തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ (45) പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ തമിഴ്‌നാട് പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് കേരള പൊലീസ്. സംഭവത്തില്‍ തമിഴ്‌നാട് പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. തമിഴ്‌നാട് ബന്ദല്‍കുടി എസ്‌ഐ നാഗരാജനും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസെടുക്കുക. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറിലാണ് തിരികെ എത്തിച്ചത്.
മാത്രമല്ല കൈവിലങ്ങണിയിക്കാതെയാണ് പ്രതിയെ പുറത്തുവിട്ടത്. ഇതെല്ലാം തമിഴ്‌നാട് പൊലീസിന്റെ ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തല്‍. ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട വിവരം ഒരു മണിക്കൂര്‍ തമിഴ്‌നാട് പൊലീസ് മറച്ചുവച്ചു. ഇന്നലെ രാത്രി 9.40ന് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും 10.40നാണ് വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത്. തമിഴ്‌നാട് പൊലീസ് നടത്തിയ തെരച്ചിലിലും കണ്ടെത്താനായില്ല. നിലവില്‍ ബാലമുരുകനെ കണ്ടെത്താനുള്ള വ്യാപക തെരച്ചിലിലാണ് കേരള പൊലീസ്.
കവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളില്‍ പ്രതിയായ ബാലമുരുകന്‍ കഴിഞ്ഞ മേയിലും സമാനമായ രീതിയില്‍ തമിഴ്‌നാട് പൊലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നുകളയാനുള്ള സാദ്ധ്യതയുള്ളതിനാല്‍ തൃശൂരില്‍ ആരും ബൈക്കില്‍ താക്കോല്‍ വച്ച് പോകരുതെന്ന നിര്‍ദേശവുമുണ്ട്. എവിടെയെങ്കിലും ബൈക്ക് മോഷണം റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനെ പൊലീസിനെ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
ബാലമുരുകനെ കാണാതാകുന്ന സമയം കറുപ്പ് നിറത്തിലുള്ള ഷര്‍ട്ടും വെള്ള മുണ്ടുമായിരുന്നു വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വിയ്യൂര്‍ എസ്എച്ച്ഒയുടെ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. 9497947202

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

E-PAPER