Kerala Pranamam

ക്ഷേത്രപ്രവേശന വിളംബരത്തിന് 82 വയസ്

ജോസ് ചന്ദനപ്പള്ളി

കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ക്ഷേത്ര പ്രവേശന വിളംബരത്തിന് 82 (2018 നവംബര്‍ 12-ന്) വയസ്സാകുന്നു. തിരുവിതാംകൂറിലെ അവര്‍ണരായ ഹൈന്ദവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്. തിരുവിതാംകൂറിലും പിന്നീട് കേരളമൊട്ടാകെയും സാമൂഹിക പുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായ ഒരു നാഴികക്കല്ലായി 1936 നവംബര്‍ 12 നു പുറത്തിറങ്ങിയ ഈ വിളംബരം വിശേഷിപ്പിക്കപ്പെടുന്നു. 1829-ല്‍ സതി നിരോധിച്ചശേഷം സ്വാതന്ത്ര്യ പൂര്‍വ്വ ഇന്ത്യയില്‍ നിലവില്‍ വന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്‌കാരമായും ക്ഷേത്രപ്രവേശന വിളംബരം ഗണിക്കപ്പെടാനുണ്ട്. അവര്‍ണക്കും കീഴാളര്‍ക്കും ക്ഷേത്രദര്‍ശനം നടത്താനും ക്ഷേത്രത്തിനടുത്തു കൂടിയുള്ള പൊതുവഴിയിലൂടെ സഞ്ചരിക്കുന്നതിനുമുള്ള അവകാശത്തിനുവേണ്ടിയും വൈക്കം സത്യാഗ്രഹമടക്കം നിരവധി സമരങ്ങള്‍ വേണ്ടിവന്നു. ഒടുവില്‍ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുകയാണുണ്ടായത്.

