മനുഷ്യനും പ്രകൃതിയും വിപ്ലവവും സമരവും സ്വാതന്ത്ര്യവുമെല്ലാം ഒഎന്‍വിയുടെ കവിതകള്‍ക്ക് പ്രമേയങ്ങളായി. ലോകത്തിലെ സര്‍വ ദുഖങ്ങളും കവി തന്റെ വേദനയായി കണ്ടു. മനുഷ്യന്റെ പ്രവൃത്തികള്‍ പ്രകൃതിക്കേല്‍പിക്കുന്ന മുറിവുകള്‍ കവിഹൃദയത്തെയും മഥിച്ചു. കവിതയും ഗാനങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കിയ കവിയാണ് ഒ എന്‍ വി. എം എസ് ബാബുരാജ്, എം ബി ശ്രീനിവാസന്‍, കെ രാഘവന്‍, ജി ദേവരാജന്‍, എം കെ അര്‍ജുനന്‍, ബോംബെ രവി, എം ജി രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഒ എന്‍ വി ചേര്‍ന്നപ്പോഴെല്ലാം പിറന്നത് അതീവസുന്ദര ഗാനങ്ങളാണ്. ഒരുവട്ടം കൂടിയെന്‍, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍, ഒരുദലം മാത്രം തുടങ്ങിയ ഗാനങ്ങളെല്ലാം പ്രണയത്തിന്റേയും വിരഹത്തിന്റേയും ഗൃഹാതുരതയുടേയും അടയാളങ്ങളില്‍ കേള്‍ക്കുന്നവരുടെ മനസില്‍ ആഴത്തില്‍ പതിപ്പിച്ചു. മാറി വരുന്ന അഭിരുചികള്‍ക്കനുസരിച്ച് വരികളുടെ ഭാവവും അര്‍ത്ഥതലങ്ങളും മാറ്റാന്‍ ഒ എന്‍ വിയ്ക്കായി.