ബെയ്ജിങ്ന്മ പാക്കിസ്ഥാന്റെആദ്യത്തെ ചൈനീസ് നിര്‍മിത അന്തര്‍വാഹിനി അടുത്ത വര്‍ഷം സജീവ സേവനത്തില്‍ പ്രവേശിക്കും. ഇന്ത്യയെ നേരിടാനും പശ്ചിമേഷ്യയിലേക്കു തങ്ങളുടെ ശക്തി വ്യാപിപ്പിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കു കരുത്ത് പകരുന്നതാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 2028 ഓടെ എട്ട് ഹാന്‍ഗോര്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ ശേഷിക്കുന്നവകൂടി പാക്കിസ്ഥാന് കൈമാറുന്നതിനുള്ള കരാര്‍ സുഗമമായി പുരോഗമിക്കുകയാണെന്ന് അഡ്മിറല്‍ നവീദ് അഷ്‌റഫ്, ഞായറാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിനോടു പറഞ്ഞു. ഈ അന്തര്‍വാഹിനികള്‍ വടക്കന്‍ അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും പട്രോളിങ് നടത്താനുള്ള പാക്കിസ്ഥാന്റെ ശേഷി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം വന്നതിനു പിന്നാലെയാണ് ചൈനീസ് അന്തര്‍വാഹിനി കരാറിനെക്കുറിച്ചുള്ള ഈ വിവരങ്ങള്‍ പുറത്തുവന്നത്. 5 ബില്യന്‍ ഡോളര്‍ വരെ വിലമതിക്കുന്ന ഈ അന്തര്‍വാഹിനി നിര്‍മാണത്തിന്റെ കരാര്‍ അനുസരിച്ച് ആദ്യത്തെ നാല് ഡീസല്‍-ഇലക്ട്രിക് അറ്റാക്ക് അന്തര്‍വാഹിനികള്‍ ചൈനയില്‍ നിര്‍മിക്കും. ശേഷിക്കുന്നവയുടെ ഭാഗങ്ങള്‍ പാക്കിസ്ഥാനിലെത്തിച്ച് അസംബിള്‍ ചെയ്യുമെന്നാണ് പുറത്തുവന്ന വിവരങ്ങളില്‍നിന്നു ലഭ്യമാകുന്നത്. ഹുബെ പ്രവിശ്യയിലെ കപ്പല്‍ശാലയില്‍നിന്ന് പാക്കിസ്ഥാന്‍ ഇതിനകം മൂന്ന് അന്തര്‍വാഹിനികള്‍ ചൈനയിലെ യാങ്‌സി നദിയിലേക്ക് ഇറക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ”ചൈനീസ് നിര്‍മിത പ്ലാറ്റ്‌ഫോമുകളും ഉപകരണങ്ങളും വിശ്വസനീയമാണ്, സാങ്കേതികമായി ഏറെ മുന്നിട്ട് നില്‍ക്കുന്നതും പാക്ക് നാവികസേനയുടെ പ്രവര്‍ത്തന ആവശ്യങ്ങള്‍ക്ക് അനുയോജ്യവുമാണ്” കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പീപ്പിള്‍സ് ഡെയ്‌ലി പ്രസിദ്ധീകരിക്കുന്ന ടാബ്ലോയിഡിനോട് അഡ്മിറല്‍ അഷ്‌റഫ് പറഞ്ഞു. ”ആധുനിക യുദ്ധമുറകള്‍ വികസിക്കുന്നതിനനുസരിച്ച്, ആളില്ലാ സംവിധാനങ്ങള്‍, നിര്‍മിത ബുദ്ധി (എഐ), നൂതന ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍ക്കു പ്രാധാന്യം വര്‍ധിച്ചുവരികയാണ്. പാക്കിസ്ഥാന്‍ നാവികസേന ഈ സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചൈനയുമായി സഹകരണം തേടുകയും ചെയ്യുന്നു” അഡ്മിറല്‍ അഷ്‌റഫ് പറഞ്ഞു.











