Kerala Pranamam

‘ഗാന്ധിജി’ സ്റ്റാമ്പുകളുടെ കൂമ്പാരവുമായി കെ.കെ. മാത്യു പി.ടി. തോമസ്

 

 

പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ അപൂര്‍വ സ്റ്റാമ്പുകള്‍, നാണയങ്ങള്‍, കറന്‍സികള്‍ തുടങ്ങിയവയുടെ ശേഖരണവുമായി ഏഴംകുളം സ്വദേശി കെ.കെ. മാത്യു. ഏകദേശം 140 രാജ്യങ്ങള്‍ ഇതുവരെ മഹാത്മാഗാന്ധിയുടെ സ്മരാണാര്‍ഥം ഇറക്കിയിട്ടുള്ള ഒട്ടുമിക്ക തപാല്‍ സ്റ്റാമ്ബുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് 2018മുതല്‍ വിവിധ ലോകരാഷ്ട്രങ്ങള്‍ ഇറക്കിയ എല്ലാ സ്റ്റാമ്പുകളും ഇതില്‍ ഉള്‍പ്പെടും. മലേഷ്യ ഇറക്കിയ സ്വരോവസ്‌കി ക്രിസ്റ്റല്‍ പതിച്ച സ്റ്റാമ്പുകള്‍ ഗിനി ഇറക്കിയ തടിയില്‍ തീര്‍ത്ത സ്റ്റാമ്പ് , മാലിദീപ് ഇറക്കിയ സില്‍ക്കില്‍ തീര്‍ത്ത സ്റ്റാമ്പ് തുടങ്ങിയവ പ്രത്യേകതയാണ്.ഇന്ത്യയാണ് ആദ്യമായി ഗാന്ധിസ്മാരക സ്റ്റാമ്പുകള്‍ 1948ല്‍ പുറത്തിറക്കിയത്. അമേരിക്കയാണ് ആദ്യമായി 1961 ജനുവരി 26ന് ഗാന്ധിജിയുടെ സ്മരണാര്‍ഥം സ്റ്റാമ്ബ് ഇറക്കുന്ന ആദ്യ വിദേശരാജ്യം. ഇവ എല്ലാം ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. 1969ല്‍ ഗാന്ധിജിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് വിവിധ രാജ്യങ്ങള്‍, ഇന്ത്യ ഇറക്കിയ 100, 10, 5 , 2, ഒരു രൂപ നോട്ടുകള്‍, 10 രൂപ, 50 പൈസ, 20 പൈസ നാണയങ്ങള്‍, ഗാന്ധിജിയുടെ ചിത്രത്തോടുകൂടി ഇന്ത്യ ആദ്യമായി ഇറക്കിയ 500 രൂപ നോട്ടുകള്‍ , ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അനുസ്മരിച്ച് ഇറക്കിയ സ്മാരക നാണയങ്ങള്‍ ഇവയും ശേഖരത്തിലുണ്ട്.മാള്‍ട്ട 2005ല്‍ ഇറക്കിയ 5000 ലിറയുടെ ഒരു കിലോ തൂക്കം വരുന്ന വെള്ളിപൂശിയ ഫാന്റസി കോയിന്‍ ശേഖരത്തിലെ പ്രത്യേകതയാണ്. സ്റ്റാമ്ബിനൊപ്പം അവ പുറത്തിറക്കിയ രാജ്യം, ചരിത്രം, മൂല്യം, വര്‍ഷം തുടങ്ങിയവയും രേഖപ്പെടുത്തിയിട്ടുണ്ട്. ബി.എസ്.എന്‍.എല്ലില്‍നിന്ന് വിരമിച്ച മാത്യു തന്റെ ഒഴിവുസമയങ്ങള്‍ സ്റ്റാമ്പ് ശേഖരണത്തിനായാണ് വിനിയോഗിക്കുന്നത്. ജില്ലതലത്തിലും സംസ്ഥാന തലത്തിലും വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് ധാരാളം സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഗാന്ധിജയന്തി ദിനത്തില്‍ സ്റ്റാമ്പുകളുടെ പ്രദര്‍ശനങ്ങളും സംഘടിപ്പിക്കാറുണ്ടായിരുന്നു. പത്തനംതിട്ട ജില്ല ഫിലാറ്റലിക് ആന്‍ഡ് ന്യൂമിസ്മാറ്റിക് അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരികയാണ്.