Kerala Pranamam

‘ആ പാസ് നല്‍കിയത് ഉവൈസിയോ ഡാനിഷ് അലിയോ ആയിരുന്നെങ്കില്‍… ഒന്നാലോചിച്ചു നോക്കൂ’; പാര്‍ലമെന്റ് ആക്രമണത്തില്‍ രാജ്ദീപ് സര്‍ദേശായി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പുകത്തോക്ക് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി.അക്രമികള്‍ക്ക് പാര്‍ലമെന്റിന് അകത്തേക്ക് പാസ് നല്‍കിയത് വേറെ ഏതെങ്കിലും എംപിമാര്‍ ആയിരുന്നെങ്കില്‍ കാര്യങ്ങളുടെ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു എന്നാണ് സര്‍ദേശായിയുടെ അഭിപ്രായ പ്രകടനം.അതിക്രമിച്ചു കയറിയവര്‍ക്ക് സന്ദര്‍ശക പാസ് നല്‍കിയത് എംപിമാരായ അസദുദ്ദീന്‍ ഉവൈസിയോ ഡാനിഷ് അലിയോ ആയിരുന്നെങ്കില്‍ എന്ന് ഒന്നാലോചിച്ചു നോക്കൂ. ശുഭരാത്രി’ – എന്നാണ് സര്‍ദേശായി എക്‌സില്‍ (നേരത്തെ ട്വിറ്റര്‍) കുറിച്ചത്.
മൈസൂരുവില്‍നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹ നല്‍കിയ സന്ദര്‍ശക പാസിലാണ് അതിക്രമം നടത്തിയ സാഗര്‍ ശര്‍മ്മയും മനോരഞ്ജന്‍ ഗൗഡയും പാര്‍ലമെന്റിലെത്തിയത്. അക്രമികളെ കുറിച്ച് തനിക്ക് നേരത്തെ വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നാണ് പ്രതാപ് സിംഹ സ്പീക്കറെ അറിയിച്ചത്. സിംഹയുടെ പേഴ്സണല്‍ അസിസ്റ്റന്റില്‍ നിന്ന് മനോരഞ്ജനാണ് പാസുകള്‍ സംഘടിപ്പിച്ചത്.അതിനിടെ, പ്രതാപ് സിംഹയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.. വിഷയത്തില്‍ പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം സ്പീക്കര്‍ ഓം ബിര്‍ല തള്ളി. പ്രതിഷേധിച്ച സഭാംഗങ്ങളോട് പുറത്തു പോകാനും സ്പീക്കര്‍ ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ചയില്‍ ഏഴ് ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടറിയറ്റ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.