Kerala Pranamam

കോലിയുടെ സെഞ്ചുറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല; ഇന്ത്യയ്ക്ക് 43 റണ്‍സ് തോല്‍വി

പുനെ: വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ചുറിയിലും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. ഇന്ത്യയ്ക്ക് 43 റണ്‍സ് തോല്‍വി. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.4 ഓവറില്‍ 240 റണ്‍സിന് പുറത്തായി. പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറി നേടിയ കോലിക്ക്(107) മാത്രമാണ് ഇന്ത്യന്‍ താരങ്ങളില്‍ തിളങ്ങാനായത്. വിന്‍ഡീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാമുവല്‍സിന്റെ പ്രകടനം നിര്‍ണായകമായി. ഹോള്‍ഡറും നഴ്സും മക്കോയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഇതോടെ പരമ്പരയില്‍ ഇരു ടീമുകളും 1-1ന് ഒപ്പമെത്തി.

ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയും വിന്‍ഡീസും ഒപ്പമെത്തി. ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന് ജയിച്ചപ്പോള്‍, വിശാഖപട്ടണത്തു നടന്ന രണ്ടാം മല്‍സരം ടൈയില്‍ അവസാനിച്ചിരുന്നു. പരമ്പരയിലെ നാലാം മല്‍സരം തിങ്കളാഴ്ച മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടക്കും.