ബര്‍മിങ്ങാം: നായകന്‍ ശുഭ്മാന്‍ ഗില്‍ മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ഒന്നാം ഇന്നിങ്സ് സ്‌കോര്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 587 റണ്‍സിന് പുറത്തായി. തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍(269) ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായി. ഗില്ലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ടീമിനെ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. യശസ്വി ജയ്‌സ്വാളും(87) ജഡേജയും(89) അര്‍ധസെഞ്ചുറി തികച്ചു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 25-റണ്‍സിനിടെ ടീമിന് മൂന്നുവിക്കറ്റ് നഷ്ടമായി. സാക് ക്രോളി (19), ബെന്‍ ഡക്കറ്റ്(0), ഒല്ലി പോപ്(0) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബെന്‍ ഡക്കറ്റിനെയും ഒല്ലി പോപ്പിനെയും ആകാശ് ദീപ് പുറത്താക്കിയപ്പോള്‍ സാക് ക്രോളിയെ മുഹമ്മദ് സിറാജ് കൂടാരം കയറ്റി. നിലവില്‍ 65-3 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജോ റൂട്ടും(16) ഹാരി ബ്രൂക്കുമാണ് (21) ക്രീസില്‍.അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് എന്ന നിലയിലാണ് രണ്ടാംദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ശുഭ്മാന്‍ ഗില്ലും രവീന്ദ്ര ജഡേജയും ശ്രദ്ധയോടെയാണ് ഇംഗ്ലീഷ് ബൗളര്‍മാരെ നേരിട്ടത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ മാറി മാറിയെറിഞ്ഞെങ്കിലും ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച് നിന്നു. പിന്നാലെ ജഡേജ അര്‍ധസെഞ്ചുറി തികച്ചു. മറുവശത്ത് ഗില്ലും അടിയുറച്ചുനിന്നതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചു. 150-റണ്‍സും ഇന്ത്യന്‍ നായകന്‍ നേടി. വിക്കറ്റെടുക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാരുടെ ആവുന്നത്രശ്രമിച്ചിട്ടും ജഡേജയും ഗില്ലും വിട്ടുകൊടുത്തില്ല. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 400-കടത്തി.ഒടുക്കം ജഡേജയുടെ വിക്കറ്റെടുത്ത് ജോഷ് ടങ്കാണ് കൂട്ടുകെട്ട് പൊളിച്ചത്. 203 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ആറാം വിക്കറ്റില്‍ ഗില്ലും ജഡേജയും സ്വന്തമാക്കിയത്. 89 റണ്‍സാണ് ജഡേജയുടെ സമ്പാദ്യം. പിന്നാലെ വാഷിങ്ടണ്‍ സുന്ദറിനെ ഒരുവശത്തുനിര്‍ത്തി ഗില്‍ ടീം സ്‌കോര്‍ ഉയര്‍ത്തി. പിന്നാലെ ടീം സ്‌കോര്‍ 450-കടന്നു. തൊട്ടുപിന്നാലെ നായകന്റെ ഇരട്ടസെഞ്ചുറിയുമെത്തി. വാഷിങ്ടണ്‍ സുന്ദറുമൊത്തും കൂട്ടുകെട്ടുണ്ടാക്കിയ ഗില്‍ ടീമിനെ 550-കടത്തി. പിന്നാലെ 42 റണ്‍സെടുത്ത് സുന്ദര്‍ പുറത്തായി. ടീം സ്‌കോര്‍ 574-ല്‍ നില്‍ക്കേ ഇന്ത്യന്‍ നായകനും പുറത്തായി. 30 ഫോറുകളും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ആകാശ് ദീപ്(6), മുഹമ്മദ് സിറാജ്(8) എന്നിവുരും പുറത്തായതോടെ ഇന്ത്യന്‍ ഇന്നിങ്സ് 587-ല്‍ അവസാനിച്ചു.ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ നായകനാണ് ഗില്‍. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ് ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ നായകന്‍. ഇംഗ്ലീഷ് മണ്ണിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറാണിത്. ഗില്ലിന് പുറമേ സുനില്‍ ഗാവസ്‌കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങള്‍.ആദ്യദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരത്തിന് രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം വിക്കറ്റില്‍ ജയ്സ്വാളും കരുണ്‍ നായരും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. സ്‌കോര്‍ 95-ല്‍ നില്‍ക്കേ കരുണ്‍ നായര്‍ പുറത്തായി. 31 റണ്‍സാണ് കരുണിന്റെ സമ്പാദ്യം.പിന്നീട് ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്ന് ജയ്സ്വാള്‍ ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 150-കടത്തി. 87 റണ്‍സെടുത്ത ജയ്സ്വാളിനെ ബെന്‍ സ്റ്റോക്സ് പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ടീം 182-3 എന്ന നിലയിലായി. പിന്നീട് പന്തും ഗില്ലും ചേര്‍ന്നാണ് സ്‌കോറുയര്‍ത്തിയത്. സ്‌കോര്‍ ഇരുന്നൂറ് കടന്നതിന് പിന്നാലെ പന്ത് പുറത്തായി. 25 റണ്‍സാണ് പന്തെടുത്തത്. പിന്നാലെ നിതീഷ് കുമാര്‍ റെഡ്ഡിയും വേഗം കൂടാരം കയറി. ഒരു റണ്‍ മാത്രമെടുത്ത താരത്തെ ക്രിസ് വോക്ക്‌സ് ബൗള്‍ഡാക്കി. പിന്നീട് ഗില്ലും രവീന്ദ്ര ജഡേജയും ടീമിനെ കരകയറ്റുകയായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

14-07-2025