Kerala Pranamam

ക്ഷേത്രങ്ങളില്‍ തിരക്കേറുന്നു; അയോധ്യയില്‍ രാമക്ഷേത്രം തുറക്കുന്നതോടെ സ്പിരിച്വല്‍ ടൂറിസം വളരുമെന്ന് റിപ്പോര്‍ട്

അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ സ്പിരിച്വല്‍ ടൂറിസം ഏഴ് മുതല്‍ ഒന്‍പത് ശതമാനം വരെ വളര്‍ച്ച പ്രാപിക്കുമെന്ന് റിപ്പോര്‍ട്ട്.
കോവിഡിന് ശേഷമുള്ള കാലയളവില്‍ ഇന്ത്യയിലെ വിനോദസഞ്ചാര മേഖല തിരിച്ചു വരുന്നതില്‍ പ്രധാന പങ്കുവഹിച്ചത് സ്പിരിച്വല്‍ ടൂറിസമാണ്. 2020-ല്‍ ഇന്ത്യയില്‍ 44 ബില്യണ്‍ ഡോളറിന്റെ ബിസിനസാണ് ഈ മേഖലയില്‍ നടന്നതെങ്കില്‍ 2023 ആയപ്പോള്‍ അത് ഏകദേശം 56 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം വഴി, കോവിഡിന് ശേഷം രാജ്യത്തെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായി. ഈ ക്ഷേത്ര നഗരങ്ങളുടെ പട്ടികയില്‍ അയോധ്യയും ഉള്‍പ്പെടുന്നുണ്ട്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടെ ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം ഇനിയും ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.ആത്മീയ യാത്രകള്‍ പണ്ടത്തേതു പോലെ തീര്‍ത്ഥാടനങ്ങളില്‍ മാത്രമായി ഇപ്പോള്‍ പലരും ഒതുക്കാറില്ലെന്നും, ആ പ്രദേശത്തെ മറ്റ് അനുഭവങ്ങളും സാഹസികതകളും പര്യവേക്ഷണം ചെയ്യാന്‍ പലരും സമയം കണ്ടെത്താറുണ്ടെന്നും, എസ്ഒടിസി (SOTC) ട്രാവല്‍, ഹോളിഡേസ്, കണ്‍ട്രി ഹെഡും പ്രസിഡന്റുമായ ഡാനിയല്‍ ഡിസൂസ പറഞ്ഞു. ”ഉദാഹരണത്തിന് വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ എത്തിയാല്‍, രാമേശ്വരത്ത് വൈറ്റ്വാട്ടര്‍ റാഫ്റ്റിംഗും നൈറ്റ് ട്രെക്കിംഗും എല്ലാം നടത്താം. ഋഷികേശിലെ ബംഗീ ജമ്ബിംഗും പ്രശസ്തമാണ്. ഗംഗയില്‍ വരുന്നവരെ അവിടെയുള്ള സൂര്യാസ്തമയത്തിന്റെ മനോഹരമായ കാഴ്ചകള്‍ ആകര്‍ഷിക്കാറുണ്ട്. ഗംഗയില്‍ വരുന്നവര്‍ക്ക് ബോട്ടിംഗ് നടത്താനുള്ള സൗകര്യവും ഉണ്ട്. വാരണാസിയില്‍ എത്തുന്നവര്‍ സന്ദര്‍ശിക്കുന്ന മറ്റൊരു സ്ഥലമാണ് നെയ്ത്തുകാരുടെ ഗ്രാമം ‘, ഡാനിയല്‍ ഡിസൂസ പറഞ്ഞു. കോവിഡ് മഹാമാരിക്കു ശേഷം സഞ്ചാരികളുടെ മുന്‍ഗണനകള്‍ തന്നെ മാറിയെന്നും, അത് സ്പിരിച്വല്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”2019 ലെ ചാര്‍ഥാം തീര്‍ത്ഥാടനത്തില്‍ 34 ലക്ഷം വിനോദസഞ്ചാരികളാണ് പങ്കെടുത്തത്. കോവിഡിനെത്തുടര്‍ന്ന് തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍ ഇവിടെ തീര്‍ത്ഥാടനം നടന്നിരുന്നില്ല. 2022 ല്‍ ഇവിടെ 35.2 ലക്ഷം സന്ദര്‍ശകരാണ് എത്തിയത്. 2023 ല്‍ ഇവിടെക്കെത്തിയ സന്ദര്‍ശകരുടെ എണ്ണം 56.1 ലക്ഷമായി ഉയര്‍ന്നു. റോഡ് ഗതാഗതം ഉള്‍പ്പെടെ, ഇവിടെക്കുള്ള അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദില്‍ നിന്ന് നാഥദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലേക്കുള്ള റോഡ് ഇതിന് ഉദാഹരണമാണ്. വാരാന്ത്യങ്ങളില്‍ ധാരാളം തീര്‍ത്ഥാടകര്‍ ഇവിടേക്ക് എത്താറുണ്ട്”, ആനന്ദ് രതി അഡൈ്വസേഴ്‌സ് ലിമിറ്റഡിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് ഡയറക്ടര്‍ അതുല്‍ തക്കര്‍ പറഞ്ഞു.”2022-ല്‍ അമര്‍നാഥില്‍ 3 ലക്ഷം തീര്‍ഥാടകരാണ് എത്തിയത്. 2023-ല്‍ അത് 4.3 ലക്ഷം സന്ദര്‍ശകരായി ഉയര്‍ന്നു. 2023-ല്‍ ഗോവയില്‍ 85 ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയതെങ്കില്‍ തിരുപ്പതി ക്ഷേത്രത്തില്‍ മൂന്നു കോടി തീര്‍ത്ഥാടകരാണ് ഇതേ കാലയളവില്‍ എത്തിയത്”, അതുല്‍ തക്കര്‍ കൂട്ടിച്ചേര്‍ത്തു.പുതുവര്‍ഷദിനത്തില്‍ ഓയോയില്‍ കൂടുതല്‍ പേരും തിരഞ്ഞത് ബീച്ചുകളെയും ഹില്‍സ്റ്റേഷനുകളെയും കുറിച്ചല്ലെന്നും, മറിച്ച് അയോധ്യയെക്കുറിച്ചാണെന്നും ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാളും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുതുവര്‍ഷ ദിനം ഓയോയില്‍ 80 ശതമാനം പേരും തിരഞ്ഞത് അയോധ്യയെക്കുറിച്ചാണ്.