലില്‍ കഴിയുന്നതിനിടെ എപ്സ്റ്റീന്‍ ജീവനൊടുക്കുകയും ചെയ്തു.
ആരാണ് ജെഫ്രി എപ്സ്റ്റീന്‍?
1953 ജനുവരി 20ന് ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ച എപ്സ്റ്റീന്‍ കരിയര്‍ തുടങ്ങിയത് ഡാല്‍റ്റന്‍ സ്‌കൂളിലെ അധ്യാപകനായാണ്. 1976ല്‍ ബാങ്കിങ് ഫിനാന്‍സ് സെക്ടറിലേക്കു കടന്നു. വൈകാതെ സ്വന്തം കമ്പനി സ്ഥാപിച്ചു. സമൂഹത്തിലെ ഉന്നതങ്ങളിലെ സ്വാധീനം മൂലം പല സ്ത്രീകളെയും കുട്ടികളെയും എപ്സ്റ്റീനും കൂട്ടാളികളും ലൈംഗികമായി പീഡിപ്പിച്ചു. 2005ല്‍ ഫ്‌ലോറിഡയിലെ പാം ബീച്ചിലാണ് എപ്സ്റ്റീനെതിരെ ആദ്യം കേസ് അന്വേഷണം നടത്തിയത്. പതിനാലുകാരിയായ പെണ്‍കുട്ടിയെ എപ്സ്റ്റീന്‍ പീഡിപ്പിച്ചുവെന്ന് ഒരു രക്ഷിതാവ് പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തില്‍ എപ്സ്റ്റീന്‍ 36 പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നു കണ്ടെത്തി. പതിനാലു വയസുകാര്‍ വരെ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. കുറ്റക്കാരനെന്നു കണ്ടെത്തി 2008ല്‍ ഫ്‌ലോറിഡ കോടതി എപ്സ്റ്റീനെ ശിക്ഷിച്ചു. വിവാദമായ ഒത്തുതീര്‍പ്പിലെത്തിയതിനാല്‍ (പ്ലിയ ഡീല്‍ – പ്രതി കുറ്റം സമ്മതിച്ചാല്‍ ഇളവു നല്‍കുന്ന രീതി) ഈ കേസില്‍ മാത്രമാണ് ശിക്ഷ ലഭിച്ചത്. 13 മാസങ്ങള്‍ക്കുശേഷം എപ്സ്റ്റീന്‍, ‘വര്‍ക് റിലീസി’ന്റെ (ജയിലില്‍നിന്ന് പുറത്തിറങ്ങി മറ്റെവിടെയെങ്കിലും ജോലി ചെയ്യാം. ജോലി സമയം അവസാനിക്കുമ്പോള്‍ തിരിച്ചെത്തിയാല്‍ മതി) ഭാഗമായി പുറത്തിറങ്ങി.
ഫ്‌ലോറിഡയിലേക്കും ന്യൂയോര്‍ക്കിലേക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികവൃത്തിക്കും മനുഷ്യക്കടത്തിനുമായി എത്തിച്ചെന്ന കേസില്‍ 2019 ജൂലൈ ആറിന് എപ്സ്റ്റീനെ വീണ്ടും അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 10ന് ഇയാള്‍ ജയിലില്‍ വച്ച് മരിച്ചു. തൂങ്ങിമരണമാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ പല പ്രമുഖരുടെയും പേര് പുറത്തുവരാതിരിക്കാന്‍ ഇയാളെ കൊന്നതാണെന്നുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നുമുണ്ട്. എന്നാല്‍ എപ്സ്റ്റീന്‍ ജയിലില്‍ ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമാക്കുന്ന വിഡിയോ തെളിവു ഉടന്‍ പുറത്തുവിടുമെന്ന് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ അടുത്തിടെ അറിയിച്ചിരുന്നു.
എന്താണ് എപ്സ്റ്റീന്‍ ഫയല്‍സ്?
