ജോസ് ചന്ദനപ്പള്ളി

2003 ഫെബ്രുവരി 1 : ബഹിരാകാശത്ത് വിജയകരമായ പരീക്ഷണങ്ങള്‍ക്ക്‌ശേഷം ഭൂമിയില്‍ തിരിച്ചെത്താന്‍ 16 മിനിട്ടുകള്‍ അവശേഷിക്കെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ ഇറങ്ങേണ്ട കൊളംബിയ പേടകം, സാങ്കേതികത്തകരാറുമൂലം അന്തരീക്ഷത്തില്‍ കത്തിയമര്‍ന്നു. എസ്.ടി.എസ്-107 എന്ന ദൗത്യത്തിന്റെ ദുഃഖകരമായ പര്യവസാനം ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യന്‍ വംശജയായ കല്പനാ ചൗള ഉള്‍പ്പെടെ പ്രതിഭാശാലികളായ ഏഴ് ബഹിരാകാശ യാത്രികരും അവര്‍ ശേഖരിച്ച ഒട്ടനവധി വിവരങ്ങളും നഷ്ടങ്ങളുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ദിനം. ഭാരതത്തിന് അഭിമാനാര്‍ഹമായ നേട്ടം സമ്മാനിച്ച ഡോ. കല്പന ചൗള എന്ന ധീരവനിത ഭൂമിയില്‍ തിരിച്ചിറങ്ങാന്‍ മിനിട്ടുകള്‍ ബാക്കിനില്‍ക്കെ എരിഞ്ഞടങ്ങിയ ദിനം. ബഹിരാകാശ യാത്ര മാത്രം സ്വപ്നം കണ്ടിരുന്ന ബാലികയായിരുന്നു കല്പന ചൗള. എന്നാല്‍ ആ സ്വപ്ന സാക്ഷാത്കാരത്തിനിടയില്‍ സ്വജീവിതം തന്നെ അവര്‍ക്ക് നഷ്ടമായി.
”അങ്ങ് ദൂരെ കുഞ്ഞുഭൂമിയെ കാണുമ്പോള്‍ ഞങ്ങളോര്‍ക്കും മനുഷ്യജീവന്റെ ലോകമതാണ്. ഒരു ചെറിയലോകം അതിന് കേടുവരുത്തരുത്” ബഹിരാകാശ യാത്രാവേളയില്‍ കല്പന ഭൂമിയ്ക്കായി നടത്തിയ പ്രാര്‍ത്ഥനയാണിത്. ലോകത്തിന് മുഴുവനായി പ്രാര്‍ത്ഥിക്കുകയും മാനവരാശിയുടെ ശാസ്ത്രപുരോഗതിയ്ക്കായി നാസയുടെ ദൗത്യമേറ്റെടുക്കുകയും ചെയ്ത ആ ധീരവനിത, തന്റെ രണ്ടാം ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കാന്‍ മിനിട്ടുകള്‍ മാത്രം അവശേഷിക്കെ, ബഹിരാകാശ പേടകം തകര്‍ന്നാണ് കൊല്ലപ്പെട്ടത്. തിരിച്ചിറങ്ങുന്നതിനിടെ ബഹിരാകാശ വാഹനത്തിന്റെ ആവരണത്തിന്റെ ഒരു ചെറിയഭാഗം അടര്‍ന്നതോടെ വാഹനത്തിന്റെ ചിറകിലെ തെര്‍മല്‍ സുരക്ഷാ കവചത്തില്‍ തകരാറുണ്ടായി. ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തിയതോടെ അമിതമായി ചൂടുവായു ചിറകിലേക്കെത്തി. ഇതോടെ ഭൗമമണ്ഡലത്തില്‍ പ്രവേശിച്ച ഉടനെ വാഹനം ചിന്നിച്ചിതറുകയായിരുന്നു. യു.എസ്. ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യാക്കാരി, അല്ലെങ്കില്‍ ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ വനിത എന്നീ പ്രതേ്യകതകള്‍ കല്പന ചൗളയ്ക്കുണ്ട്.

