ജോസ് ചന്ദനപ്പള്ളി
ഫെബ്രുവരി രണ്ട് – ലോകതണ്ണീര്‍ത്തട ദിനം. നെല്‍വയലുകള്‍, കുളങ്ങള്‍, ചതുപ്പുകള്‍, മരുപ്പച്ചകള്‍, നനവാര്‍ന്ന പുല്‍മേടുകള്‍, കണ്ടലുകള്‍, പുഴകള്‍, തോടുകള്‍, കായലുകള്‍, അഴിമുഖങ്ങള്‍ എന്നിവയൊക്കെ തണ്ണീര്‍ത്തടങ്ങളുടെ പരിധിയില്‍വരും. തണ്ണീര്‍ത്തടങ്ങളുടെ നാശം ഭൂമിയുടെ നിലനില്പിനെ ബാധിക്കും. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനായി 1971 ഫെബ്രുവരി 2-ന് ഇറാനിലെ റാംസറില്‍ വിവിധരാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് ഉടമ്പടിയുണ്ടാക്കി. 1975-ല്‍ യുനസ്‌കോ ഇതിന് അംഗീകാരം നല്‍കി. ഫെബ്രുവരി 2-ന് എല്ലാവര്‍ഷവും ലോക തണ്ണീര്‍ത്തടദിനമായി ആചരിക്കാന്‍ 1997-ലാണ് യുനസ്‌കോ ആഹ്വാനം ചെയ്തത്. നാശോ•ുഖമായിക്കൊണ്ടിരിക്കുന്ന തണ്ണീര്‍ത്തടങ്ങളുടെ പട്ടിക തയ്യാറാക്കി. യുനസ്‌കോ അംഗീകരിച്ച, പ്രതേ്യകശ്രദ്ധ ആവശ്യപ്പെടുന്ന ലോകത്തെ തണ്ണീര്‍ത്തടങ്ങളുടെ എണ്ണം 2065 ആണ്. കേരളത്തിലെ വേമ്പനാട്ട് കോള്‍നിലങ്ങള്‍, ശാസ്താംകോട്ട ശുദ്ധജലതടാകം, അഷ്ടമുടിക്കായല്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ 26 റാംസര്‍ സൈറ്റുകളുണ്ട്.
റാംസര്‍ ഉടമ്പടി :- നീര്‍ത്തടാകസംരക്ഷണത്തേയും അവയുടെ സുസ്ഥിര ഉപയോഗത്തേയും ലക്ഷ്യമാക്കി ഉണ്ടാക്കിയ ആഗോള ഉടമ്പടിയാണ് റാംസര്‍ ഉടമ്പടി. നീര്‍ത്തടങ്ങളുടെ സവിശേഷ സ്വഭാവം, വംശനാശഭീക്ഷണി നേരിടുന്ന ജീവജാലങ്ങള്‍, നീര്‍പ്പക്ഷികള്‍, മത്സ്യങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യം, ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മുതലായവ പരിഗണിച്ചാണ് തണ്ണീര്‍ത്തടങ്ങളെ റംസര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. തണ്ണീര്‍ത്തടങ്ങളുടെ പകുതിയും നശിച്ചുകഴിഞ്ഞു. തണ്ണീര്‍ത്തട സംരക്ഷണത്തിന് സംഘടിപ്പിച്ച റാംസര്‍ ആഗോളകണ്‍വെന്‍ഷന്‍ ഉടമ്പടി തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം, ബുദ്ധിപൂര്‍വ്വമായി ഉപയോഗിക്കല്‍, ദേശീയ അന്തര്‍ദേശീയതലങ്ങളില്‍ നവീകരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്യമാക്കുന്നു. തുടക്കത്തില്‍ 18 അംഗരാജ്യങ്ങളുണ്ടായിരുന്ന ഈ ഉടമ്പടിയില്‍ ഇപ്പോള്‍ 168 അംഗരാജ്യങ്ങളുണ്ട്. സ്വിറ്റ്‌സര്‍ലണ്ടിലെ ഗ്ലാന്‍ഡ് ആണ് അസ്ഥാനം. 1982-ലാണ് ഇന്ത്യ കരാറില്‍ ഒപ്പുവച്ചത്. നീലകലര്‍ന്ന പച്ച നിറത്തിലുളള പശ്ചാതലത്തില്‍ മുകള്‍ വശത്ത് ഓളങ്ങളെ സൂചിപ്പിക്കുന്ന തരംഗിതമായ രണ്ടു വെളള വരകളും താഴെ ഞഅങടഅഞ എന്ന വാക്കും വരുന്നതാണ് ലോഗോ.
