ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ലൈക്ക് നേടിയ ചിത്രമെന്ന റെക്കോര്‍ഡ് ഒരു മുട്ടയ്ക്കാണ്. ‘വേള്‍ഡ് റെക്കോര്‍ഡ് എഗ്ഗ്’ എന്ന ഹാന്‍ഡിലില്‍ പങ്കുവച്ച മുട്ടയുടെ ചിത്രമാണ് ഗിന്നല്‍ ബുക്കില്‍ ഇടം നേടിയത്. നടിയും മോഡലുമായ കെയ്‌ലി ജെന്നറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് മുട്ടപ്പടം റെക്കോര്‍ഡ് സ്ഥാപിച്ചത്.55 മില്ല്യണിലധികം ലൈക്കുകളാണ് ഇതുവരെ മുട്ടപ്പടത്തിനു കിട്ടിയത്. 2019 ജനുവരി നാലിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന്റെ ക്യാപ്ഷന്‍ ഇപ്രകാരമായിരുന്നു, ”നമുക്ക് ഒത്തുചേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ലൈക്ക് നേടിയ പോസ്റ്റെന്ന ലോക റെക്കോര്‍ഡ് സ്ഥാപിക്കാം. 18 മില്ല്യണ്‍ ലൈക്കുകളുമായി കെയ്‌ലി ജെന്നറാണ് ഇപ്പോള്‍ ഈ റെക്കോര്‍ഡിനുടമ.” മകളുടെ ജനനം അറിയിച്ചുകൊണ്ടുള്ള കെയ്‌ലി ജെന്നറുടെ പോസ്റ്റിനെയാണ് മുട്ട പിന്തള്ളിയത്. പോസ്റ്റ് ചെയ്ത് 10 ദിവസം കൊണ്ട് തന്നെ മുട്ടപ്പടം കെയ്‌ലിയെ മറികടന്നു.അന്ന് കെയ്‌ലിയുടെ ചിത്രമായിരുന്നു റെക്കോര്‍ഡിലെങ്കിലും പിന്നീട് പോര്‍ച്ചുഗീസിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോസ്റ്റ് ചെയ്ത ഒരു ചിത്രം 32 മില്ല്യണിലധികം ലൈക്കുകളുമായി രണ്ടാമതെത്തി. ഭാര്യ ഇരട്ടക്കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്ന അടിക്കുറിപ്പില്‍ താനും ഭാര്യയും ഒത്തുള്ള ചിത്രമാണ് ക്രിസ്റ്റ്യാനോ പോസ്റ്റ് ചെയ്തത്. കെയ്‌ലിയുടെ ചിത്രം ഇപ്പോള്‍ ആദ്യ പത്തില്‍ പോലും ഇല്ല.