ജെഫ്രി എപ്സ്റ്റീന്റെ മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണ രേഖകളുടെ സംഗ്രഹമാണ് എപ്സ്റ്റീന്‍ ഫയലുകള്‍. ആയിരക്കണക്കിന് പേജുകളുള്ള ഈ രേഖയില്‍, കേസിനെ സംബന്ധിച്ച വിവരങ്ങളും കോണ്‍ടാക്റ്റ് ബുക്കുകളും വിഡിയോ തെളിവുകളും ഉള്‍പ്പെടുന്നു. പല ഫയലുകളും ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടു തന്നെ അതില്‍ ആരെല്ലാം ഇനിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിനെ ചുറ്റിപറ്റി വലിയ രീതിയിലുള്ള ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. രേഖകള്‍ പരസ്യമാക്കുന്നതില്‍ തനിക്കു പ്രശ്‌നമില്ലെന്ന് ഒരിക്കല്‍ ട്രംപ് പറഞ്ഞിരുന്നു.
ട്രംപ് വൈറ്റ് ഹൗസില്‍ അധികാരമേറ്റതിനു പിന്നാലെ യുഎസ് നീതിന്യായ വകുപ്പ് കേസുമായി ബന്ധപ്പെട്ട ചില ഫയലുകള്‍ പുറത്തുവിട്ടിരുന്നു. ഇവയില്‍ ഭൂരിഭാഗവും മുന്‍പ് ചോര്‍ന്നതാണെങ്കിലും യുഎസ് സര്‍ക്കാര്‍ ഒരിക്കലും ഇത് ഔപചാരികമായി പുറത്തുവിട്ടിട്ടില്ല.
എപ്സ്റ്റീന്‍ ഫയലില്‍ എന്തെല്ലാം ഉണ്ടാകാം ?
കുട്ടികളെ ലൈംഗിക വൃത്തിക്ക് ഉപയോഗിച്ച ഉന്നതരുടെ പേരുവിവരങ്ങള്‍ അവരുടെ മറ്റു വിവരങ്ങള്‍ എന്നിവ
രാഷ്ട്രീയക്കാര്‍, ബിസിനസ് ഉടമകള്‍, സിനിമാക്കാര്‍ തുടങ്ങി പല പ്രമുഖരുടെയും പേരുകള്‍ ഉണ്ടായേക്കാം.
എപ്സ്റ്റീന്റെ ലിറ്റില്‍ സെന്റ് ജെയിംസ് ദ്വീപിലേക്ക് അതിഥികളെ എത്തിച്ചിരുന്നതായി പറയപ്പെടുന്ന ‘ലോലിറ്റ എക്‌സ്പ്രസ്’ വിമാനത്തിന്റെ വിശദാംശങ്ങളും പുറത്തുവന്നേക്കാം. ലിറ്റില്‍ സെന്റ് ജെയിംസ് ദ്വീപിലാണ് ബാലലൈംഗിക കുറ്റകൃത്യങ്ങള്‍ നടന്നതെന്നാണു പറയപ്പെടുന്നത്.
എപ്സ്റ്റീന്റെ ക്ലയന്റുകള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നവരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ടേക്കാം.
കേസിന്റെ വിചാരണയ്ക്കിടെ യുഎസ് കോടതി രേഖകളില്‍ നേരത്തെ പ്രസിദ്ധീകരിച്ച ചില പേരുകളില്‍ ബില്‍ ഗേറ്റ്‌സ്, ലിയോനാര്‍ഡി ഡികാപ്രിയോ, പ്രിന്‍സ് ആന്‍ഡ്രൂ, ഡേവിഡ് കോപ്പര്‍ഫീല്‍ഡ്, സ്റ്റീഫന്‍ ഹോക്കിങ്, ബില്‍ ക്ലിന്റണ്‍, ഹിലാരി ക്ലിന്റണ്‍, നവോമി കാംബെല്‍, മൈക്കല്‍ ജാക്‌സണ്‍ എന്നിവരും ഉള്‍പ്പെടുന്നു.