തിരുവനന്തപുരം: സിപിഎമ്മുമായുള്ള ആര്‍എസ്എസ് സഹകരണം ശരിവെച്ച് ബിജെപി സംസ്ഥാന മുന്‍അധ്യക്ഷന്‍ കെ. രാമന്‍പിള്ള. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ശരിയാണെന്ന് കെ. രാമന്‍പിള്ള പറഞ്ഞു. സിപിഎമ്മിന് വോട്ടുചെയ്യാന്‍ നേതൃത്വം തീരുമാനിച്ചിരുന്നതായും അത്തരത്തിലൊരു ആഹ്വാനം വന്നതായും അദ്ദേഹം വ്യക്തമാക്കി. അതിനുമുന്‍പ് മറ്റൊരു രാഷ്ട്രീയകക്ഷിയ്ക്ക് വോട്ടുചെയ്യണമെന്നുപോലും നിര്‍ദേശം കൊടുത്തിട്ടുള്ളതായി തന്റെ ഓര്‍മ്മയിലില്ലെന്നും കെ. രാമന്‍പിള്ള കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മിനെ പിന്തുണയ്ക്കാനുള്ള ആര്‍എസ്എസ് തീരുമാനം വളരെ സന്തോഷത്തോടെയാണ് സിപിഎം സ്വീകരിച്ചതെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
1977 ലെ ആ നിലപാടിനുശേഷം പിന്നീടൊരിക്കലും സിപിഎമ്മുമായി സഹകരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏഴെട്ടുമാസത്തിനുശേഷം കണ്ണൂര്‍ ജില്ലയിലും കാസര്‍കോട് ജില്ലയിലും സംഘര്‍ഷവും സംഘട്ടനവും ഉണ്ടായതോടെ സിപിഎമ്മുമായി അകന്നതായും രാമന്‍പിള്ള കൂട്ടിച്ചേര്‍ത്തു. തലശ്ശേരി ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ നായനാരുള്‍പ്പെടെയുള്ള നേതാക്കള്‍ ആര്‍എസ് എസുമായി സഹകരിക്കേണ്ടെന്നും അവരുടെ വോട്ടുവേണ്ടെന്നുമുള്ള നിലപാട് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസുമായി സഹകരിച്ചുവെന്ന എം.വി. ഗോവിന്ദന്റെ പരാമര്‍ശം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയിരുന്നു. 50 വര്‍ഷം മുന്‍പ് കഴിഞ്ഞ രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയാന്‍ സിപിഐയില്ല. എന്ത് കാര്യം എപ്പോള്‍ പറയണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തതയുണ്ടെന്നും ഭൂരിപക്ഷ വര്‍ഗീയതയുടെ മുഖമായ ആര്‍എസ്എസുമായി ഒരു ബന്ധവുമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സ്വന്തം വര്‍ത്തമാനം അപഹാസ്യമാണെന്ന് ബോധ്യമുള്ളവര്‍ക്കാണ് 50 വര്‍ഷം പഴയ രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയേണ്ട അവസ്ഥയുള്ളത്. വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ 50 വര്‍ഷം പഴയ രാഷ്ട്രീയം പറഞ്ഞു കൊണ്ട് ചുറ്റിത്തിരിയാന്‍ സിപിഐയില്ല. എല്‍ഡിഎഫ് ആ വഴിക്ക് പോകാന്‍ പാടില്ല. ഭൂരിപക്ഷ വര്‍ഗീയതയുടെ മുഖമായ ആര്‍എസ്എസിനോടും ന്യൂനപക്ഷ വര്‍ഗീയതയുടെ മുഖമായ ജമഅത്തെ ഇസ്ലാമിയോടും എല്‍ഡിഎഫിന് യാതൊരുവിധ സഖ്യവുമില്ല. അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വി എ അരുണ്‍ കുമാറിന്റെ നിയമനം: സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി : ഐഎച്ച്ആര്‍ഡി തത്കാലിക ഡയറക്ടര്‍ പദവിയില്‍ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്…