മണമ്പൂര്‍ സുരേഷ്
കാനനഭംഗിയില്‍ വിടരുന്ന മാരിവില്ല്
അറിയുന്നിതേ മര്‍ത്യ ഭാഷയ്ക്ക് വാക്കില്ല
കടലിനെ കാടിനെ പാടി വാഴ്ത്താന്‍ {സുഗതകുമാരി}
ഈ കവിതാശകലം പോലെ പ്രകൃതിയുടെ അനിര്‍വചനീയമായ സൌന്ദര്യമാണ് ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ബ്രസീലിലെ ഇഗാസുവിനു.
വെള്ളച്ചാട്ടങ്ങളുടെ കാര്യം പറയുമ്പോള്‍ പലരും ആദ്യം ഓര്‍ക്കുക നയാഗ്രയെ ആണ്. പക്ഷേ, നയാഗ്രയെ മറികടക്കുന്ന ഒരു വെള്ളച്ചാട്ടത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചക്രവാളത്തോടുരുമ്മുന്ന ഇഗാസു വെള്ളച്ചാട്ടത്തിന്റെ മൂന്നില്‍ ഒന്ന് കുറവാണ് നയാഗ്രയുടെ വിസ്തീര്‍ണ്ണം. ബ്രസീലിലെ ഇഗാസു വെള്ളച്ചാട്ടം കണ്ടശേഷം ആശ്ചര്യപ്പെട്ടുകൊണ്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പത്നി എലെനോര്‍ റൂസ്വെല്‍റ്റ് പറഞ്ഞതായി വന്ന റിപ്പോര്‍ട്ടു ”അയ്യോ പാവം നയാഗ്ര” എന്നായിരുന്നു.
ബ്രസീലും അര്‍ജന്റീനയും ലോകത്തിനു സമ്മാനിക്കുന്ന വിശ്വ മഹാത്ഭുതം ആണ് ഇഗാസു വെള്ളച്ചാട്ടം. രണ്ടേമുക്കാല്‍ കിലോമീറ്റര്‍ നീളവും 270 വെള്ളച്ചാട്ടങ്ങളുടെ സമുച്ചയവും ആണ് ഇഗാസു. ഈ വെള്ളച്ചാട്ടങ്ങളുടെ അഞ്ചില്‍ ഒന്ന് ഭാഗം ബ്രസീലിലും ബാക്കി അര്‍ജന്റീനയിലുമായി പരന്നു കിടക്കുന്നു.
ബ്രസീലിലെ സാവോ പോളോ ദക്ഷിണ അമേരിക്കയുടെ വാണിജ്യ തലസ്ഥാനവും കൂടിയാണ്. അവിടെ നിന്നും ഒന്നര മണിക്കൂര്‍ പ്ലയിനില് യാത്ര ചെയ്താല്‍ ഫോസ് ടൂ ഇഗാസു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തും. അവിടെ നിന്നും ബ്രസീലിന്റെ സൈഡിലുള്ള ഇഗാസു നാഷണല്‍ പാര്‍ക്കിലേക്കുള്ള കാര്‍ യാത്ര വെറും പത്ത് മിനിറ്റ് മാത്രമേ ഉള്ളൂ.
വളരെ കൃത്യമായി കാര്യങ്ങള്‍ നടക്കുകയും, വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്ന ഗവ. ഉടമസ്ഥതയില്‍ ഉള്ള നാഷണല്‍ പാര്‍ക്കിനുള്ളില്‍ ഒരു പ്രൈവറ്റ് ഹോട്ടല്‍ മാത്രമേ അനുവദിച്ചിട്ടുള്ളു. അവിടെയാണ് ഞങ്ങളുടെ താമസം. ഈ ഹോട്ടലിനകത്തിരിക്കുമ്പോള് ഇഗാസു വെള്ളച്ചാട്ടത്തിന്റെ ആരവം കേള്‍ക്കാം. ജനലില്‍ കൂടി നോക്കുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ വിസ്മയം കാണുകയും ചെയ്യാം. ലോകാത്ഭുതമായ ഈ വെള്ളച്ചാട്ടത്തിന്റെ പടുകൂറ്റന്‍ സിംഫണി കാതുകളില്‍ മുഴങ്ങുന്ന രാപകലുകള്‍, അതൊരനുഭവം തന്നെ. ചക്രവാളം പോലെ വളഞ്ഞു പോകുന്ന ഇഗാസു വെള്ളച്ചാട്ടങ്ങളുടെ ദൃശ്യ വിസ്മയം മാസ്മരികമാണ്. നിര നിരയായി പതിക്കുന്ന നീര് വീഴ്ചയ്ക്ക് മുന്നില്‍ വിടര്‍ന്നു വികസിക്കുന്ന മാരിവില്ലിന്റെ ഏഴഴകില്‍ വിരിഞ്ഞു വരുന്ന ദൃശ്യ മനോഹാരിത .
