തിരുവനന്തപുരം: ലോകത്ത് അതിവേഗം പടരുന്ന കൊവിഡ് വകഭേദം ഒമിക്രോണ്‍ ജെ.എന്‍.വണ്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനം ജാഗ്രതയിലാണ്. ഈ സാഹചര്യത്തില്‍ എന്താണ് ജെഎന്‍.വണ്‍ വകഭേദമെന്നും ഇത് എത്രത്തോളം വ്യാപനശേഷിയുള്ളതാണെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎന്‍. വണ്‍. സെപ്റ്റംബറില്‍ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ചൈനയിലും 7 കേസുകള്‍ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലുംഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.ചില രാജ്യങ്ങളില്‍ രോഗ ലക്ഷണങ്ങളുമായി നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലെത്തുന്നതിന് കാരണം ഈ വൈറസിന്റെ സാന്നിധ്യമാണെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് സിംഗപ്പൂരിലടക്കം അധികൃതര്‍ യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകതയെകുറിച്ചും പലയിടത്തും ചര്‍ച്ചയാകുന്നുണ്ട്.നിലവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ എക്‌സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാള്‍ ജെഎന്‍ 1 വകഭേദം വളരെ വേഗത്തില്‍ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് ബാധിച്ച് രോഗം ഭേദപ്പെട്ടവരെയും, വാക്‌സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെഎന്‍ 1ന്റെ രോഗ ലക്ഷണങ്ങള്‍ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങള്‍ കാണുന്നതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാവുക.ഒമിക്രോണ്‍ വകഭേദം പടരുമ്പോള്‍ തന്നെ കൂടുതല്‍ വകഭേദങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനോടകം പല രാജ്യങ്ങളും ജനങ്ങള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇന്ത്യയും അത്തരം നടപടികളിലേക്ക് കടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക, ശുചിത്വം പാലിക്കുക, രോഗ ലക്ഷണങ്ങളുള്ളവര്‍ ഒട്ടും വൈകാതെ പരിശോധയ്ക്ക് വിധേയരാവുക, തുടങ്ങി നേരത്തെ നാം ശീലിച്ച മുന്‍കരുതലുകള്‍ തന്നെയാണ് ഈ വൈറസിനെ ചെറുക്കാനും സ്വീകരിക്കേണ്ടത്. ഭയക്കാതെ ജാഗ്രത പാലിച്ച് ഈ വൈറസിനെയും നമുക്ക് തോല്‍പിക്കാം.