അടുത്തിടെയാണ് വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കറി’ലൂടെ മലയാളി താരം ദുല്‍ഖര്‍ സല്‍മാന്‍ തെലങ്കാന സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ആണ് ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ നേടിയെടുത്തത്. ഗദ്ദര്‍ അവാര്‍ഡ് എന്ന പേരില്‍ നല്‍കപ്പെടുന്ന തെലങ്കാന സംസ്ഥാന അവാര്‍ഡുകള്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രഖ്യാപിച്ചത്. 2024-ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങള്‍ക്കായുള്ള പുരസ്‌കാരങ്ങളില്‍ നാലെണ്ണമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘ലക്കി ഭാസ്‌ക്കര്‍’ സ്വന്തമാക്കിയത്. ഇപ്പോഴിതാ പുരസ്‌കാരദാന ചടങ്ങിന് ശേഷം, പുരസ്‌കാര നേട്ടത്തില്‍ നന്ദി പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍. അവാര്‍ഡ് ദാന ചടങ്ങില്‍ ദുല്‍ഖറിന് പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും, തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താരം അവാര്‍ഡ് സ്വന്തമാക്കിയതിലുള്ള സന്തോഷവും നന്ദിയും അഭിമാനവും രേഖപ്പെടുത്തിയത്.
തെലുങ്ക് സിനിമയിലെ തന്റെ യാത്ര അസാധാരണമാണെന്നും, കാലാതീതമായ കഥകള്‍ പറയുന്ന ഏറ്റവും അത്ഭുതകരമായ ടീമുകളെ തെലുങ്ക് സിനിമയില്‍നിന്ന് കണ്ടെത്താന്‍ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ കുറിച്ചു. മികച്ച വേഷങ്ങള്‍ ലഭിക്കാനുള്ള ഭാഗ്യം ലഭിച്ചതിനൊപ്പം താന്‍ ഭാഗമായ ഓരോ സിനിമയും അംഗീകരിക്കപ്പെടുന്നത് കാണുന്നതും, മിക്കവാറും എല്ലാ ചിത്രങ്ങളും അവ റിലീസ് ചെയ്ത വര്‍ഷങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടുന്നതും തനിക്ക് വാക്കുകളില്‍ വിവരിക്കാന്‍ കഴിയാത്ത ഒരു വികാരമാണ് സമ്മാനിക്കുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു.
‘തെലങ്കാന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ജൂറിക്കും സഹനടന്മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ഓരോ സിനിമയിലെയും ക്രൂവിനും ലോകമെമ്പാടുമുള്ള തെലുങ്ക് പ്രേക്ഷകര്‍ക്കും ദുല്‍ഖര്‍ തന്റെ നന്ദി രേഖപ്പെടുത്തി. നിര്‍ഭാഗ്യവശാല്‍ തനിക്ക് പുരസ്‌കാരദാന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും അത് വലിയ നഷ്ടമാണെന്നും ദുല്‍ഖര്‍ വിശദീകരിച്ചു. മികച്ച നടനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ദുല്‍ഖര്‍ നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റര്‍, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‌കാരങ്ങളാണ് ലക്കി ഭാസ്‌കറിനെ തേടിയെത്തിയത്. മലയാള സിനിമയിലെ ഒരു നടന് അന്യഭാഷയില്‍ ലഭിച്ച ഈ വമ്പന്‍ അംഗീകാരത്തിലൂടെ മലയാള സിനിമയുടെ തന്നെ അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.