ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എക്കാലത്തെയും ഉയര്‍ന്ന നേട്ടം കൈവരിച്ച് ഇന്ത്യ. 2026 ലെ പട്ടികയില്‍ 54 സ്ഥാപനങ്ങളാണ് ഇടം നേടിയത് – 2025 ല്‍ ഇത് 46 ഉം 2024 ല്‍ 45 ഉം ആയിരുന്നു. ഇതോടെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ചൈന എന്നിവയ്ക്ക് പിന്നില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധീകരിക്കപ്പെടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
ഈ വര്‍ഷം എട്ട് ഇന്ത്യന്‍ സര്‍വകലാശാലകള്‍ പുതുതായി റാങ്കിങ്ങില്‍ പ്രവേശിച്ചു. ഇത് ഏതൊരു രാജ്യത്തെയും അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. കഴിഞ്ഞ ദശകത്തില്‍ പ്രാതിനിധ്യത്തില്‍ 390% വര്‍ദ്ധനവ് രേഖപ്പെടുത്തിയ QS റാങ്കിങ്ങില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന G20 രാജ്യമായി ഇന്ത്യയുടെ സ്ഥാനം ഇത് ഊട്ടിയുറപ്പിക്കുന്നു.
ഇന്ത്യന്‍ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഐഐടി ഡല്‍ഹി മുന്നില്‍
ഇന്ത്യന്‍ സ്ഥാപനങ്ങളുടെ നിരയില്‍ മുന്നിട്ടുനില്‍ക്കുന്നത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡല്‍ഹിയാണ്. ഇത് ആഗോളതലത്തില്‍ 123-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. യുഎസ്എയിലെ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയോടൊപ്പം സംയുക്തമായാണ് ഈ റാങ്ക്. 2024-ല്‍ 197-ാം സ്ഥാനത്തും 2025-ല്‍ 150-ാം സ്ഥാനത്തും ആയിരുന്ന ഐഐടി ഡല്‍ഹിയുടെ എക്കാലത്തെയും ഉയര്‍ന്ന റാങ്കാണിത്. എംപ്ലോയര്‍ റെപ്യൂട്ടേഷന്‍ (ആഗോളതലത്തില്‍ 50-ാം സ്ഥാനം), ഫാക്കല്‍റ്റിക്ക് ലഭിച്ച സൈറ്റേഷനുകള്‍ (86ാം സ്ഥാനം), അക്കാദമിക് റെപ്യൂട്ടേഷന്‍ (142ാം സ്ഥാനം) എന്നിവയില്‍ ഐഐടി ഡല്‍ഹി മികച്ച പ്രകടനം കാഴ്ചവെച്ചു.
ഐഐടി ബോംബെ കഴിഞ്ഞ വര്‍ഷത്തെ എക്കാലത്തെയും ഉയര്‍ന്ന റാങ്കായ 118-ല്‍ നിന്ന് താഴെയെത്തിയെങ്കിലും ആഗോള തലത്തില്‍ ആദ്യ 130-ല്‍ തുടരുന്നു. മൊത്തത്തില്‍ 129-ാം സ്ഥാനത്താണ് ഐഐടി ബോംബെ. എംപ്ലോയര്‍ റെപ്യൂട്ടേഷന്‍ റാങ്കിങ്ങില്‍ ലോകമെമ്പാടും 39-ാം സ്ഥാനം നിലനിര്‍ത്തുന്നു. അതേസമയം, ഐഐടി മദ്രാസ് 47 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 180-ാം സ്ഥാനത്തെത്തി.
ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് 2026-ലെ മികച്ച 10 ഇന്ത്യന്‍ സ്ഥാപനങ്ങള്‍
1. ഐഐടി ഡല്‍ഹി – റാങ്ക് 123
2. ഐഐടി ബോംബെ – റാങ്ക് 129
3. ഐഐടി മദ്രാസ് – റാങ്ക് 180
4. ഐഐടി ഖരഗ്പൂര്‍ – റാങ്ക് 215
5. ഐഐഎസ്സി ബാംഗ്ലൂര്‍ – റാങ്ക് 219
6. ഐഐടി കാണ്‍പൂര്‍ – റാങ്ക് 222
7. ഡല്‍ഹി യൂണിവേഴ്സിറ്റി – റാങ്ക് 328
8. ഐഐടി ഗുവാഹത്തി – റാങ്ക് 334
9. ഐഐടി റൂര്‍ക്കി – റാങ്ക് 339
10. അണ്ണാ യൂണിവേഴ്സിറ്റി – റാങ്ക് 465
ഐഐടികളല്ലാത്ത സ്ഥാപനങ്ങളും മുന്നേറ്റം നടത്തുന്നു
ഐഐടികളല്ലാത്ത സ്ഥാപനങ്ങളില്‍, ഡല്‍ഹി യൂണിവേഴ്സിറ്റി 328-ാം സ്ഥാനത്തെത്തി, തമിഴ്നാട്ടില്‍ നിന്നുള്ള അണ്ണാ യൂണിവേഴ്സിറ്റി 465-ാം സ്ഥാനത്തോടെ ആഗോള തലത്തില്‍ ആദ്യ 500-ല്‍ ഇടം നേടി.
റാങ്ക് നേടിയ ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ ഏകദേശം പകുതിയോളം (48%) ഈ വര്‍ഷം തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തി. അഞ്ച് ഇന്ത്യന്‍ സര്‍വകലാശാലകള്‍ എംപ്ലോയര്‍ റെപ്യൂട്ടേഷനില്‍ ആഗോള തലത്തില്‍ ആദ്യ 100-ല്‍ ഇടം നേടി.