നിലമ്പൂര്‍: ജമാഅത്തെ ഇസ്ലാമി അയക്കുന്ന വക്കീല്‍ നോട്ടീസ് നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പഹല്‍ഗാം ആക്രമണത്തിനെതിരായ പ്രതിഷേധത്തില്‍ നിന്ന് ഒഴിഞ്ഞുനിന്ന ഒരേ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയാണെന്നും അത് ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. യുഡിഎഫ് – ജമാഅത്തെ ഇസ്ലാമി ബന്ധത്തില്‍ പ്രിയങ്ക ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമ്മു കാശ്മീരിലെ പഹല്‍ഗാം ആക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്ന ഗോവിന്ദന്റെ പ്രസ്താവനക്കെതിരെയാണ് ജമാഅത്തെ ഇസ്ലാമി അപകീര്‍ത്തി നോട്ടീസ് നല്‍കിയത്. വ്യാജ പ്രസ്താവന തിരുത്തി പരസ്യമായി മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് അഡ്വ. അമീന്‍ ഹസന്‍ മുഖേന അയച്ച നോട്ടീസിലെ ആവശ്യം.
അതേസമയം, ഉപതിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതില്‍ സിപിഎം ഇടപെടില്ലെന്ന് ഗോവിന്ദന്‍ നേരത്തെ അറിയിച്ചിരുന്നു. ജോലി ചെയ്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ഷാഫിയുടെയും രാഹുലിന്റെയും നടപടി താന്തോന്നിത്തമാണെന്ന് എംവി ഗോവിന്ദന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വാഹനപരിശോധന തങ്ങളെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് നേതാക്കള്‍ ആരോപിച്ചപ്പോള്‍, ഇതൊരു സാധാരണ തിരഞ്ഞെടുപ്പ് നടപടിക്രമമാണെന്ന് സിപിഎം നേതാക്കള്‍ വാദിച്ചു.