Kerala Pranamam

ഏക സിവില്‍ കോഡില്‍ നിന്ന് ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണം- സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുശീല്‍ മോദി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു നിയമം എന്ന നയം ഗോത്ര വിഭാഗങ്ങള്‍ക്ക് ബാധകമാക്കുന്നത് പ്രായോഗികമല്ലെന്ന് ബിജെപി നേതാവ് സുശീല്‍ മോദി. ഏക സിവില്‍ കോഡിന്റെ പരിധിയില്‍ നിന്ന് രാജ്യത്തെ ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണമെന്നും സുശീല്‍ മോദി അഭിപ്രായപ്പെട്ടു. ഏക സിവില്‍ കോഡ് ചര്‍ച്ചചെയ്ത പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷനാണ് ബിഹാറിലെ മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സുശീല്‍ മോദി.
തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് സുശീല്‍ മോദി തന്റെ നിലപാട് വ്യക്തമാക്കിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രത്യേക ആചാരങ്ങളും വിശ്വാസങ്ങളുമാണ് ഉള്ളതെന്ന് സുശീല്‍ മോദി യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇതിന് ഭരണഘടനാപരമായ പരിരക്ഷയും ഉണ്ട്. ഈ സാഹചര്യത്തില്‍ അനുച്ഛേദം 371 പ്രകാരം ഭരിക്കപ്പെടുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഗോത്ര മേഖലകള്‍ എന്ന് വ്യക്തമാക്കിയിരിക്കുന്ന പ്രദേശങ്ങളെയും ഏക സിവില്‍ കോഡിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെടണമെന്നാണ് സുശീല്‍ മോദി അഭിപ്രായപ്പെട്ടത്.
ഒരു രാജ്യം ഒരു നിയമം എന്ന ബിജെപി നിലപാടിന് എതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില എന്‍ഡിഎ ഘടകക്ഷികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ഒരു പ്രമുഖ ബിജെപി നേതാവ് ഏക സിവില്‍ കോഡ് രാജ്യത്താകമാനം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടുമായി രംഗത്തെത്തുന്നത്.
19 ലക്ഷം അഭിപ്രായങ്ങള്‍ ലഭിച്ചു- നിയമ കമ്മീഷന്‍
ഏക സിവില്‍ കോഡ് സംബന്ധിച്ച് ഇത് വരെ 19 ലക്ഷം അഭിപ്രയങ്ങള്‍ ലഭിച്ചതായി കേന്ദ്ര നിയമ കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജൂലൈ 13 വരെയാണ് അഭിപ്രായങ്ങള്‍ കൈമാറാനുള്ള സമയ പരിധി.