ജനനം, വിദ്യാഭ്യാസം :- ഹരിയാനയിലെ കര്‍ണാല്‍ ഗ്രാമത്തില്‍ 1961 ജൂലായ് 1-ന് ബനാറസിലാല്‍ ചൗളയുടെയും സഞ്‌ജ്യോതിയുടെയും നാലുമക്കളില്‍ ഏറ്റവും ഇളയവളായിട്ടാണ് കല്പന ജനിച്ചത്. വീട്ടിലെ ഏറ്റവും ലാളന അനുഭവിച്ച കുട്ടിയായിരുന്നു കല്പന. മോന്റോ എന്നായിരുന്നു ചെല്ലപ്പേര്. ടാഗോര്‍ പബ്ലിക് സ്‌കൂളിലാണ് കല്‍പന പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേര്‍ന്നത്. കര്‍ണാലിലെതന്നെ ദയാല്‍സിങ് കോളേജിലും ഡി.എ.വി. കോളേജിലും പഠനം പൂര്‍ത്തിയാക്കിയശേഷം പഞ്ചാബ് എഞ്ചിനിയറിംഗ് കോളേജില്‍ എയറോനോട്ടിക് ശാഖയില്‍ പഠനം ആരംഭിച്ചു. ഈ വിഷയത്തില്‍ പഠിക്കാനെത്തിയ ആദ്യ വനിതയായിരുന്നു കല്പന ചൗള. 1982-ല്‍ അവിടെ നിന്നും ബിരുദം നേടിയശേഷം ബാംഗ്ലൂരിലെ എയ്‌റോനോട്ടിക് ലിമിറ്റഡില്‍ ജോലി ലഭിച്ചുവെങ്കിലും തന്റെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകേകുവാന്‍ ടെക്‌സാസിലേക്കു പോയി. 1984-ല്‍ ടെക്‌സാസ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1988-ല്‍ കൊളറാഡോ സര്‍വ്വകലാശാലയില്‍ നിന്ന് കല്പന ഡോക്ടറേറ്റ് ബഹുമതി നേടി. 1983-ല്‍ സര്‍വ്വകലാശാലയിലെ തന്റെ ട്രൈനറായിരുന്ന ജീന്‍ പിയര്‍ ഹാരിസനെ വിവാഹം കഴിച്ചു. ഇതിനുശേഷമാണ് 1991-ല്‍ കല്പനയ്ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചത്.
ഉയരാന്‍ കൊതിച്ച പെണ്‍കുട്ടി: എല്ലാത്തരം വിമാനങ്ങളും പറത്താന്‍ ഇതിനോടകം കല്പന വൈദഗ്ധ്യം നേടി. വിമാനം പറപ്പിക്കുന്നതിന് ട്രെയിനിംഗ് നല്‍കാന്‍ ലൈസന്‍സ് നേടിയ കല്പനയ്ക്ക് സിങ്കിള്‍ – മള്‍ട്ടി എന്‍ജിന്‍ വിമാനങ്ങള്‍, ഗ്ലൈഡര്‍, ഹൈഡ്രോ പ്ലെയിനുകള്‍ എന്നിവ പറപ്പിക്കാനുളള ലൈസന്‍സ് ഉണ്ടായിരുന്നു. ബഹിരാകാശ സംബന്ധിയായ ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയ കല്പനയെ 1994-ല്‍ നാസയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പവേര്‍ഡ് ലിഫ്റ്റ് കമ്പ്യൂട്ടേഷണല്‍ ഫ്‌ളൂയിഡ് ഡൈനാമിക്‌സായിരുന്നു കല്പനയുടെ ഗവേഷണ വിഷയം.

നാസയിലെത്തിയതോടെ തന്റെ ചിരകാല സ്വപ്നമായിരുന്ന ബഹിരാകാശ യാത്രയുടെ ടേക്ക് ഓഫിനരികെയെത്തി കല്പന ചൗള. വിമാനം പറപ്പിക്കാനുളള കഴിവും പഠനനിലവാരവും ശാരീരിക ക്ഷമതയുമെല്ലാം 1996-ലെ നാസയുടെ ബഹിരാകാശ യാത്രികരിലൊരാളാകാന്‍ കല്പനയെ സഹായിച്ചു. 1994 ഡിസംബര്‍ മാസത്തിലാണ് ബഹിരാകാശ യാത്രികരില്‍ ഒരാളാകാന്‍ 15 പേരില്‍ ഒരാളായി കല്പനയെ നാസ തെരഞ്ഞെടുത്തത്. 1995 മാര്‍ച്ച് മാസത്തില്‍ ഇതിനായി ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷത്തെ പരിശീലനത്തിനൊടുവില്‍ ആ സ്വപ്ന യാത്രക്കുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. എസ്.ടി.എസ്- 87 എന്ന പേരില്‍ 1997 നവംബര്‍ 19-ന് കൊളംബിയ എന്ന ബഹിരാകാശ വാഹനത്തില്‍ യാത്രയായ സംഘം, ബഹിരാകാശത്ത് (ഗുരുത്വാകര്‍ഷണത്തിന്റെ അഭാവത്തില്‍) ഭാരമില്ലാത്ത അവസ്ഥയില്‍ ഉണ്ടാകുന്ന വിവിധ ഭൗതിക, ശരീരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠനം നടത്തി. ഒപ്പം ആറു സഹയാത്രികരും ഉണ്ടായിരുന്നു. വാഹനത്തിന്റെ പ്രധാന റോബോട്ടിക് ആം ഓപ്പറേറ്റര്‍ ആയിരുന്നു കല്പന. മൊത്തം 376 മണിക്കൂറും 34 മിനിട്ടുമാണ് കല്പന ഉള്‍പ്പെട്ട സംഘം അന്ന് ബഹിരാകാശത്ത് ചെലവഴിച്ചത്. 6.5 മില്യന്‍ കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് പഠനം നടത്തിയ സംഘം ആദ്യ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഡിസംബര്‍ 5-ന് തിരികെയെത്തി.

