Kerala Pranamam

ക്രിക്കറ്റില്‍ പുതിയ “സ്റ്റോപ്പ്‌ ക്ലോക്ക്” നിയമവുമായി ഐസിസി. ബോളിംഗ് ടീമിന് കിട്ടുന്നത് വമ്ബൻ പണി.

കാലാകാലങ്ങളില്‍ ഒരുപാട് മാറ്റങ്ങളാണ് ക്രിക്കറ്റിന് വന്നിരിക്കുന്നത്. ക്രിക്കറ്റ് നിയമങ്ങളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചിട്ടുണ്ട്.സ്ട്രാറ്റജിക് ടൈം ഔട്ടുകളും ഡിസിഷന്‍ റിവ്യൂ സിസ്റ്റവും അടക്കമുള്ള മാറ്റങ്ങള്‍ ക്രിക്കറ്റിന് ഒരുപാട് പുതിയ തലങ്ങള്‍ സമ്മാനിച്ചു. പലതും ക്രിക്കറ്റിന്റെ വിവിധ മേഖലകളും ലൂപ്പ് ഹോളുകളും ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം പുതിയ ഒരു നിയമം കൂടി ക്രിക്കറ്റിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഐസിസി ഇപ്പോള്‍.’സ്റ്റോപ്പ് ക്ലോക്ക്’ എന്ന പേരിട്ടിരിക്കുന്ന പുതിയ നിയമമാണ് ഇപ്പോള്‍ ക്രിക്കറ്റിലേക്ക് എത്തുന്നത്. മത്സരങ്ങള്‍ കൃത്യമായ സമയത്ത് അവസാനിക്കുന്നതിനും, കാര്യങ്ങള്‍ പക്വതയോടെ തയ്യാറാക്കുന്നതിനുമായാണ് ഐസിസി ഇപ്പോള്‍ ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നത്.അഹമ്മദാബാദില്‍ കൂടിയ ഐസിസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് മീറ്റിങ്ങിലൂടെയാണ് സ്റ്റോപ്പ് ക്ലോക്ക് നിയമം ക്രിക്കറ്റില്‍ കൊണ്ടുവരാന്‍ തീരുമാനമായത്. എന്താണ് സ്റ്റോപ്പ് ക്ലോക്ക് നിയമം എന്ന് നോക്കാം. പ്രധാനമായും ക്രിക്കറ്റ് മത്സരം അതിന്റേതായ സമയത്ത് അവസാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്റ്റോപ്പ് ക്ലോക്ക് നിയമം കൊണ്ടുവന്നിരിക്കുന്നത്. നിലവില്‍ ഏകദിന, ട്വന്റി20 ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ ഓവറുകള്‍ക്കിടയില്‍ ഒരുപാട് സമയം കളിക്കാര്‍ ചിലവഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സമയം നിയന്ത്രിക്കുക എന്നതാണ് സ്റ്റോപ്പ് ക്ലോക്കിലൂടെ അര്‍ത്ഥമാക്കുന്നത്. മത്സരത്തില്‍ ഒരു ഓവര്‍ എറിഞ്ഞശേഷം 60 സെക്കന്‍ഡിനുള്ളില്‍ തന്നെ അടുത്ത ഓവര്‍ ആരംഭിക്കണം എന്നതാണ് ഈ നിയമത്തില്‍ പറയുന്നത്. അല്ലാത്തപക്ഷം ബോളിംഗ് ടീമിനെ വലിയ വില തന്നെ നല്‍കേണ്ടിവരും.ഓരോവര്‍ അവസാനിച്ച ശേഷം അടുത്ത ഓവര്‍ 60 സെക്കന്‍ഡിനുള്ളില്‍ തുടങ്ങിയില്ലെങ്കില്‍ ബോളിംഗ് ടീമിന് പ്രധാന ശിക്ഷകള്‍ ലഭിക്കുന്നു. മത്സരത്തില്‍ 3 തവണ ബോളിംഗ് ടീം ഇത്തരത്തില്‍ 60 സെക്കന്‍ഡിലധികം ഓവറുകള്‍ക്കിടയില്‍ ചിലവഴിച്ചാല്‍ അവര്‍ക്ക് ഫൈന്‍ ചുമത്തപ്പെടും.5 പെനാല്‍റ്റി റണ്‍സാണ് പിഴയായി ചുമത്തുന്നത്. അതായത് ഇത്തരം സാഹചര്യത്തില്‍, ബാറ്റ് ചെയ്യുന്ന ടീമിന് 5 റണ്‍സ് അധികമായി ലഭിക്കും. എന്നാല്‍ ഈ നിയമം ക്രിക്കറ്റിനെ എങ്ങനെ ബാധിക്കും എന്നത് വലിയ ഒരു ചോദ്യചിഹ്നമാണ്. കാരണം ബോളിംഗ് ടീമിന് ഈ നിയമം കൂടുതല്‍ സമ്മര്‍ദ്ദം നല്‍കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഒരു പരീക്ഷണ അടിസ്ഥാനത്തില്‍ ഇത് തുടങ്ങാനാണ് ഐസിസി തയ്യാറായിട്ടുള്ളത്.ഠ’ഒരു മത്സരത്തില്‍ ബോളിംഗ് ടീം ഒരോവര്‍ അവസാനിച്ചശേഷം 60 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഓഫര്‍ ആരംഭിച്ചില്ലെങ്കില്‍ ഈ നിയമം പ്രാവര്‍ത്തികമാക്കും. ഇത്തരത്തില്‍ മൂന്ന് തവണ ഒരു ഇന്നിംഗ്‌സില്‍ ഈ സമയക്രമം പാലിച്ചില്ലെങ്കില്‍ 5 റണ്‍സ് ബാറ്റിംഗ് ടീമിന് സൗജന്യമായി നല്‍കും’- ഐസിസി മീഡിയ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ പുരുഷ ക്രിക്കറ്റില്‍ 2023 ഡിസംബര്‍ മുതലാണ് ഈ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ട്വന്റി20 ക്രിക്കറ്റിലാണ് ആദ്യമായി ഈ നിയമം കൊണ്ടുവരുന്നത്. 2023 ഡിസംബര്‍ മുതല്‍ 2024 ഏപ്രില്‍ വരെയാവും പരീക്ഷണ അടിസ്ഥാനത്തില്‍ ഈ നിയമം പുരുഷ ക്രിക്കറ്റില്‍ പ്രയോഗിക്കുക. എന്തായാലും ഈ നിയമം വലിയ മാറ്റങ്ങള്‍ തന്നെ ക്രിക്കറ്റില്‍ വരുത്തും എന്ന കാര്യത്തില്‍ സംശയമില്ല.