കൊച്ചി കളമശ്ശേരി ഗവ പോളിടെക്നിക്ക് കോളജിലെ കഞ്ചാവ് വേട്ടയില്‍ റിപ്പോര്‍ട്ട് നല്‍കി സാങ്കേതിക സര്‍വകലാശാല വിഭാഗം. കോളജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആര്‍ക്കും എളുപ്പത്തില്‍ കയറാമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ലഹരി ഉപയോഗത്തെക്കുറിച്ച് ഒന്നരമാസം മുന്‍പ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയെന്ന് കോളജ് അധികൃതര്‍ അധികൃതര്‍ മൊഴി നല്‍കിയിട്ടുണ്ട്. വിശദമായ വിവരങ്ങള്‍ ഉന്നതവിദ്യാഭ്യാസ ഡയറക്ടറേ കത്ത് മുഖേന അറിയിച്ചു.
അതേസമയം കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയില്‍ കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയ വിദ്യാര്‍ത്ഥികളെ പ്രതികളാക്കില്ല. നിലവില്‍ സാക്ഷികളാക്കാനാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ പതിനാറായിരം രൂപയാണ് ഗൂഗിള്‍ പേ വഴി പ്രതി അനുരാജിന് അയച്ചു നല്‍കിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം.
നേരത്തെ പോളിടെക്‌നിക്കിലെ പ്രിന്‍സിപ്പല്‍ പൊലീസിന് നല്‍കിയ കത്താണ് ഈ കേസില്‍ ഏറ്റവും നിര്‍ണായകമായത്. ക്യാംപസില്‍ ലഹരി ഇടപാട് നടക്കുമെന്ന സൂചന നല്‍കി കളമശ്ശേരി പോളിടെക്നിക്കിലെ പ്രിന്‍സിപ്പല്‍ പൊലീസിന് കത്ത് നല്‍കിയിരുന്നു. മാര്‍ച്ച് 12നായിരുന്നു പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയത്. ലഹരിക്കായി ക്യാംപസില്‍ പണപ്പിരിവ് നടക്കുന്ന വിവരവും പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നിര്‍ണായക നീക്കം നടത്തിയത്. പ്രിന്‍സിപ്പലിന്റെ കത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്.