എസ്.ടി.എസ്. 107 ആയിരുന്നു കല്പനയുടേയും സംഘത്തിന്റെയും രണ്ടാമത്തെ മിഷന്‍. ബഹിരാകാശത്തില്‍ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെക്കുറിച്ചായിരുന്നു ഇത്തവണത്തെ പഠനം. ഇതിനായി മൈക്രോഗ്രാവിറ്റിയിലാണ് കല്പന പരീക്ഷണങ്ങള്‍ നടത്തിയത്. ഇതിനോടൊപ്പം ബഹിരാകാശ യാത്രികരുടെ ആരോഗ്യം, സുരക്ഷ, ഭൂമിയെയും ബഹിരാകാശത്തെയും കുറിച്ച് വിശദമായി റിസര്‍ച്ചും സംഘം നടത്തിയിരുന്നു. 2003 ജനുവരി 16-ന് കല്പന ഉള്‍പ്പെടെ ഏഴുപേരെയും കൊണ്ട് വാഹനം പുറപ്പെട്ടു. 17 ദിവസം നീണ്ട യാത്രക്കുളളില്‍ സംഘം ബഹിരാകാശത്ത് എണ്‍പതിലധികം പരീക്ഷണങ്ങള്‍ നടത്തി. വിജയകരമായ പരീക്ഷണങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 1-ന് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലായിരുന്നു വാഹനം തിരിച്ചിറങ്ങേണ്ടിയിരുന്നത്. എന്നാല്‍ യന്ത്രത്തകരാറുമൂലം കൊളംബിയ പേടകം അന്തരീക്ഷത്തില്‍ കത്തിയമരുകയായിരുന്നു. എസ്.ടി.എസ്. 107 എന്ന ദൗത്യത്തിന്റെ ദുഃഖകരമായ പര്യവസാനം പ്രതിഭാശാലികളായ ഏഴ് ബഹിരാകാശ യാത്രികരും അവര്‍ ശേഖരിച്ച ഒട്ടനവധി വിവരങ്ങളും നഷ്ടങ്ങളുടെ ചരിത്രത്തില്‍ രേഖപ്പെടുത്തി.

ലോകത്തിന്റെ ആദരം: അകാലത്തില്‍ പൊലിഞ്ഞ ഡോ. കല്പന ചൗളയോടുളള ജന്മനാടിന്റെ ആദരവ് പ്രകടിപ്പിക്കാന്‍ 2002-ല്‍ ഇന്ത്യ വിക്ഷേപിച്ച Metsat-1 എന്ന കാലാവസ്ഥ ഉപഗ്രഹത്തിന് Kalpana-I എന്ന് പുനര്‍നാമകരണം നടത്തുകയുണ്ടായി. 2004-ല്‍ ടെക്‌സാസ് സര്‍വ്വകലാശാല ആരംഭിച്ച ഡോര്‍മെറ്ററിക്ക് കല്പന ചൗളാ ഹാള്‍ എന്നു നാമകരണം ചെയ്തു. സ്യൂയോര്‍ സിറ്റി അവരുടെ 74 സ്ട്രീറ്റിന് 74 സ്ട്രീറ്റ് കല്പന ചൗളാ വേ എന്ന പേരാണ് നല്‍കിയത്. നാസയുടെ സ്‌പേസ് ഫളൈറ്റ് മെഡല്‍, വിശിഷ്ട സര്‍വ്വീസ് മെഡല്‍, സ്‌പേസ് മെഡല്‍ ഓഫ് ഹോണര്‍, വിശിഷ്ട പ്രതിരോധ സര്‍വ്വീസ് മെഡല്‍ എന്നിവ കല്പനയെ തേടിയെത്തി. ബഹിരാകാശ യാത്ര നടത്തിയ ഒരേയൊരു ഇന്ത്യാരിയായ അമേരിക്കന്‍ ആണ് കല്പന ചൗള. തികഞ്ഞ സസ്യാഹാരിയായിരുന്ന അവര്‍ക്ക് ഇന്ത്യന്‍ സംഗീതത്തോട് കടുത്ത ആരാധനയും ഉണ്ടായിരുന്നു.

(പട്ടം സെന്റ് മേരീസ് റ്റി.റ്റി.ഐ. മുന്‍ പ്രിന്‍സിപ്പലും,
ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ് അസ്സോസിയേഷന്‍
മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് ലേഖകന്‍)

Leave a Reply

Your email address will not be published. Required fields are marked *

Check Also

15/02/2025