പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി നടപ്പാക്കിയ ജീവിതോത്സവം ചലഞ്ച് പദ്ധതിയിലൂടെ കേരളം വീണ്ടും ലോകത്തിനും രാജ്യത്തിനും മാതൃകയായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജീവിതോത്സവം ചലഞ്ചിന്റെ വിജയാഘോഷമായ ആകാശ മിഠായി’ കാർണിവൽ കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

21 ദിവസങ്ങളായി കേരളത്തിലെ ഒന്നര ലക്ഷം വിദ്യാർത്ഥികൾ ഏറ്റെടുത്തതാണ് ജീവിതോത്സവം ചലഞ്ച്. നമ്മുടെ വിദ്യാർത്ഥികൾ ശാസ്ത്രീയമായ ജീവിത ചലഞ്ചിലൂടെ നല്ല ശീലങ്ങൾ ഉറപ്പിച്ചു ലോകത്തിനാകെ മാതൃകയാവുകയാണ്. ജീവിതോത്സവത്തിലെ ഓരോ ചെറിയ കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിച്ച കുട്ടിയെ ഇനിമുതൽ ‘ആകാശമിഠായി’ എന്ന് വിളിക്കും. രാസലഹരി പോലുള്ള കെണികളിൽ നിന്നും അകന്ന് ജീവിതത്തിന്റെ യഥാർത്ഥ രസം കണ്ടെത്താനുള്ള പദ്ധതി വിജയകരമായി നടപ്പിലാക്കിയതിൽ അഭിമാനമുണ്ട്. ചലഞ്ചിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.

കുട്ടികളുടെ മാനസിക ആരോഗ്യവും സാമൂഹ്യ വികാസവും ഉറപ്പു വരുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുതുതായി ‘നവപൂർണ്ണം’ പദ്ധതി ആരംഭിക്കുന്നതായി മന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ ബോധവൽക്കരണവുമായി സ്കൂളുകളിലെ എൻ എസ് എസ്, എൻ സി സി, എസ് പി സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് തുടങ്ങിയവയെ ഏകോപിപ്പിച്ച് പുതിയ പദ്ധതി നടപ്പിലാക്കും. കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധതയും നേതൃത്വ ഗുണവും വളർത്തി ആരോഗ്യവും മൂല്യവുമുള്ള പുതിയ തലമുറയെ സമൂഹത്തിൽ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി, ഡയറക്ടർ ഉമേഷ് എൻ എസ് കെ, റീജിയണൽ ഡെപ്യുട്ടി ഡയറക്ടമാർ തുടങ്ങിയവർ സന്നിഹിതരായി. ആകാശ മിഠായി’ കാർണിവൽ 22 ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

15/11/2025