നിലമ്പൂര്‍: രാഷ്ട്രീയകേരളം ഒന്നിച്ചൊന്നായ് തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിന് നിലമ്പൂരിനെ ഇളക്കിമറിച്ചുള്ള കൊട്ടിക്കലാശത്തോടെ തിരശ്ശീലവീണു. ഇനി നാളത്തെ ഒരുദിനം അടിയൊഴുക്കുകളുടെ കളമൊരുക്കലും കൂട്ടിക്കിഴിക്കലിന്റെയും നിശ്ശബ്ദപ്രചാരണം. വ്യാഴാഴ്ച നിലമ്പൂര്‍ ജനത വിധിയെഴുതും. 23-ന് ഉദ്വേഗത്തിന്റെ പെട്ടിതുറക്കുന്ന വോട്ടെണ്ണലും.
വലിയ ആത്മവിശ്വാസത്തോടെയാണ് അവസാനലാപ്പിലും മുന്നണികള്‍. വര്‍ണാഭമായ കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്. ഇടയ്ക്ക് മഴ പെയ്തെങ്കിലും അതെല്ലാം അവഗണിച്ച് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം കൊട്ടിക്കലാശത്തില്‍ കാണാനായി. പ്രവര്‍ത്തകരോടൊപ്പം ചുവടുവെച്ച് നേതാക്കള്‍ ആവേശം പകര്‍ന്നു. മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരും കൊട്ടിക്കലാശത്തില്‍ പങ്കാളികളായി. സംസ്ഥാന നേതാക്കളും മന്ത്രിമാരും എംഎല്‍എമാരും അടക്കം കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.
ആറുമണിയോടെ പരസ്യപ്രചാരണം അവസാനിച്ചു. ആറുമണിക്ക് ശേഷം പുറത്തുനിന്നെത്തിയ രാഷ്ട്രീയപ്രവര്‍ത്തകര്‍ മണ്ഡലം വിട്ടുപോകണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ കൊട്ടിക്കലാശത്തിനില്ലായിരുന്നു. ‘എന്റെ പണി ഏകദേശം കഴിഞ്ഞു. ഏത് കൊടുങ്കാറ്റ് വന്നാലും വോട്ടര്‍മാരെ ബൂത്തുകളിലേക്കെത്തിക്കാന്‍ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്’ അന്‍വര്‍ പറഞ്ഞു. നിലമ്പൂരിലും എടക്കരയിലുമായിരുന്നു മുന്നണികളുടെ പ്രധാന കൊട്ടിക്കലാശങ്ങള്‍.
നിലമ്പൂരില്‍ സിഎന്‍ജി റോഡില്‍ നിലമ്പൂര്‍ മില്‍മ ബൂത്ത് മുതല്‍ ഹോസ്പിറ്റല്‍ റോഡ് ജങ്ഷന്‍ വരെയായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കൊട്ടിക്കലാശം നടത്താന്‍ അനുമതിയുണ്ടായിരുന്നത്. എല്‍ഡിഎഫ് മഹാറാണി ജങ്ഷന്‍ മുതല്‍ നിലമ്പൂര്‍ സ്റ്റേഷന്‍പടി വരെയും എന്‍ഡിഎ ഹോസ്പിറ്റല്‍ റോഡ് ജങ്ഷന്‍ മുതല്‍ സഫ ഗോള്‍ഡ് ജൂവലറി വരെയും പ്രവര്‍ത്തകരെ അണിനിരത്തി.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന സെമിഫൈനല്‍ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നണികള്‍ കണ്ടത്. 21 നാള്‍ നീണ്ട പ്രചാരണം മുന്നണികളുടെ ബലപരീക്ഷണത്തിനുവേദിയായി. മുഴുവന്‍ സംവിധാനങ്ങളെയും നിലമ്പൂരിലേക്ക് കേന്ദ്രീകരിച്ചുകൊണ്ടാണ് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തിയത്. ഇരുമുന്നണികള്‍ക്കും ലഭിച്ച പിന്തുണയെച്ചൊല്ലിയുള്ള തര്‍ക്കം, നിലമ്പൂരിനെ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു.
