കഞ്ചിക്കോട്: സ്പിരിറ്റ് ഒഴുകിയ, ചന്ദന ലോറികളുടെ പ്രയാണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച, കഞ്ചാവ് കടത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച തമിഴ് അതിര്‍ത്തി ഗ്രാമത്തിലൂടെ ഇപ്പോള്‍ കൂടുതലായി കടന്ന് വരുന്നത് റേഷനരി. തമിഴ്‌നാട് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് തുച്ഛമായ വിലയ്ക്ക് നല്‍കുന്ന റേഷനരിയാണ് വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്നത്.
സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന അരി മാഫിയക്ക് വേണ്ടിയാണ് ഏജന്റുമാര്‍ ഇവിടെ അരികടത്തുന്നത്. പൗഡറുകള്‍ കലര്‍ത്തി പോളീഷ് ചെയ്ത് റേഷനരിയെ പാലക്കാടന്‍ മട്ടയും വെള്ളപ്പൊന്നിയും ആക്കി മാറ്റുന്നവര്‍ വാളയാറില്‍ വന്നാണ് തമിഴ്‌നാട് റേഷനരി ശേഖരിക്കുന്നത്. ഈ റേഷനരി ഉയര്‍ന്ന വിലയ്ക്ക് മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുന്നതിന് പുറമെ വിദേശത്തേക്ക് കയറ്റുമതിയും ചെയ്യുന്നതായാണ് വിവരം. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യം അവരിലെക്കെത്തുന്നില്ലെന്ന് മാത്രമല്ല ഇവ ഉയര്‍ന്ന വിലയ്ക്ക് സാധാരണ ഉപഭോക്താക്കള്‍ക്ക് വാങ്ങേണ്ടിയും വരുന്നു. തമിഴ്‌നാട് റേഷനരി സൂക്ഷിക്കുന്ന നിരവധി രഹസ്യ ഗോഡൗണുകള്‍ വാളയാര്‍ മേഖലയിലുണ്ട്. ട്രെയിനിലൂടെയാണ് കൂടുതലായി അരി കടത്ത് നടക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും അരിച്ചാക്കുകള്‍ തല ചുമടായി കൊണ്ടുപോകുന്നത് പതിവ് കാഴ്ചയാണ്. ബസുകള്‍ വഴിയും അരി കൊണ്ടുവരുന്നുണ്ട്. ഊട് വഴികളിലൂടെ സ്വകാര്യ വാഹനങ്ങളിലും അരി കടത്തുന്നുണ്ട്.തുച്ഛമായ വിലയ്ക്ക് കിട്ടുന്ന അരിക്ക് അതിര്‍ത്തി കടക്കുന്നതോടെ വില പതിന്മടങ്ങ് വര്‍ദ്ധിക്കും. കോടികള്‍ ലാഭം കൊയ്യുന്ന കച്ചവടമായി അരി കടത്ത് മാറിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടത്തി കഴിഞ്ഞാല്‍ പിന്നീട് പരിശോധനകള്‍ ഭയക്കേണ്ടതില്ലെന്നതിനാല്‍ ആദ്യം അരി വാളയാറിലെ ഗോഡൗണുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെ നിന്നും സൗകര്യാര്‍ത്ഥം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലോറികളില്‍ കൊണ്ടുപോവുകയാണ് പതിവ്. പൊലീസ് സംവിധാനം ലഹരി വേട്ടയുടെ പിറകിലായതും ഇവര്‍ക്ക് അനുകൂല ഘടകമായി മാറി. ചരക്ക് ലോറികള്‍ മാത്രമെ പരിശോധിക്കപ്പെടുന്നുള്ളു. ട്രെയിന്‍ മാര്‍ഗവും ബസ് വഴിയും കൊണ്ടുവരുന്നത് ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ഊടുവഴികളിലൂടെ വരുന്ന അരിയും ആരുമറിയാതെ ഗോഡൗണുകളിലെത്തുന്നു.











