Kerala Pranamam

ടണല്‍ തകര്‍ക്കുന്നതിനിടെ ആറ് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു ; സംഭവം സൈന്യം കൂടെകൂട്ടിയ മാധ്യമപ്രവര്‍ത്തകരുടെ കണ്‍മുന്നില്‍


ഗസ്സ: സെന്‍ട്രല്‍ ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരെ കാണിക്കാന്‍ ഹമാസിന്റെ ടണല്‍ തകര്‍ക്കുന്നതിനിടെ ആറ് ഇസ്രായേല്‍ സൈനികര്‍ ഉഗ്രസ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗസ്സയിലെ അല്‍ബുറൈജ് അഭയാര്‍ഥി ക്യാമ്പിലാണ് സംഭവം.ഇവിടെ ഹമാസിന്റെ തുരങ്കം തകര്‍ക്കുന്നതിനായി വിന്യസിച്ച സ്‌ഫോടകവസ്തുക്കള്‍ പ്രതീക്ഷിച്ചതിന് അരമണിക്കൂര്‍ മുമ്പേ പൊട്ടിത്തെറിച്ചാണ് ഇസ്രായേല്‍ പ്രതിരോധ സേനയിലെ ആറ് റിസര്‍വ് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടതെന്നാണ് സൈന്യം വിശദീകരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം.സംഭവസ്ഥലത്ത് ഹമാസ് റോക്കറ്റ് നിര്‍മാണ പ്ലാന്റ് ഉണ്ടായിരുന്നുവെന്നാണ് ഐ.ഡി.എഫ് പറയുന്നത്. ഇത് തകര്‍ക്കുന്നത് കാണിക്കാന്‍ ഇസ്രായേല്‍ അനുകൂല മാധ്യമ പ്രവര്‍ത്തകരുടെ സംഘത്തെ സൈന്യം കൂടെ കൂട്ടിയിരുന്നു. ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കെയാണ് ഉഗ്രസ്‌ഫോടനം നടന്നതും ആറുപേര്‍ കൊല്ലപ്പെട്ടതും. നിരവധി സൈനികര്‍ക്ക് സാരമായി പരിക്കേറ്റതായി സംഘത്തിലുണ്ടായിരുന്ന ടൈംസ് ഓഫ് ഇസ്രായേല്‍ ലേഖകന്‍ ഇമ്മാനുവല്‍ ഫാബിയന്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ കണ്‍മുന്നില്‍ വലിയ സ്‌ഫോടനം നടക്കുന്നത് കണ്ടതായി ഇമ്മാനുവല്‍ പറഞ്ഞു.ഉടന്‍ തന്നെ റിപ്പോര്‍ട്ടര്‍മാരെ സംഭവസ്ഥലത്തുനിന്ന് നീക്കി. വന്‍ അപകടമുണ്ടായതായി സൈനിക കമാന്‍ഡര്‍മാര്‍ റേഡിയോ വഴി പറയുന്നത് കേട്ടതായും ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ജന്റ് ഫസ്റ്റ് ക്ലാസ് ഗാവ്രിയല്‍ ബ്ലൂം (27), മാസ്റ്റര്‍ സാര്‍ജന്റ് അമിത് മോഷെ ഷഹാര്‍ (25), കാപ്റ്റന്‍ ഡെനിസ് ക്രോഖ്മലോവ് വെക്സ്ലര്‍ (32), കാപ്റ്റന്‍ റോണ്‍ എഫ്രിമി (26), മാസ്റ്റര്‍ സര്‍ജന്റ് റോയി അവ്രഹം മൈമോന്‍ (24), സര്‍ജന്റ് മേജര്‍ അകിവ യാസിന്‍സ്‌കി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റവരില്‍ ഗായകനും നടനുമായ ഇഡാന്‍ അമേദിയെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് പിതാവ് പറഞ്ഞു.
അതിനിടെ, സെന്‍ട്രല്‍ ഗസ്സയില്‍ ഹമാസ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായും ഇസ്രായേല്‍ സ്ഥിരീകരിച്ചു. സര്‍ജന്റ് ഫസ്റ്റ് ക്ലാസ് ഡേവിഡ് ഷ്വാര്‍ട്‌സ് (26), സര്‍ജന്റ് ഫസ്റ്റ് ക്ലാസ് യാക്കിര്‍ ഹെക്സ്റ്റര്‍ (26) എന്നിവര്‍ ഖാന്‍ യൂനിസിലും സര്‍ജന്റ് റോയി താല്‍ (19) തെക്കന്‍ ഗസ്സയിലുമാണ് കൊല്ലപ്പെട്ടത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനത്തിനിടെയാണ് ഇസ്രായേല്‍ സൈന്യത്തിന് കനത്ത തിരിച്ചടിയായി ഒമ്പതുപേര്‍ കൊല്ലപ്പെട്ടത്.