നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചു. അഞ്ച് മണിവരെ 70.76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗ് ആറ് മണിയോടെയാണ് അവസാനിച്ചത്. കനത്ത മഴയിലും ആവേശത്തോടെയാണ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത്. പൊതുവേ സമാധാനപരമായ രീതിയിലാണ് വോട്ടെടുപ്പ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലമ്പൂരിലെ ആദിവാസി മേഖലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.
വോട്ടെടുപ്പ് ആരംഭിച്ചതുമുതല്‍ മികച്ച ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക തോന്നിയിട്ടില്ലെന്നും നാട് പകര്‍ന്ന് നല്‍കിയ ആത്മവിശ്വാസം ശക്തമായുണ്ടെന്നുമാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജ് പ്രതികരിച്ചത്. വലിയ ഭൂരിപക്ഷം മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. മണ്ഡലം തിരിച്ച് പിടിക്കും. യുഡിഎഫിന് തൊട്ടുപിന്നില്‍ വരുന്ന സ്ഥാനാര്‍ത്ഥി എല്‍ഡിഎഫായിരിക്കും. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.
വോട്ടെടുപ്പിനിടെ നിലമ്പൂരില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലങ്ങോട് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സജ്ജീകരിച്ച 127, 128 ,129 ബൂത്തുകളിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. കുറമ്പലങ്ങോട് മണ്ഡലത്തിന് പുറത്ത് നിന്നുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്നായിരുന്നു യുഡിഎഫ് ആക്ഷേപം. യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതിയില്‍ രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണ്ഡലത്തിന് പുറത്തു നിന്നും എത്തിയ സിപിഎം പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.
പ്രമുഖ സ്ഥാനാര്‍ത്ഥികളടക്കം പത്തുപേരാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഹോംവോട്ടിംഗ് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16ന് പൂര്‍ത്തിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. 23നാണ് വോട്ടെണ്ണല്‍.
ആകെ 2,32,384 വോട്ടര്‍മാരാണ് നിലമ്പൂരില്‍ ഉള്ളത്. പുരുഷ വോട്ടര്‍മാര്‍ 1,13,613. വനിതാ വോട്ടര്‍മാര്‍ 1,18,760, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ എട്ട്, ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. പ്രവാസി വോട്ടര്‍മാര്‍ 373, സര്‍വീസ് വോട്ടര്‍മാര്‍ 324. സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര സേനയെയും ബൂത്തുകളില്‍ സജീകരിച്ചിരുന്നു.
ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഏഴു മേഖലകളിലായി 11 പ്രശ്‌ന സാദ്ധ്യതാ ബൂത്തുകളുണ്ടായിരുന്നു. വനത്തിലുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനമൊരുക്കിയിരുന്നു.
പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം
കൊച്ചി: പെട്രോള്‍ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്ക…