വെറും കച്ചവടക്കണ്ണോടെ ഈ ഇഗാസൂ വെള്ളച്ചാട്ടത്തെ കാണാതെ ജീവജാലങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന രീതിയിലാണീ ലോകാത്ഭുതക്കാഴ്ച കാണാന്‍ ഈ രണ്ടു രാജ്യങ്ങളും അവസരം ഒരുക്കുന്നത്- അര്‍ജന്റീനയും ബ്രസീലും.
ഈ വെള്ളച്ചാട്ടങ്ങളുടെ പതന കേന്ദ്രത്തിലേക്ക് ബോട്ടില്‍ കൊണ്ട് പോയി ഉയരങ്ങളില്‍ നിന്നും പതിക്കുന്ന വെള്ളത്തിന്റെ ധൂളി ഒക്കെ അടിച്ചു സാഹസികമായി കറങ്ങി തിരിഞ്ഞു വരാനുള്ള സൌകര്യം ബ്രസീലിലും അര്‍ജന്റീനയിലും ഉണ്ട്. അവിശ്വസനീയമായ ഈ സാഹസിക യാത്ര കഴിഞ്ഞു മടങ്ങുന്നത് തന്നെ റെയിന്‍കോട്ടിന് മുകളില്‍ കൂടി വെള്ളം അകത്തിറങ്ങി കുളിച്ച മട്ടിലാണ്.
അര്‍ജന്റീനയുടെ ഇഗാസു
ഇഗാസു വെള്ളച്ചാട്ടത്തിന്റെ സമീപ ദൃശ്യം ലഭിക്കുന്നത് അര്‍ജന്റീനയില്‍ നിന്നാണെങ്കില്‍ ബ്രസീല്‍ സമ്മാനിക്കുന്നത് വിശാലവും മാസ്മരികവുമായ ദൂരക്കാഴ്ചയും. അങ്ങനെ ബ്രസീലിലെ ഇഗാസു നാഷണല്‍ പാര്‍ക്കില്‍ നിന്നും അര്‍ജന്റീനയിലെ ഇഗാസു നാഷണല്‍ പാര്‍ക്കിലേക്ക് ഒരു രാജ്യാന്തര കാര്‍ യാത്ര തന്നെ വേണ്ടി വന്നു. അതിരാവിലെ തിരിച്ചാല്‍ വൈകിട്ടു മടങ്ങി വരാന്‍ കഴിയുന്ന ദൂരത്തിലാണ് അര്‍ജന്റീനയിലെ ഇഗാസു.
ഈ രണ്ടു ഇഗാസു നാഷണല്‍ പാര്‍ക്കുകളും വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകള്‍ തന്നെ. ഇവിടെ ഞങ്ങളെ കൊണ്ടുപോകാന്‍ വന്ന ടാക്സി ഡ്രൈവര്‍ യുവതിയ്ക്ക് നമ്മളുമായി ഒരു ചെറിയ ബന്ധമുണ്ടെന്നു പറയാം. ഇവരുടെ അമ്മുമ്മ അമേരിന്ത്യന്‍ അഥവാ ഇന്ടിജിനാസ് എന്നറിയപ്പെടുന്ന ആദിമ നിവാസികളായ ഏഷ്യന്‍ വംശജ ആണ്. ഞങ്ങളെ ഇഗാസു ഫോസ്സ് എയര്‍പോട്ടില്‍ നിന്നും ബ്രസീലിലെ ഇഗാസു നാഷണല്‍ പാര്‍ക്ക് ഹോട്ടലിലേക്ക് കൊണ്ട് വന്നതും ഇവര്‍ തന്നെ.