നീര്‍ത്തടങ്ങളുടെ പ്രാധാന്യം :- തണ്ണീര്‍ത്തടങ്ങളുടെ നിലനില്‍പ്പാണ് പ്രകൃതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. കാര്‍ഷികമേഖലയെ സംരക്ഷിച്ചു നിര്‍ത്തുന്നതിനും പ്രകൃതിക്ഷോഭങ്ങളെ നിയന്ത്രിച്ച് ഭൂമിയെ സംരക്ഷിക്കുന്നതിനും തണ്ണീര്‍ത്തടങ്ങളുടെ പങ്ക് വലുതാണ്. വര്‍ഷകാലത്ത് ജലം നഷ്ടമാകാതെ സംഭരിക്കുന്ന ജലസംഭരണികളായി വര്‍ത്തിക്കകവഴി വെള്ളപ്പൊക്കംനിയന്ത്രിക്കുന്നതിലും, ജലം കുത്തിയൊഴുകി കടലിലെത്തുന്നതുവഴിയുണ്ടാകുന്ന ജലനഷ്ടം കുറയ്ക്കുന്നതിനും സാവധാനം ജലംപുറത്തേക്കൊഴുകുന്നതുവഴി ഭൂഗര്‍ഭജലസ്രോതസ്സുകളെ റീച്ചര്‍ജ്ജ് ചെയ്യുവാനും സഹായിക്കുന്നു. തീരദേശത്തെ മണ്ണൊലിപ്പ് തടയുന്നതിനും പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുമെല്ലാം നീര്‍ത്തടസസ്യങ്ങള്‍ സുപ്രധാന പങ്കുവഹിക്കുന്നു.
വിവധതരം തണ്ണീര്‍ത്തടങ്ങള്‍ :- തണ്ണീര്‍ത്തടങ്ങളായി വിവിധങ്ങളായ ജലസ്രോതസ്സുകള്‍ ഉണ്ട്. മഴക്കാലത്ത് ജലസമൃദ്ധി ഏറെയുള്ള കുളങ്ങള്‍, താല്കാലിക ജലഭാഗമായ ചെളിക്കുണ്ട്, ആഴമേറെയുള്ളതും, ജലക്രമീകരണ സൗകര്യവുമുള്ള കിടങ്ങുകള്‍, കടല്‍ത്തീരത്ത് സമാന്തരമായി വര്‍ത്തിക്കുന്ന കായലുകള്‍, ചീഞ്ഞ വസ്തുക്കള്‍ നിറഞ്ഞ ഈര്‍പ്പമുള്ള ചതുപ്പ്പ്രദേശങ്ങള്‍, നാലുഭാഗവും കരയാല്‍ ചുറ്റപ്പെട്ട ആഴമുള്ളജലതടാകങ്ങള്‍ എന്നിവയെല്ലാം തണ്ണീര്‍ത്തടത്തില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ ഉള്‍നാടന്‍ ശുദ്ധജലതണ്ണീര്‍ത്തടങ്ങളും തീരദേശതണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെടടുന്നു. തടാകങ്ങള്‍, കുളങ്ങള്‍ എന്നിവ ഉള്‍നാടന്‍ ശുദ്ധജല തണ്ണീര്‍ത്തടങ്ങള്‍ക്കും കായലുകള്‍, ഉപ്പു ജല ചതുപ്പുകള്‍ തുടങ്ങിയവ തീരദേശ തണ്ണീര്‍ത്തടങ്ങള്‍ക്കും ഉദാഹരണങ്ങളാണ്. ഇതിനുപുറമേ മനുഷ്യനിര്‍മ്മിത തണ്ണീര്‍ത്തടങ്ങള്‍ വേറെയുമുണ്ട്.
