വാഷിങ്ടണ്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ പ്രസ്താവനയെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആദ്യം റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്‌നം തീര്‍ത്തതിനുശേഷം പുറത്തുള്ളവരെക്കുറിച്ച് ആശങ്കപ്പെട്ടാല്‍ മതിയെന്ന് ട്രംപ് പ്രതികരിച്ചു.താന്‍ പുതിനുമായി സംസാരിച്ച കാര്യം ട്രംപ് മാധ്യമങ്ങളുമായി പങ്കുവെച്ചു. ‘ഞാന്‍ കഴിഞ്ഞദിവസം പുതിനുമായി സംസാരിച്ചു. മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അദ്ദേഹം എന്നെ അറിയിച്ചു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഒരുപകാരം ചെയ്യണം, നിങ്ങളുടെ പ്രശ്നത്തില്‍ ആദ്യം മധ്യസ്ഥത വഹിക്കൂ. ഇതിനെ കുറിച്ച് പിന്നീട് ആശങ്കപ്പെടാം’, റഷ്യ-യുക്രൈന്‍ യുദ്ധം പരോക്ഷമായി പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു.
റഷ്യയും യുക്രൈനുമായുള്ള യുദ്ധത്തില്‍ ഒരുപാട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും അവിടെ സമാധാനം കൊണ്ടുവരാന്‍ അമേരിക്ക ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ട്രംപ് പറഞ്ഞു. യുക്രൈന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്‌കി തന്റെ നാറ്റോ സ്വപ്നം ഉപേക്ഷിക്കാത്തതും റഷ്യ കീവിന് നേരെ വെടിവെക്കല്‍ തുടരുന്നതുമാണ് സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം എന്നും ട്രംപ് കുറ്റപ്പെടുത്തി.’എല്ലാം കണക്ക് കൂട്ടി ചെയ്യുന്ന ഒരു ബിസിനസ്സുകാരനാണ് ട്രംപ്’ എന്നും റഷ്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ അമേരിക്ക നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപുമായി സംസാരിച്ച ശേഷം പുതിന്‍ പറഞ്ഞു.ബുധനാഴ്ച്ച അന്താരാഷട്ര വാര്‍ത്താ ഏജന്‍സികളുമായി സംസാരിക്കുമ്പോഴാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കുള്ള റഷ്യയുടെ സന്നദ്ധത പുതിന്‍ അറിയിച്ചത്. ടെഹറാനില്‍ സമാധാനപരമായ ആണവപദ്ധതി പിന്തുടരുന്നതിനായി ഇടപെടാനുള്ള താല്‍പര്യം റഷ്യ അറിയിച്ചു. തങ്ങളുടെ നിര്‍ദേശം ഇസ്രായേല്‍, ഇറാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുമായി ഇക്കാര്യം പങ്കുവെച്ചതായും റഷ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

14-07-2025