വളരെ ഉയരങ്ങളില്‍ നിന്നും കുത്തനെ താഴേക്കു പതിക്കുന്ന പടുകൂറ്റന്‍ വെള്ളച്ചാട്ടത്തിനരികില്‍ നില്‍ക്കുന്നത് ആശ്ചര്യം ജനിപ്പിക്കുന്നതും ഒപ്പം ഭയം ഉളവാക്കുന്നതുമാണ്. വെള്ളച്ചാട്ടത്തിനു മുകളില്‍ കെട്ടിയിരിക്കുന്ന ചെറിയ നടപ്പാതയില്‍ നിന്നും ദൃശ്യങ്ങള്‍ കാണാന്‍ സൌകര്യമുണ്ട്. ”നീര് വീഴ്ചയുടെ” പതന പ്രദേശത്ത് നിന്ന് മുകളിലേക്ക് നോക്കി വിസ്മയിക്കാനുള്ള അവസരവും അര്‍ജന്റീനയിലുണ്ട്.
അര്‍ജന്റീനയുടെ സൈഡില്‍ പ്രവേശന കവാടത്തില്‍ നിന്നും വെള്ളച്ചാട്ടങ്ങളുടെ ദൃശ്യ മനോഹാരിതയിലേക്ക് സന്ദര്‍ശകരെ കൊണ്ടുപോകുന്നത് ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന ഊട്ടിയിലേതു പോലെ എന്ന് പറയാവുന്ന ചെറിയ ട്രെയിനില്‍ ആണ്. ഇത് റെയിവേ ട്രാക്ക് ക്രോസ് ചെയ്യുന്ന മൃഗങ്ങളെ സംരക്ഷിക്കുന്ന നിലയില്‍ ഓടുന്നു. മൃഗങ്ങള്‍ വരുമ്പോള്‍ ട്രെയിന്‍ നിര്‍ത്തുന്നു.
ശലഭമായ് വന്ന അമ്മൂമ്മ
അര്‍ജന്റീനയിലെ ഇഗാസു നാഷണല്‍ പാര്‍ക്കില്‍ ഞങ്ങളോടൊപ്പം വെള്ളച്ചാട്ടം കാണാന്‍ കൂടിയ ഒരു അര്‍ജന്റീനിയന്‍ കുടുംബത്തിനു അപൂര്‍വമായ ഒരു ചിത്രശലഭ പ്രേമത്തിന്റെ കഥ പറയാനുണ്ട്. വെള്ളച്ചാട്ടത്തിന്റെ ഓരത്തും, അതിനു മുകളിലും, താഴെയും ഒക്കെയായി ഞങ്ങള്‍ യാത്ര ചെയ്തപ്പോള്‍ ഈ കുടുംബം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അച്ഛനും അമ്മയും ഒരു ബാലനും ആണതില്‍. ഈ കുട്ടി ഈ യാത്രയില്‍ കുറഞ്ഞത് അഞ്ചു തവണ എങ്കിലും ചിത്രശലഭങ്ങളെ തന്റെ കയ്യിലേക്ക് വരുത്തി വെള്ളച്ചാട്ടങ്ങളുടെ ആരവങ്ങള്‍ക്കൊപ്പം കൊണ്ട് നടന്നു. ഓരോ തവണ നോക്കുമ്പോഴും അവന്റെ കയ്യില്‍ ഒരോ ചിത്രശലഭം വന്നിരിക്കുന്നത് കാണാം. അതെങ്ങനെ ആണ് ഈ കുട്ടിയുടെ കയ്യില്‍ ചിത്രശലഭം വന്നെത്തുന്നത് ? ഞങ്ങള്‍ ചോദിച്ചു.
മറുപടി ലാറ്റിനമെരിക്കന്‍ സാഹിത്യകാരന് മാര്‍ക്കേസിന്റെ മാജിക് റിയലിസം പോലെ രസകരമായിരുന്നു. ഈ കുട്ടി കുഞ്ഞായിരിക്കുമ്പോള്‍ അവന്റെ അമ്മുമ്മ മരിച്ചു പോയി. അന്ന് മാതാപിതാക്കള്‍ പറഞ്ഞു കൊടുത്തതാണ് മരിച്ചു പോയവരുടെ ആത്മാക്കള്‍ ചിത്രശലഭങ്ങളായി പറന്നു വന്നു അവരുടെ പ്രിയപ്പെട്ടവരുടെ അരികില്‍ എത്തുമെന്ന്. അന്ന് തുടങ്ങിയ ചിത്രശലഭ പ്രേമമാണ് ഇപ്പോഴും തുടരുന്നത്. ഈ ചിത്രശലഭങ്ങളിലൂടെ അവന് അവന്റെ അമ്മുമ്മയെ കാണുന്നുണ്ടാവുമോ ? എന്റെ ചോദ്യം ഒരു ഡോക്യുമെന്ററിക്കു വേണ്ടിയാണെന്ന് മനസ്സിലായ അമ്മ അതില്‍ നിന്നും ഒഴിഞ്ഞു മാറുക ആയിരുന്നു. ചിത്രീകരിച്ചത് സ്വകാര്യാവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിച്ചാല്‍ മതി എന്നവര്‍ പറഞ്ഞു.
ഇഗാസു – കഥയും കാര്യവും
അഗ്നി പര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ഭൂമിയില്‍ വീണ വലിയ മുറിവാണ് ഇഗാസു വെള്ളച്ചാട്ടമായി രൂപ പരിണാമം വന്നത് എന്ന് പഠനങ്ങള്‍ പറയുന്നു.
പക്ഷേ, ഒരു മഹാത്ഭുതം ആകുമ്പോള്‍ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും എല്ലാം തഴുകലേല്ക്കും. ഇഗാസുവിന്റെ ഉത്ഭവത്തെക്കുറിച്ചും അങ്ങനെ ഒരു കഥ ഇല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. പൌരാണികമായ ഒരു ദുരന്ത പ്രേമ കഥയാണിത്. ബ്രസീലില്‍ സ്പാനിഷുകാര്‍ അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ് എത്തിയത്. അതിനും എത്രയോ മുന്‍പ് സഹസ്രാബ്ദങ്ങളായി ഇവിടെ ജീവിച്ചു വരുന്നവരാണ് ഏഷ്യയില്‍ നിന്നും വന്ന ”ഗുവരാനി ഇന്ത്യന്‍സ്” എന്നറിയപ്പെടുന്ന ആളുകള്‍. ഇഗാസു വെള്ളച്ചാട്ടത്തെക്കുറിച്ച് ഗുവരാനി വംശജര്‍ക്കിടയില്‍ പ്രചാരമുള്ള കഥ കേള്‍ക്കാം.
നെയിപി എന്ന സുന്ദരിയെ മറ്റൊരു ഗോത്രത്തിലെ സമര്‍ഥനായ യോദ്ധാവ് റ്റാരൂബ, വിവാഹം കഴിക്കാന്‍ ഉറപ്പിച്ചു. വിവാഹത്തിനു ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, നെയിപി ഇഗാസു നദീതീരത്ത് കൂടി നടക്കുക ആയിരുന്നു. അവളുടെ മനോഹരമായ ബിംബം ഇഗാസു നദിയില്‍ പ്രതിഭലിച്ച് നദി കൂടി സുന്ദരി ആയി മാറിയത് നാഗ ദൈവമായ മബോയിയുടെ ശ്രദ്ധയില്‍പ്പെട്ടു. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരി ആയ യുവതി ആണ് നെയിപി എന്ന് തിരിച്ചറിഞ്ഞ നാഗ ദൈവം, നെയിപിയെ സ്വന്തമാക്കാന്‍ തീരുമാനിച്ചു. ഗുവരാനി കാരണവന്മാര് നാഗ ദൈവമായ മബോയിയെ പ്രകോപിപ്പിക്കാന്‍ തയാറല്ലായിരുന്നു, കാരണം അവരുടെ പരമോന്നതനായ ദൈവത്തിന്റെ സന്താനമാണ് മബോയി. ദൈവ കോപം ഭയന്ന ഗുവരാനികള്, നെയിപി എന്ന സുന്ദരിയെ, അവളുടെ വിവാഹത്തിന്റെ തലേ ദിവസം ഇഗാസു നദിയില്‍ എറിഞ്ഞു കുരുതി കൊടുക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നുവത്രേ.
റ്റാരൂബയുമായി അഗാധ പ്രേമത്തിലായിരുന്ന നെയിപി ഈ വിവരമറിഞ്ഞ് ആകെ തകര്‍ന്നു. കുപിതനായ റ്റാരൂബ നെയിപിയെ ഈ ദുരന്തത്തില്‍ നിന്നും രക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. ഇഗാസു നദിക്കരയില്‍ ഒത്തു ചേര്‍ന്നു ഒളിച്ചോടാം എന്നായിരുന്നു കാമിതാക്കളുടെ പദ്ധതി. പക്ഷെ നെയിപി ഒരു ചെറു തോണിയില്‍ കയറുന്നത് നാഗ ദൈവമായ മ്ബോയി കാണുകയും അവരെ പിടികൂടാനായി പാഞ്ഞടുക്കുകയും ചെയ്തു. ഇത് കണ്ട റ്റാരൂബ അതിശക്തമായി തുഴയുകയും, പിന്തുടരുന്ന നാഗത്തെ ചെറിയ അകലത്തില്‍ നിര്‍ത്തുകയും ചെയ്തു.
ഈ അകലം കണ്ടു ഭ്രാന്തു പിടിച്ച സര്‍പ്പം നദിയോളം വികസിക്കുകയും നദിയെ രണ്ടായി കീറി പിളര്ക്കുകയുമായിരുന്നുവെന്നാണ് കഥ. തോണിയില്‍ നിന്നും തെറിച്ചു പോയ റ്റാരൂബ നദിക്കരയില്‍ ചെന്ന് വീഴുകയും അവനെ അവിടെ ഒരു പനയായി മാറ്റുകയും ചെയ്തു നാഗ ദൈവം. പിളര്‍ന്നു പോയ നദിയില്‍ വീണ നെയിപി, ഇനിയും ഒളിച്ചോടാതിരിക്കാന്‍ അവളെ ഒരു പാറയാക്കി മാറ്റുകയായിരുന്നു സര്‍പ്പ രാജാവ്. ചെകുത്താന്റെ തൊണ്ട -ഡെവിള്‍സ് ത്രോട്ട്, എന്നറിയപ്പെടുന്ന ഏറ്റവും ശക്തമായ വെള്ളച്ചാട്ടത്തിനു താഴെ നിര്‍ത്തിയിരിക്കുന്നുവെന്നാണ് ഐതിഹ്യം.
പക്ഷേ അടുത്തെത്താന്‍ ആയില്ലെങ്കിലും ബ്രസീലിലെ ഒരു പനമരത്തില്‍ നിന്നും തുടങ്ങുന്ന വര്‍ണ്ണ ശോഭായാര്‍ന്ന മാരിവില്ല് അര്‍ജന്റീനയിലെ നെയിപി പാറയിലെത്തി അവരുടെ സമാഗമം പൂര്‍ത്തിയാക്കുന്നു. അങ്ങനെ ഒരു മാരിവില്ലിന്റെ ഏഴഴകില്‍ വന്നലിഞ്ഞു ചേരുകയാണ് ഇഗാസുവിന്റെ ആ പുരാണ പ്രേമ കഥ.
(ഫോട്ടോഗ്രാഫറും സഞ്ചാരിയും ലണ്ടനിലെ പത്രപ്രവര്‍ത്തകനും ആണ് ലേഖകന്‍)
മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍
ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…