വൈവിധ്യത്തിന്റെ കലവറ :- അപൂര്‍വ്വവും വംശനാശഭീക്ഷണിനേരിടുന്നതുമായ നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് തണ്ണീര്‍ത്തടങ്ങള്‍. നിരവധി ദേശാടനപക്ഷികള്‍, വൈവിധ്യമാര്‍ന്ന മത്സ്യങ്ങള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍, ജലസസ്യങ്ങള്‍, ജലസാന്നിധ്യത്തില്‍ കണ്ടുവരുന്ന നിരവധി വൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍, സസ്യപ്ലവഗങ്ങള്‍, അനേകയിനം സപുഷ്പികള്‍, പായലുകള്‍ എന്നിവയെല്ലാം തണ്ണീര്‍ത്തടങ്ങളില്‍ കാണാവുന്നതാണ്.
ഭൂമിയുടെ വൃക്കകള്‍ : – തണ്ണീര്‍ത്തടങ്ങളെ ഭൂമിയുടെ വൃക്കകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. തണ്ണീര്‍ത്തടങ്ങളില്‍ ജലം സാവധാനം മണ്ണിലൂടെ അരിച്ചിറങ്ങുന്നതുവഴി മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ഭൂഗര്‍ഭജലത്തിന്റെ മലിനീകരണത്തോത് കുറയുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇവയെ ഭൂമിയുടെ വൃക്കകള്‍ എന്നു പറയുന്നത്. ഏതൊരു ആവാസ മേഖലയുടേയും ജീവനാഡിയാണ് തണ്ണീര്‍ത്തടങ്ങള്‍. ഇവയെ ജൈവലോകത്തിന്റെ രക്തപര്യയന വ്യവസ്ഥ എന്നും വിലശേഷിപ്പിക്കാറുണ്ട്. ജലത്തിന്റെ പരിചക്രത്തിലെ സുപ്രധാന കണ്ണിയായ തണ്ണീര്‍ത്തടങ്ങള്‍ ജലമേഖലയെ കൈക്കുമ്പിളിലൊതുക്കി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ജൈവ വൈവിധ്യത്തിന്റെ പൂര്‍ണ്ണസംരക്ഷണം ഇവ ഏറ്റെടുക്കുന്നു.
മറയുന്ന നീര്‍ത്തടങ്ങള്‍ :- വികസനത്തിന്റെ പേരില്‍ തടാകങ്ങള്‍, വയലുകള്‍, നദികള്‍, കുളങ്ങള്‍, തുടങ്ങിയ സ്രോതസ്സുകളെയെല്ലാം മണ്ണിട്ട് നികത്തുകയാണ്. നമ്മുടെ മിക്ക ജല സ്രോതസ്സുകളും മലിനീകരിക്കപ്പെട്ടു. ഖരമാലിന്യ നിക്ഷേപം ഇത്തരം ജല സ്രോതസ്സുകളുടെ സ്വാഭാവികതയെ എന്നേക്കുമായി നശിപ്പിക്കുന്നു. ഇതോടൊപ്പം ഇ-മാലിന്യങ്ങളും ഇവയുടെ നാശത്തിന് വേഗംകൂട്ടി. തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുളള അറിവില്ലായ്മ, സംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തത എന്നിവ ജൈവകല്പനയുടെ നാശത്തിന് ആക്കം കൂട്ടുന്നു. മണല്‍ ഖനനം, അശാസ്ത്രീയ മത്സ്യബന്ധനം, വിദേശ ജനുസ്സുകളിലെ സസ്യജന്തുജാലകങ്ങളുടെ കടന്നുകയറ്റം, വിനോദസഞ്ചാരം തുടങ്ങിയവയും തണ്ണീര്‍ത്തടങ്ങള്‍ക്ക് ഭീഷണിയാകുന്നു.