മേയ് 25-നാണ് തിരഞ്ഞെടുപ്പുകമ്മിഷന്‍ ഉപതിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്. തര്‍ക്കങ്ങളും അസ്വാരസ്യങ്ങളുമുണ്ടായിരുന്നെങ്കിലും പിറ്റേന്നുതന്നെ യുഡിഎഫ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. അതിനുമുന്‍പേ അദ്ദേഹം പ്രചാരണം തുടങ്ങിയിരുന്നു. അപ്പോഴും സിപിഎം സ്ഥാനാര്‍ഥിപ്പട്ടിക മൂന്നുപേരില്‍ക്കിടന്ന് കറങ്ങി. 30-ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് എം. സ്വരാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയോടെ സംഘാടകനായി പ്രവര്‍ത്തിച്ച നേതാവിനെ സ്ഥാനാര്‍ഥിയാക്കിയത് തന്ത്രപരമായ നീക്കമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് നിര്‍ണായകമായത്.
അതോടെ നിലമ്പൂരിലെ രാഷ്ട്രീയാന്തരീക്ഷം പാടേ മാറിമറിഞ്ഞു. മത്സരം കടുക്കുമെന്നുറപ്പായി. മത്സരിക്കുന്നില്ലെന്നറിയിച്ച പി.വി. അന്‍വര്‍ യുഡിഎഫുമായുള്ള സമവായചര്‍ച്ച പൊളിഞ്ഞതിനെത്തുടര്‍ന്ന് ജൂണ്‍ ഒന്നിന് പത്രികനല്‍കി. അതോടെ നിലമ്പൂര്‍ ആവേശത്തിലായി. മടിച്ചുനിന്ന ബിജെപിയുടെ സ്ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസ്സില്‍നിന്നുള്ള അഡ്വ. മോഹന്‍ ജോര്‍ജ് കൂടി വന്നതോടെ ബിജെപിയും അരയുംതലയും മുറുക്കിയിറങ്ങി.
പ്രധാന പോരാട്ടം ആര്യാടന്‍ ഷൗക്കത്തും സ്വരാജും തമ്മില്‍ത്തന്നെയാണെന്ന് വൈകാതെ വ്യക്തമായി. ആര്യാടന്റെ തട്ടകം തിരിച്ചുപിടിക്കുക എന്ന വാശി യുഡിഎഫിനും സീറ്റ് നിലനിര്‍ത്തുകയെന്ന വെല്ലുവിളി എല്‍ഡിഎഫിനും വീര്യമേകി. കുറഞ്ഞ സമയത്തിനുള്ളില്‍ മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തുക എന്ന പ്രതിസന്ധിയായിരുന്നു സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും തരണം ചെയ്യാനുണ്ടായിരുന്നത്.
സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും നിലമ്പൂരിലെത്തി ക്യാമ്പ്‌ചെയ്തു. നിലമ്പൂരിലും പരിസരപ്രദേശങ്ങളിലും താമസിക്കാന്‍ മുറികള്‍ കിട്ടാതായി. മുഖ്യമന്ത്രി രണ്ടുഘട്ടമായി മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും പൊതുസമ്മേളനങ്ങളില്‍ പ്രസംഗിച്ചു. മന്ത്രിമാരും എംഎല്‍എമാരുമെല്ലാം മണ്ഡലത്തിലെ ഓരോ വീടും കയറിയിറങ്ങി.
പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ നല്‍കിയ പത്രിക തള്ളിപ്പോയിരുന്നു. പത്തുപേരുടെ ഒപ്പിനു പകരം എട്ടുപേരുടെ ഒപ്പുമാത്രമിട്ട പത്രിക നല്‍കിയതായിരുന്നു കാരണം. ഇത് മനഃപൂര്‍വമാണെന്ന് ആരോപണമുയര്‍ന്നു. പിന്നീട് അദ്ദേഹം സ്വതന്ത്രസ്ഥാനാര്‍ഥിയായി. അതിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാത്രി പി.വി. അന്‍വറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത് വിവാദത്തിന് എരിവുപകര്‍ന്നു.
പത്താംക്ലാസുകാരന്‍ അനന്തുവിന്റെ ദാരുണമായ മരണവും ചര്‍ച്ചാവിഷയമായി. പന്നിക്കുവെച്ച കെണിയില്‍നിന്ന് ഷോക്കാറ്റുള്ള മരണം വീണ്ടും മലയോരകര്‍ഷകരുടെ ദുരിതത്തെച്ചൊല്ലി മുന്നണികള്‍ തമ്മില്‍ പോരിനിടയാക്കി.
അതുകഴിഞ്ഞപ്പോഴാണ് ജമാഅത്തെ ഇസ്ലാമി യുഡിഎഫിനും പിഡിപി എല്‍ഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചത്. അത് അടുത്ത വാക്‌പോരിന് വഴിതെളിച്ചു. ആരാണ് കൂടുതല്‍ വര്‍ഗീയപ്പാര്‍ട്ടി എന്നതിലായിരുന്നു ചര്‍ച്ച.