കേരളത്തിനുള്ള കേന്ദ്ര പദ്ധതികള്‍ എണ്ണി പറഞ്ഞ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതരാമനും ജോണ്‍ ബ്രിട്ടാസ് എം പി യും തമ്മില്‍ വാക്ക് പോരിന് പിന്നാലെയാണ് പദ്ധതികള്‍ എണ്ണി പറഞ്ഞത്. ജിഎസ്ടിയെ കുറിച്ചുള്ള ജോണ്‍ ബ്രിട്ടാസ് എം പി യുടെ ചോദ്യം സംസ്ഥാന ധനമന്ത്രിയോട് ചോദിച്ചാല്‍ മതിയെന്നും മറുപടി പറയാന്‍ സംസ്ഥാന ധനമന്ത്രിക്കാണ് തന്നേക്കാള്‍ യോഗ്യതയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
2024 ഓഗസ്റ്റല്‍ കേന്ദ്ര മന്ത്രിസഭ പാലക്കാട് വ്യവസായിക അനുമതി അംഗീകരിച്ചുവെന്നും കണ്ണൂര്‍ വിമാനത്താവളത്തിന് ആര്‍സിഎസ് ഉഡാന്‍ പദ്ധതി പ്രഖ്യാപിച്ചെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. കോട്ടയത്ത് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് ഗ്രൗണ്ട് ക്ലിയറന്‍സ്. 2014 ന് ശേഷം 1300 കിലോമീറ്റര്‍ ദേശീയപാത നിര്‍മിച്ചു. ഭാരത് മാല പദ്ധതി വഴി ദേശീയപാത ഇടനാഴികള്‍. ഇന്ത്യയിലെ ആദ്യ വാട്ടര്‍ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുവെന്നും കേന്ദ്ര ധനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2014 മുതല്‍ മെട്രോ റെയില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിന് 3042 കോടി റെക്കോര്‍ഡ് റെയില്‍വേ വിഹിതം. 125 കിലോമീറ്റര്‍ പുതിയ ട്രാക്കുകള്‍ നിര്‍മ്മിച്ചു. രണ്ടു വന്ദേമാരത് ട്രെയിനുകള്‍ അനുവദിച്ചു. 35 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിച്ചുവെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അനുസരിച്ച് 1.6 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു. സ്വച്ഛഭാരത് പദ്ധതിയില്‍ 2.5 ലക്ഷം ശുചിമുറികള്‍ നിര്‍മ്മിച്ചു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി 21 ലക്ഷം കുടിവെള്ള കണക്ഷന്‍. 82 ലക്ഷം ആയുഷ്മാന്‍ കാര്‍ഡുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തു. 1500 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 66 ലക്ഷം ജന്‍ ധന്‍ അക്കൗണ്ടുകള്‍ ആരംഭിച്ചു. 1.6 കോടി മുദ്ര മുദ്ര അക്കൗണ്ടുകള്‍ അനുവദിച്ചതായും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.