കേരളം കാണാന്‍ എത്തിയ ഒരു ജര്‍മന്‍ വ്‌ലോഗറുടെ വിഡിയോ ലോകമെങ്ങുമുള്ള മലയാളികളെ പിടിച്ചുലച്ചിരിക്കുകയാണ്. വിഡിയോയില്‍ ഒരിടത്തു പോലും ഈ വ്‌ലോഗര്‍ കേരളത്തെ കുറ്റപ്പെടുത്തുന്നില്ല. എന്നിട്ടും മലയാളികള്‍ കമന്റ് ബോക്‌സില്‍ അയാളോട് ക്ഷമാപണം നടത്തി. ജര്‍മ്മനിയില്‍ നിന്ന് എത്തിയ അലക്‌സാണ്ടര്‍ വെല്‍ഡര്‍ ആണ് ‘കേരളത്തിലെ കുഴപ്പം നിറഞ്ഞ ബസ് യാത്ര’ എന്ന അടിക്കുറിപ്പില്‍ ഒരു ബസ് തേടി അലയുന്നതിന്റെ വിഡിയോ പങ്കുവച്ചത്.
ഇന്ത്യയിലെ സാധാരണ ബസ് യാത്ര എന്നു പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. ബുക്ക് ചെയ്ത മൂന്നാര്‍ ബസ് തേടിയാണ് ഇദ്ദേഹത്തിന്റെ യാത്ര. ആദ്യം ചങ്ങനാശ്ശേരിയിലെ ഒരു ബസ് സ്റ്റോപ്പ് ആണ് കാണിക്കുന്നത്. എന്നാല്‍, ബസ് സ്റ്റോപ്പിന്റെ ഒരു മൂലയ്ക്ക് നിറയെ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതാണ് ലോകമെങ്ങുമുള്ള മലയാളികളെ ചൊടിപ്പിച്ചത്. അതിലേക്ക് വരുന്നതിനു മുന്‍പ് അലക്‌സ് മൂന്നാറിലേക്ക് ബസ് കിട്ടാന്‍ വേണ്ടി നടത്തിയ സാഹസങ്ങള്‍ നോക്കാം.
റെഡ് ബസ് ഓണ്‍ലൈനിലാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും എന്നാല്‍ ഒരു പിക്കപ്പ് ലൊക്കേഷനും കാണിക്കുന്നില്ലെന്നാണ് അലക്‌സ് വിഡിയോയില്‍ വ്യക്തമാക്കുന്നത്. കോണ്‍ടാക്ട് നമ്പറില്‍ ബന്ധപ്പെടാന്‍ നോക്കിയെങ്കിലും അത് വര്‍ക്കിങ് അല്ലെന്നും വിഡിയോയില്‍ പറയുന്നു. അതിനു ശേഷം നിരവധി ആള്‍ക്കാരോട് ബസ് സ്റ്റോപ്പിനെക്കുറിച്ച് അലക്‌സ് അന്വേഷിക്കുന്നത് വിഡിയോയില്‍ കാണാം.
ന്മസഹായമനസ്ഥിതി
വിഡിയോയുടെ അവസാനം ശരിയായ ബസ് സ്റ്റോപ്പിലേക്ക് അലക്‌സിനെ ഒരാള്‍ കൊണ്ടു ചെന്ന് എത്തിക്കുന്നത് കാണാം. ഏറ്റവും അവസാനം മൂന്നാര്‍ ബസില്‍ അലക്‌സ് കയറി. ബസില്‍ കയറിയതിനു ശേഷം കേരളത്തിലെ ആളുകള്‍ നല്ല സൗഹാര്‍ദ്ദമുള്ളവരാണെന്നും സഹായമനസ്ഥിതി ഉള്ളവരാണെന്നും അലക്‌സ് വ്യക്തമാക്കി.
ബസില്‍ പേരുകള്‍ മലയാളത്തില്‍ മാത്രം എഴുതിയതും കൃത്യമായി ബസ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വിഡിയോയില്‍ അലക്‌സ് പറയുന്നുണ്ട്.
ന്മമലയാളി കലിപ്പിലാണ്
അലക്‌സ് ബസ് തേടി അലഞ്ഞ വിഡിയോ കണ്ട മലയാളികള്‍ ചങ്ങനാശ്ശേരി നഗരസഭയ്ക്ക് വേറെ വല്ല പണിക്കും പൊയ്ക്കൂടേ എന്നാണ് ചോദിക്കുന്നത്. ‘വേസ്റ്റ് ഇട്ടത് ലോകം മൊത്തം കാണുന്നുണ്ട് കേട്ടോ മലയാളികളെ’, ‘ആദ്യം ഞാന്‍ വിചാരിച്ചു നോര്‍ത്ത് ഇന്ത്യ ആണെന്ന്’, ‘വേറെ ഒരു കണ്ണില്‍ നിന്ന് നോക്കുമ്പോഴാണ് നമ്മടെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയും സാക്ഷരതയും ശരിക്കും മനസ്സിലാവുന്നത്’ , ‘ലോകം മുഴുവന്‍ കണ്ടു കേരളത്തിന്റെ വൃത്തിയും വെടിപ്പും’ ഇങ്ങനെ പോകുന്നു കമന്റുകള്‍. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, കേരള ടൂറിസം, ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍, റെഡ് ബസ് കേരള എന്നിവരെ ടാഗ് ചെയ്താണ് മിക്ക കമന്റുകളും.
അതേസമയം, അലക്‌സിന് സഹായഹസ്തവുമായി എത്തിയവരെ അഭിനന്ദിക്കാനും മലയാളി മറന്നില്ല. ‘അന്നേദിവസം ഈ മനുഷ്യനെ ഹെല്‍പ്പ് ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു’ എന്നാണ് ഒരാള്‍ രേഖപ്പെടുത്തിയ കമന്റ്. യാത്രയില്‍ ഇത്തരത്തില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതിന് നിരവധി പേരാണ് അലക്‌സിനോട് ക്ഷമാപണം നടത്തിയിരിക്കുന്നത്. കെ എസ് ആര്‍ ടി സിയുടെ സൈറ്റില്‍ കയറി ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അത് കൃത്യമായ വിവരങ്ങള്‍ നല്‍കുമെന്നും ഒരാള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

പിഎം ശ്രീയില്‍ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; കടുത്ത തീരുമാനവുമായി സിപിഐ, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും

തിരുവനന്തപുരം/ആലപ്പുഴ: പിഎം ശ്രീ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാ…