Kerala Pranamam

അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍; താല്‍ക്കാലികക്കാര്‍ വാങ്ങുന്നത് പിഎസ്സി നിയമനം കിട്ടിയവരേക്കാള്‍ ശമ്പളം


കൃഷി വകുപ്പിന് കീഴിലെ കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ അനധികൃത നിയമനം ലഭിച്ചവര്‍ക്ക് പിഎസ് സി വഴി ഉദ്യോഗം നേടിയവരെക്കാള്‍ ശമ്പളം. അനധികൃതമായി നിയമിച്ച കരാര്‍, താല്‍ക്കാലിക ജീവനക്കാരില്‍ മിക്കവര്‍ക്കും പിഎസ് സി വഴി വന്നവരേക്കാള്‍ ശമ്പളമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ റിപ്പോര്‍ട്ടറിന്. എംഡിയുടെ താല്‍ക്കാലിക ഡ്രൈവര്‍ 32, 000 രൂപ വാങ്ങുമ്പോള്‍ പിഎസ് സി വഴി വന്ന ഡ്രൈവറുടെ ശമ്പളമാകട്ടെ വെറും 20000 രൂപ മാത്രമാണ്പിഎസ് സി വഴി ജോലി നേടിയവരെക്കാള്‍ ശമ്പളം അനധികൃതമായി ജോലിക്ക് കയറിയ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലഭിക്കുന്നത് എങ്ങനെയാണെന്ന ചോദ്യമാണ് ഉയരുന്നത്. അനധികൃതമായി ജോലിക്ക് കയറിയ താല്‍ക്കാലിക ജീവനക്കാര്‍ക്ക് തോന്നും പോലെ ശമ്പളം കൊടുക്കാനുള്ള അധികാരം ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചതെങ്ങനെയാണ് എന്നതും വ്യക്തമാക്കപ്പെടേണ്ടതുണ്ട്.കരാര്‍ ജോലിക്കായി പത്രപ്പരസ്യത്തില്‍ കൊടുത്ത ശമ്പളത്തേക്കാളും കൂടിയ ശമ്പളം തോന്നുംപോലെ കൊടുക്കുന്നത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിരുന്നു. പിഎസ് സി വഴി കയറി വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരുടെയും അനധികൃതമായി കയറിയ താല്‍ക്കാലികക്കാരുടെയും ശമ്പളം താരതമ്യം ചെയ്യുമ്പോഴാണ് ഇവിടെ നടക്കുന്ന സ്വജനപക്ഷപാതത്തിന്റെ സ്വഭാവം വ്യക്തമാകുന്നത്.കേരളാ അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷനില്‍ എംഡി കഴിഞ്ഞാല്‍ രണ്ടാമനാണ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സജീവ്. പിഎസ് സി ജോലി നേടി 20 വര്‍ഷമായി സര്‍വീസിലുള്ള സജീവിനെക്കാള്‍ ശമ്പളമാണ് അനധികൃതമായി കയറിയ ഗോപകുമാറിന്. 15 വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന പിഎസ് സി നിയമനം ലഭിച്ച ഡിവിഷണല്‍ എഞ്ചിനീയര്‍ സുരേഷ് കുമാറിനെക്കാളും അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെക്കാളും ശമ്പളമുണ്ട് ഗോപകുമാറിന്.ഗോപകുമാര്‍ സ്റ്റേറ്റ് ഫാര്‍മിംഗ് കോര്‍പറേഷനില്‍ നിന്ന് വിരമിച്ച ശേഷമാണ് ചീഫ് ഫിനാന്‍സിംഗ് കണ്‍ട്രോളിംഗ് ഓഫീസര്‍ എന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത പോസ്റ്റില്‍ എത്തിയത്. താരതമ്യേന കുറഞ്ഞ ശമ്പളമുള്ളവരുടെ കാര്യത്തിലും പിഎസ് സി നിയമനം ലഭിച്ചവരുടെ അവസ്ഥ വ്യത്യസ്തമല്ല. പിഎസ് സി വഴി രണ്ട് വര്‍ഷം മുമ്പ് നിയമിതനായ ഡ്രൈവറുടെ ശമ്പളം 20,475 രൂപയാണ്. എന്നാല്‍ എംഡി കെ ജി പ്രതാപ് രാജ് നിയമിച്ച താല്‍ക്കാലിക ഡ്രൈവറായ ഗിരീഷിന് ശമ്പളം 31,689 രൂപയാണ്. പിഎസ് സി വഴി നിയമിതനായ ഡ്രൈവറേക്കാളും 11,000 രൂപ കൂടുതല്‍. രണ്ട് വര്‍ഷത്തിനിടെ താല്‍ക്കാലിക കരാര്‍ നിയമനത്തിലൂടെ കയറിയ മിക്കവരുടെയും ശമ്പളം കഷ്ടപ്പെട്ട് പഠിച്ച് പിഎസ് സി പരീക്ഷ എഴുതി ജോലി നേടിയവരെക്കാള്‍ വളരെ കൂടുതലാണ്. അനധികൃതമായി നിയമനം നേടിയ ഒരു വര്‍ഷം പൂര്‍ത്തിയായവരെല്ലാം ഒരു വര്‍ഷം കഴിഞ്ഞ് കരാര്‍ പുതുക്കി വാങ്ങി രണ്ടാം വര്‍ഷത്തിലേക്ക് കടന്നു കഴിഞ്ഞു. സര്‍ക്കാര്‍ അംഗീകൃത തസ്തികയല്ല ഇതൊന്നും എന്നതാണ് ശ്രദ്ധേയം.