തണ്ണീര്‍ ഭൂപടം :- ലോകത്തിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം ലാറ്റിന്‍അമേരിക്കയിലെ (തെക്കെ അമേരിക്ക) ബ്രസീല്‍, ബൊളീവിയ, പരാഗ്വേ എന്നീ രാജ്യങ്ങളിലാണ്. ലോകത്തിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടാകമായി ബ്രസീലിലെ പന്റനല്‍ (ജഅചഠഅചഅഘ) തടാകം കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ 58, 286, 500 ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങളുണ്ട്. കേരളത്തിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം ഏതെന്ന് കൂട്ടുകാര്‍ക്കറിയാമോ? 15,1250 ഹെക്ടര്‍ വിസ്തീര്‍ണ്ണമുളള വേമ്പനാട്ടു കായല്‍. അഷ്ടമുടിക്കായലാണ് (61,4000) ഹെക്ടര്‍ രണ്ടാം സ്ഥാനത്ത്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട കായലാണ് (3730 ഹെക്ടര്‍) മൂന്നാം സ്ഥാനത്ത്.
നിയമങ്ങളും സംരക്ഷണവും :- 1986-ല്‍ നിലവില്‍വന്ന പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഭാഗമായി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നീര്‍ത്തടസംരക്ഷണ നിയമം 2010 പ്രബല്യത്തില്‍ വരുത്തി. ഈ നിയമപ്രകാരം നിര്‍ത്തടങ്ങളെ ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യവസായവത്ക്കരണം, മാലിന്യ നിക്ഷേപം, ഇതര ആവശ്യങ്ങള്‍ക്കു വേണ്ടിയുളള തണ്ണീര്‍ത്തടങ്ങളുടെ നികത്തല്‍ എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ നിയമത്തില്‍ ഇളവുകള്‍ അനുവദിച്ച് പുതിയ കൃഷിസ്ഥലങ്ങള്‍ക്കും കളിമൈതാനങ്ങള്‍ക്കും പട്ടണങ്ങളുണ്ടാക്കാനും റോഡുകള്‍ വെട്ടാനും മറ്റുമായി തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനും കുന്നുകള്‍ ഇടിച്ചുനിരത്തുകയും ചെയ്ത് ഈ നിയമത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വ്യവസായശാലകള്‍ ഹൗസിങ്ങ് കോളനികള്‍, ഫ്‌ളാറ്റുകള്‍, വാണിജ്യകേന്ദ്രങ്ങള്‍, വെയര്‍ ഹൗസുകള്‍, ഗോഡൗണുകള്‍ തുടങ്ങി എത്രയെത്ര ആവശ്യങ്ങള്‍ക്കായി മനുഷ്യന്‍ തണ്ണീര്‍ത്തട പ്രദേശങ്ങള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇവരെ കൂടുകൂട്ടാന്‍ അനുവദിക്കുക :- വ്യത്യസ്തങ്ങളായ – പറക്കുന്നതും അല്ലാത്തതുമായ ജീവജാലങ്ങളുടെ ആവാസകേന്ദ്രങ്ങളാണ് തണ്ണീര്‍ത്തടങ്ങള്‍. വിവിധങ്ങളായ ദേശാടന പക്ഷികള്‍ പലകാലങ്ങളില്‍ ഇവിടെ വിരുന്നെത്താറുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ദേശാടന പക്ഷികളുടെ വരവ് കുറഞ്ഞതായി വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു. കീടനാശിനികളുടെയും മറ്റും ഉപയോഗം കാരണം മത്സ്യസമ്പത്തിന് കുറവ് വന്നു. ജീവജാലങ്ങളുടെ വലിയൊരു ആവാസവ്യവസ്ഥയായ കണ്ടല്‍ക്കാടുകളുടെ നാശം ഒട്ടനവധി പക്ഷികളുടെ നാശത്തിന് കാരണമായിട്ടുണ്ടെന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ? വെളളത്തില്‍ മുങ്ങാംകുഴിയിട്ട് ആഹാരം തേടുന്ന നീര്‍നായ്ക്കള്‍, അപൂര്‍വ്വയിനം പക്ഷികള്‍, വിവിധയിനം ഉരഗങ്ങള്‍ മത്സ്യങ്ങള്‍, ഞണ്ടുകള്‍, പാമ്പുകള്‍ തുടങ്ങിയവയുടെ നാശത്തിനും കണ്ടല്‍ക്കാടുകളുടെ കുറവ് കാരണമായിട്ടുണ്ട്. മത്സ്യസമ്പത്തിന് കുറവ് വന്നതും ദേശാടന പക്ഷികളുടെ വരവ് കുറയാന്‍ കാരണമായി. അവയ്ക്ക് ആവശ്യത്തിന് തീറ്റ ലഭിക്കാത്തതും നീര്‍ത്തടങ്ങള്‍ക്ക് സമീപമുള്ള പുല്‍മേടുകള്‍ നിര്‍ദാക്ഷിണ്യം നശിപ്പിക്കുന്നതുമാണ് ദേശാടന പക്ഷികളുടെ വരവിന് തടസ്സമായത്.
കായലുകളും ഭീഷണിയില്‍ :- കടലും കരയും ശുദ്ധജലവും ചേരുമ്പോഴാണ് കായലുകള്‍ ഉണ്ടാകുന്നതെന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ? ബാക്ക് വാട്ടേഴ്‌സ് (Back Waters) ഇവയുടെ ഇംഗ്ലീഷ് പേര്. വര്‍ഷത്തില്‍ ആറു മാസമെങ്കിലും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്നതോ, വെള്ളം നിറഞ്ഞുനില്‍ക്കുന്നതോ ആയ ഭൂപ്രദേശമാണ് കായലുകള്‍. ഭൂമിയുടെ അരിപ്പയെന്ന വിശേഷണമാണ് ഇവയ്ക്കുള്ളത്. കായലുകളെല്ലാം ഭൂഗര്‍ഭജല സ്രോതസ്സുകളാണ്. കേരളത്തിലെ പ്രധാനപ്പെട്ട 34 കായലുകളില്‍ ഭൂരിഭാഗവും അറബിക്കടലിനോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. കായലുകള്‍ അഴികള്‍ മുഖേന കടലുമായി ബന്ധപ്പെട്ടുകിടക്കുന്നു. കൊടങ്ങല്ലൂര്‍, കൊച്ചി, പരവൂര്‍, നീണ്ടകര, ചേറ്റുവ, അഴീക്കല്‍ തുടങ്ങിയവ പ്രധാന അഴിമുഖങ്ങളാണ്. ഇവയെല്ലാം പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങള്‍കൂടിയാണ്. കൃഷി, ജലഗതാഗതം എന്നിവയ്ക്കും കായലുകള്‍ ഉപയോഗിക്കുന്നു. പക്ഷിസങ്കേത കേന്ദ്രങ്ങളും ഇവയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തില്‍ പ്രധാന പങ്കു വഹിക്കുന്ന അമൂല്യാമയ തണ്ണീത്തടങ്ങളെ, ഈ ജൈവ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാന്‍ നാം രംഗത്തിറങ്ങുമെന്ന് ഈ ദിനത്തില്‍ നമുക്ക് തീരുമാനമെടുക്കാം.
(പട്ടം സെന്റ് മേരീസ് റ്റി.റ്റി.ഐ മുന്‍ പ്രിന്‍സിപ്പലും
ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ് അസ്സോസിയേഷന്‍
മുന്‍ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)