Kerala Pranamam

ഒരു എംപിക്ക് എന്ത് കിട്ടും, ഇതാ പൂര്‍ണ വിവരങ്ങള്‍

 

 

എംപിമാരുടെ ശമ്പളവും അലവന്‍സുകളും കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ശമ്പളം 1.24 ലക്ഷം രൂപയായും പ്രതിദിന അലവന്‍സ് 2500 രൂപയായും ഉയര്‍ത്തി. കൂടാതെ സൗജന്യ യാത്രകളും മറ്റ് ആനുകൂല്യങ്ങളും ഉണ്ട്.
എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. എം പിമാരുടെ ശമ്പളം 1 ലക്ഷത്തില്‍ നിന്ന് 1,24,000 രൂപയായി ഉയര്‍ത്തി. പ്രതിദിന അലവന്‍സ് 2000 രൂപയില്‍ ത്തില്‍ നിന്ന് 2500 രൂപയാക്കിട്ടും ഉയര്‍ത്തിയിട്ടുണ്ട്. എംപിമാരുടെ പ്രതിമാസ പെന്‍ഷന്‍ 25000 രൂപയില്‍ നിന്ന് 31,000 രൂപയാക്കിയും ഉയര്‍ത്തി. 2023 ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം.
ശമ്പളമായി മാസം ഒരു ലക്ഷം രൂപയാണ് നേരത്തെ കിട്ടിയിരുന്നത്. ഇതാണ് ഇപ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ 1.24 ലക്ഷം രൂപയായി ഉയര്‍ത്തിയത്. 2023 ഏപ്രില്‍ ഒന്ന് മുതല്‍ ആണ് മുന്‍കാല പ്രാബല്യം. പ്രതിദിന അലവന്‍സ് 2,000 രൂപ
ആയിരുന്നത് 2,500 രൂപയാക്കി മാറ്റി. പാര്‍ലമെന്റില്‍ പങ്കെടുക്കാനായി രാജ്യതലസ്ഥാനത്തായിരിക്കുമ്പോള്‍
ആണ് ഇത് ലഭിക്കുക.
എംപിയായിരുന്നവര്‍ക്ക് 25,000 രൂപയായിരുന്നു നേരത്തെ പ്രതിമാസ പെന്‍ഷന്‍. ഇത് 31,000 രൂപയാക്കി ഉയര്‍ത്തി. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള എംപിമാര്‍ക്ക് അധികമുള്ള ഓരോ വര്‍ഷത്തിനും 2,500 രൂപ വീതം അധികം ലഭിക്കും. നേരത്തെയിത് 2,000 രൂപയായിരുന്നു. ഇത്രയുമാണ് ഇന്നലെ വര്‍ധന വരുത്തിയ കാര്യങ്ങള്‍.
ഇത് കൂടാതെ എംപിമാര്‍ക്ക് ഓഫീസ് ജോലികള്‍ക്കും മണ്ഡലത്തിലെ ഇടപെടലുകള്‍ക്കുമായി മണ്ഡല അലവന്‍സ്
ഇനത്തില്‍ 70,000 രൂപ പ്രതിമാസം ലഭിക്കും. 60,000 രൂപ ഓഫീസ് അലവന്‍സും ഓരോ മാസവും ലഭിക്കും.
ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗത്തിന് എംപിമാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 1,50,000 സൗജന്യ ടെലിഫോണ്‍ കോളുകളാണ് അനുവദിച്ചിട്ടുള്ളത്. വസതികളിലും ഓഫീസുകളിലും സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുകളും ലഭിക്കും.
വര്‍ഷത്തില്‍ 34 സൗജന്യ ആഭ്യന്തര വിമാന യാത്ര എംപിമാര്‍ക്കും കുടുംബങ്ങള്‍ക്കും ലഭിക്കും. ഇത് കൂടാതെ എംപിയുടെ ജീവിത പങ്കാളിക്ക് എംപിയെ കാണാനായി എട്ടു വിമാനയാത്ര സൗജന്യമായി അനുവദിക്കും. ഔദ്യോഗിക, സ്വകാര്യ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഫസ്റ്റ് ക്ലാസ് ട്രെയിന്‍ യാത്ര സൗജന്യമായി ലഭിക്കും. യാത്രയില്‍ ജീവിത പങ്കാളിയെയോ സഹായിയോ സൗജന്യമായി ഒപ്പം കൊണ്ടുപോകാം.
എംപിമാര്‍ക്ക് അവരുടെ നിയോജക മണ്ഡലങ്ങള്‍ക്കുള്ളില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുമ്പോള്‍ മൈലേജ് അലവന്‍സ്
ക്ലെയിം ചെയ്യാം. കിലോമീറ്ററിന് 16 രൂപ നിരക്കില്‍ ലഭിക്കും. 50,000 യൂണിറ്റ് സൗജന്യ വൈദ്യുതി, 4,000 കിലോലിറ്റര്‍
വെള്ളം എന്നിവയും എല്ലാ എംപിമാര്‍ക്കും സൗജന്യമായി ലഭിക്കും. കംപ്യുട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാനും പ്രത്യേക തുക ലഭിക്കും. എംപിമാര്‍ക്ക് അവരുടെ അഞ്ച് വര്‍ഷത്തെ സേവന കാലയളവില്‍ ദില്ലിയില്‍ സൗജന്യ താമസസൗകര്യവുമുണ്ട്.
സീനിയോറിറ്റി അനുസരിച്ച്, ഫ്‌ലാറ്റുകളോ മുറികളോ ലഭിക്കും. ഇത് വേണ്ടെങ്കില്‍ പ്രതിമാസം 2,00,000 രൂപ ഭവന
അലവന്‍സ് ക്ലെയിം ചെയ്യാം. എംപിമാര്‍ക്ക് താമസ സ്ഥലത്ത് ഒരു ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകള്‍ സൗജന്യമായി നല്‍കും. എംപിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീമിന് കീഴില്‍ മികച്ച സൗജന്യ വൈദ്യസഹായം ലഭിക്കും. എംപിക്ക് വാഹനം വാങ്ങാന്‍ മുന്‍കൂര്‍ തുകയായി നാലു ലക്ഷം രൂപ ലഭിക്കും. ഇത് വളരെ കുറഞ്ഞ പലിശ സഹിതം അറുപത് ഗഡുക്കളായി തിരികെ പിടിക്കും