Kerala Pranamam

കര്‍ണാടകയില്‍ വിജയപ്രതീക്ഷയില്‍ ബിജെപി; വോട്ടെണ്ണല്‍ ചൊവ്വാഴ്ച

ബെംഗളുരു: കര്‍ണാടകയില്‍ മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് അവസാനിച്ചു. ബെല്ലാരി- 63.85, ഷിമോഗ-61.05, മാണ്ഡ്യ-53.93, ജമാഖണ്ഡി-81.58, രാമനഗര-73.71 എന്നിങ്ങനെയാണ് വിവിധ സീറ്റുകളിലേയ്ക്കുള്ള പോളിങ് ശതമാനം. ജമാഖണ്ഡിയിലാണ് ഉയര്‍ന്ന പോളിങ്ങ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബര്‍ ആറിനാണ് വോട്ടെണ്ണല്‍.

വന്‍ വിജയ പ്രതീക്ഷയിലാണ് ബിജെപി. മൂന്നു ലോക്സഭാ സീറ്റുകളിലും വിജയം ഉറപ്പാണെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചു. ഷിമോഗയില്‍ യെഡിയൂരപ്പയുടെ മകന്‍ ബി.എസ്. രാഘവേന്ദ്രയാണ് മത്സരിക്കുന്നത്. രാമനഗര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍.ചന്ദ്രശേഖര്‍ പിന്മാറിയതിനാല്‍ ബിജെപിയുടെ ഏജന്റുമാരെ ബൂത്തുകള്‍ക്ക് അകത്തേക്ക് പ്രവേശിപ്പിച്ചില്ല.

ബെല്ലാരി മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഹരഗിനിദോനി ഗ്രാമത്തില്‍ ശുദ്ധജല വിതരണം കാര്യക്ഷമമല്ലെന്ന പരാതി ഉയര്‍ത്തി വനിതാ വോട്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് വോട്ടിങ്ങിനെ ബാധിച്ചു. രണ്ടിടങ്ങളില്‍ വോട്ടിങ്ങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്നും വോട്ടിങ്ങ് അല്‍പസമയത്തേക്ക് തടസ്സപ്പെട്ടു.