ജോലി പോയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറായി മാറിയ ഗ്രാഫിക് ഡിസൈനറിന്റെ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മുംബൈ സ്വദേശിയായ കമലേഷ് കാംതേക്കറാണ് വര്‍ഷങ്ങള്‍ പ്രവൃത്തിപരിചയമുള്ള മേഖലവിട്ട് മറ്റൊരു തൊഴില്‍ മേഖലയിലേക്ക് കടന്നിരിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷമായി അസിസ്റ്റന്റ് ക്രിയേറ്റീവ് മാനേജരായി ജോലി ചെയ്യുകയായിരുന്നു കമലേഷ്.
എന്നാല്‍ അഞ്ചുമാസം മുമ്പാണ് ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടത്. തുടര്‍ന്ന് മറ്റൊരു കമ്പനിയില്‍ ജോലിക്ക് വേണ്ടിയുള്ള ശ്രമം തുടങ്ങി. എന്നാല്‍ ഇത്രയും വര്‍ഷത്തെ ജോലിപരിചയമുള്ള കമലേഷിനെ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ശമ്പളത്തില്‍ ജോലിക്കെടുക്കാന്‍ ആരും തയ്യാറായില്ല. കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യാന്‍ തയ്യാറാണോയെന്ന് അപേക്ഷ നല്‍കിയ ചില കമ്പനികള്‍ ഇദ്ദേഹത്തോട് ചോദിച്ചു.
ഒടുവില്‍ ജോലിതേടി മടുത്ത കമലേഷ് ഉറച്ചൊരു തീരുമാനമെടുത്തു. അത്രയും നാള്‍ ചെയ്തുകൊണ്ടിരുന്ന തൊഴില്‍മേഖലയില്‍ നിന്ന് എന്നെന്നേക്കുമായി മാറുക. അതിന് കമലേഷ് എടുത്ത തീരുമാനമാണ് എല്ലാവരെയും ഞെട്ടിച്ചത്. വൈറ്റ്കോളര്‍ ജോലി ഉപേക്ഷിച്ച് മുംബൈയില്‍ ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കണ്ടെത്തുന്നതിനാണ് കമലേഷ് ധീരമായ തീരുമാനമെടുത്തത്.
തന്റെ ജോലിപരിചയത്തെയും കഴിവിനെയും കുറച്ച് കാണാനും കുറഞ്ഞ ശമ്പളത്തില്‍ ജോലിക്കെടുക്കാന്‍ ശ്രമിക്കുന്നതിലും മനംമടുത്താണ് ഓട്ടോ ഓടിക്കാനുള്ള തീരുമാനത്തിലേക്ക് കമലേഷെത്തിയത്. അവര്‍ ഓഫര്‍ ചെയ്യുന്ന കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നതിലും നല്ലത് കുറഞ്ഞ വരുമാനമാണെങ്കിലും സ്വന്തമായൊരു സംരംഭം തുടങ്ങുന്നതാണ് നല്ലതെന്നാണ് കമലേഷ് ചിന്തിച്ചത്.
അത് നടപ്പിലാക്കുകയും ചെയ്തു. തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെ മറികടക്കാന്‍ എടുത്ത തീരുമാനത്തെ പറ്റി കമലേഷ് സമൂഹമാധ്യമമായ ലിങ്കഡിന്നില്‍ സുദീര്‍ഘമായൊരു പോസ്റ്റിട്ടു. ഇപ്പോഴിത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കമലേഷിന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്ത് വന്നത്. ലക്ഷ്യവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമുക്ക് സാധിക്കുമെന്നതിന്റെ തെളിവാണ് കമലേഷിന്റെ ജീവിതം വരച്ചുകാണിക്കുന്നത്.