സര്‍ സി.പിയുടെ പങ്ക്

ക്ഷേത്രപ്രവേശനത്തിനായുള്ള ചെറു സമരങ്ങള്‍ അവിടവിടെ അരങ്ങേറിയെങ്കിലും വിളംബരം പുറത്തിറങ്ങാന്‍ പ്രബലമായൊരു കാരണം ദിവാന്‍ സര്‍.സി.പി രാമസ്വാമി അയ്യര്‍ മഹാരാജാവില്‍ ചെലുത്തിയ പ്രേരണയുണ്ടെന്ന് ചിലര്‍ വിശ്വസിക്കുന്നു. 1932-ല്‍ സര്‍.സി.പി മുന്‍കൈ എടുത്ത് അധ:കൃത ജനങ്ങളുടെ ക്ഷേത്രപ്രവേശനത്തെപ്പറ്റി പഠിക്കാന്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, മഹാദേവ അയ്യര്‍, തമ്പി നീലകണ്ഠശര്‍മ എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മറ്റിയുണ്ടാക്കി. ജാതി ഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കേണ്ടതില്ല എന്നായിരുന്നു ആ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് 1939 ല്‍ ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്നത്തെ ദിവാനായ വി.എസ്. സുബ്രഹ്മണ്യയ്യര്‍ അദ്ധ്യക്ഷനായുള്ള എട്ടംഗ സമിതിയെ മഹാരാജാവ് നിയോഗിച്ചിരുന്നു. സമിതി രണ്ടു വര്‍ഷത്തിനുശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ക്ഷേത്രപ്രവേശനത്തിനനുകൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല. അവര്‍ണരെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ സവര്‍ണര്‍ക്ക് പരമ്പരാഗതമായുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന കോടതിയുത്തരവുകളായിരുന്നു സമിതി പ്രധാനമായും ആശ്രയിച്ചത്. ക്ഷേത്രപ്രവേശനം എന്ന കാതലായ ആശയം മാറ്റി വച്ച് തീണ്ടല്‍ അവസാനിപ്പിക്കാനുള്ള ചില നടപടികള്‍ സമിതി ശുപാര്‍ശ ചെയ്തു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവഴിച്ചു നിര്‍മ്മിച്ച റോഡുകളും പൊതു കുളങ്ങളും എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി തുറന്നുകൊടുക്കണമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ. ഇതു മെയ് മാസത്തില്‍ നടപ്പിലാക്കി.
ജാതീയമായ ഉച്ചനീചത്വങ്ങളില്‍ മനം മടുത്ത അവര്‍ണ്ണ ഹിന്ദുക്കള്‍ വ്യാപകമായി മതപരിവര്‍ത്തനത്തിനു തയ്യാറായതാണ് ക്ഷേത്രപ്രവേശനത്തിനനുകൂലമായ തിരുമാനമെടുക്കാ നുണ്ടായ മറ്റൊരു പ്രധാന കാരണം. ഹിന്ദുമതം ഉപേക്ഷിച്ചു പോരാടാന്‍ ഡോ.അംബേദ്കര്‍ ആഹ്വാനം ചെയ്തിരുന്നു. ഒപ്പം തിരുവിതാംകൂറിലെ ജാതി വിരുദ്ധ സമരങ്ങള്‍ക്ക് മിക്കപ്പോഴും പുരോഗമന ചിന്താഗതിക്കാരായ സവര്‍ണ്ണ ഹിന്ദുക്കളില്‍ നിന്നും പിന്തുണ കിട്ടിയിരുന്നു. ടി.കെ.മാധവന്‍ അയിത്തത്തിനെതിരായ സമരത്തില്‍ മന്നത്ത് പത്മനാഭന്‍, ചങ്ങനാശേരി പരമേശ്വരന്‍ പിള്ള തുടങ്ങിയ സവര്‍ണ നേതാക്കളുടെ പിന്തുണയും ഉറപ്പാക്കിയിരുന്നു. ശ്രീനാരായണ ഗുരുവിന്റെ അനുയായികള്‍ രൂപവത്കരിച്ച എസ്.എന്‍.ഡി.പി യോഗവും അയ്യങ്കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘവുമായിരുന്നു തിരുവിതാംകൂറില്‍ അയിത്തോച്ചാടത്തിനുവേണ്ടി മുറവിളി കൂട്ടിയ സംഘടനകള്‍. ഇവരുടെ നിലപാടുകള്‍ക്ക് നമ്പൂതിരിമാരുടെ യോഗക്ഷേമസഭ, നായര്‍ സര്‍വീസ് സൊസൈറ്റി എന്നീ സവര്‍ണ ഹൈന്ദവ സംഘടനകളും പിന്തുണ നല്‍കിയത്. ഗുണപരമായിതീര്‍ന്നു. അതിനെ അനുകൂലിച്ച് നിലപാടെടുത്തവരില്‍ അക്കാലത്തെ ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്ന ശങ്കരന്‍ തമ്പ്രാക്കളും ഉണ്ടായിരുന്നു. തമ്പ്രാക്കള്‍ വിളംബരത്തിന് അനുകൂലമായ അഭിപ്രായം എടുത്തത് മറ്റു യാഥാസ്ഥിതികരായ എതിരാളികളുടെ തടസ്സവാദങ്ങളെ ലഘൂകരിക്കാന്‍ സഹായകമായിരുന്നു.
യാഥാസ്ഥിതിക ഹൈന്ദവരുടെ എതിര്‍പ്പിനെ അവഗണിച്ച് ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് ക്ഷേത്രപ്രവേശനവുമായി മുന്നോട്ടുപോയി. ഒടുവില്‍ മഹാരാജാവ് ശ്രീ പദ്മനാഭ ദാസ വഞ്ചിപാല സര്‍ രാമവര്‍മ കുലശേഖര കീരിടപതി മന്നേ സുല്‍ത്താന്‍ മഹാരാജാ രാമവര്‍മ ബഹദൂര്‍ ഷംഷെര്‍ജംഗ്, നൈറ്റ് ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദ ഇന്ത്യന്‍ എംപയര്‍ തിരുവിതാംകൂര്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് 1936 നവംബര്‍ 12 നുക്ക ശരിയായ 1112 തുലാം 12 ന് പ്രസിദ്ധപ്പെടുത്തുന്ന വിളംബരം താഴെ ചേര്‍ക്കുന്നു. ”നമ്മുടെ ഹിന്ദു പ്രജകളില്‍ ആര്‍ക്കും തന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമത വിശ്വാസത്തില്‍ ശാന്തിയും സാന്ത്വനവും നിഷേധിപ്പാന്‍ പാടില്ലെന്നുള്ള ഉല്‍കണ്ഠയാലും നാം തിരുമാനിക്കുകയും ഇതിനാല്‍ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാല്‍, സമുചിതമായ പരിതസ്ഥിതികള്‍ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചു നടത്തുന്നതിനും നാം നിശ്ചയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാള്‍ക്കും നമ്മടെ ഗവണ്‍മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധന തടഞ്ഞതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു.” ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്നാണ് സി.രാജഗോപാലാചാരി ഇതിനെ വിശേഷിപ്പിച്ചത്. ”ജനങ്ങളുടെ ആത്മീയ വിമോചനത്തിന്റെ ഒരു സ്മൃതി” എന്നു ഗാന്ധിജി പറഞ്ഞ ക്ഷേത്രപ്രവേശന വിളംബരം 80 വര്‍ഷങ്ങള്‍ പിന്നിടുന്നു.

(പട്ടം സെന്റ് മേരീസ് റ്റി.റ്റി.ഐ. മുന്‍ പ്രിന്‍സിപ്പലും,
ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ് അസ്സോസിയേഷന്‍
മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് ലേഖകന്‍)