Kerala Pranamam

കെ.എം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി സ്‌റ്റേ

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള വിധിക്ക് ഹൈക്കോടതി സ്‌റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാണ് രണ്ടാഴ്ച സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. കോടതി ചെലവായ 50,000രൂപ ഉടന്‍ കെട്ടിവെക്കാനും നിര്‍ദേശമുണ്ട്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കെ.എം ഷാജിയെ അയോഗ്യനാക്കിയത്. അടുത്ത ആറു വര്‍ഷത്തേക്ക് ഷാജിക്ക് മത്സരിക്കുന്നിനും അയോഗ്യത കല്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് ഹര്‍ജിയില്‍ നികേഷ് ആരോപിച്ചിരുന്നു. അത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും ഷാജിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമായിരുന്നു നികേഷിന്റെ ആവശ്യം.

2016ലെ തെരഞ്ഞെടുപ്പില്‍ 2287 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.എം ഷാജി വിജയിച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാക്കാന്‍ ഒരു പ്രത്യേക മതവിഭാഗത്തിനിടയില്‍ കെ.എം ഷാജി നടത്തിയ വര്‍ഗീയ പ്രചാരണം തന്റെ വിജയത്തിന് തടസ്സമായി എന്നായിരുന്നു നികേഷ് കുമാറിന്റെ ആരോപണം.