പ്രഖ്യാപന നാള്‍ മുതലേ സിനിമാ ആസ്വാദകരും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര: ചാപ്റ്റര്‍ 1. ആദ്യഭാഗത്തിന് ലഭിച്ച സ്വീകാര്യതയാണ് രണ്ടാം ഭാഗമെടുക്കാന്‍ അണിയറപ്രവര്‍ത്തകരേയും പ്രേരിപ്പിച്ചത്. എന്നാല്‍ ചിത്രീകരണം തുടങ്ങിയനാള്‍ മുതല്‍ ദുരന്തങ്ങളും വിവാദങ്ങളും വിട്ടൊഴിയാതെ പിന്തുടരുകയാണ് ചിത്രത്തെ. കഴിഞ്ഞദിവസമുണ്ടായ ബോട്ടപകടമായിരുന്നു ഇതില്‍ ഏറ്റവും ഒടുവിലത്തേത്.
സിനിമാ ചിത്രീകരണത്തിനിടെ വെല്ലുവിളികളും അപകടങ്ങളും ഉണ്ടാവുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ തുടരെത്തുടരെ അപകടങ്ങളും അപകട മരണങ്ങളും കാന്താരയുടെ സെറ്റില്‍ നടക്കുന്നത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ നടക്കുന്ന അഞ്ചാമത്തെ അശുഭസംഭവമാണ് കഴിഞ്ഞദിവസമുണ്ടായ ബോട്ടുമറിയല്‍. ബോട്ടിലുണ്ടായിരുന്ന നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 അണിയറ പ്രവര്‍ത്തകരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ശിവമോഗ ജില്ലയിലെ മസ്തികട്ടേ മേഖലയിലെ മണി ജലസംഭരണിയില്‍ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. മെലിന കൊപ്പ എന്ന പ്രദേശത്തിനടുത്തുള്ള ആഴംകുറഞ്ഞ ഭാഗത്തായിരുന്നു ബോട്ട് മറിഞ്ഞത്. ആഴം കുറവായതിനാലാണ് വന്‍ അത്യാഹിതം ഒഴിവായത്. ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും വെള്ളത്തില്‍ മുങ്ങിപ്പോയി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
സിനിമയില്‍ പ്രധാനവേഷം അവതരിപ്പിക്കുന്ന രാകേഷ് പൂജാരി ഹൃദയാഘാതംമൂലം മരിച്ചിരുന്നു. ഇതേസിനിമയില്‍ മറ്റൊരുവേഷം അവതരിപ്പിക്കേണ്ട മലയാളി തെയ്യം കലാകാരന്‍ എം.എഫ്. കപില്‍ മുങ്ങിമരിക്കുകയായിരുന്നു. മറ്റൊരു മലയാളിതാരമായ വി.കെ. നിജു ഹൃദയാഘാതത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണ് മരിച്ചത്. അതിനുംമുന്‍പ് ചിത്രത്തിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 20-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.
ഇത്തരം അപകടങ്ങള്‍ക്ക് മുന്നേതന്നെ ചിത്രം വിവാദത്തില്‍ അകപ്പെട്ടിരുന്നു. കര്‍ണാടകയിലെ ഹേരൂരു ഗ്രാമത്തിനോട് ചേര്‍ന്നുള്ള ഗവിഗുഡ്ഡ കാട്ടില്‍ സിനിമയുടെ ചിത്രീകരണം നടത്തിയിരുന്നു. സിനിമാ ചിത്രീകരണം കാരണം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നു എന്ന് പരിസരവാസികള്‍ അന്ന് പരാതിയുമായി രംഗത്തെത്തി. ഗ്രാമത്തില്‍ മാത്രം ചിത്രീകരിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളതെങ്കിലും കാടിനകത്ത് കയറിയാണ് സിനിമ ചിത്രീകരിക്കുന്നതെന്നും പരിസരവാസികള്‍ പരാതിപ്പെട്ടു.
നിരവധി വന്യജീവികളുടെ ആവാസസ്ഥലമായ ഗവിഗുഡ്ഡ കാടുകളില്‍ സ്‌ഫോടനദൃശ്യങ്ങളടക്കമാണ് ചിത്രീകരിക്കുന്നതെന്നും പരാതി ഉയര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വിവിധ കന്നഡ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. വനത്തിനുള്ളില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് സിനിമാ സംഘത്തെ കാണാന്‍പോയ നാട്ടുകാരില്‍പ്പെട്ട ഹരീഷ് എന്ന യുവാവിനെ ഷൂട്ടിങ് സംഘം മര്‍ദിച്ചതായും പരാതി ഉയര്‍ന്നു. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണവും തുടങ്ങിയിരുന്നു.
സിനിമ ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. സെറ്റില്‍ തുടര്‍ച്ചയായ അപകടങ്ങളും മരണങ്ങളും നടക്കുന്നതിനാല്‍ പറഞ്ഞ തീയതിയില്‍ത്തന്നെ ചിത്രം എത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.