ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു വകുപ്പിലെ താല്‍ക്കാലിക സര്‍വേയര്‍ അറസ്റ്റിലായി. ഡിജിറ്റല്‍ സര്‍വേ ജോലികള്‍ക്കായി നിയമനം ലഭിച്ച സര്‍വേയര്‍ നിധിന്‍ എസ്. അമ്പാട്ടാണ് വിജിലന്‍സിന്റെ പിടിയിലായത്.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ബൈസണ്‍വാലി വില്ലേജില്‍ 146 ഏക്കര്‍ വരുന്ന തേയിലത്തോട്ടം ഡിജിറ്റല്‍ സര്‍വേ പ്രകാരം അളന്ന് തിട്ടപ്പെടുത്തുന്നതിനായി രണ്ടാഴ്ച മുന്‍പേയാണ് താല്‍ക്കാലിക സര്‍വേയറായിട്ടുള്ള നിധിന്‍ അവിടെയെത്തുന്നത്. ഇയാള്‍ ഒരു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ അത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് എസ്റ്റേറ്റ് ഉടമകള്‍ അറിയിച്ചു. എന്നാല്‍ 75000 രൂപയെങ്കിലും തന്നാലേ സ്ഥലം അളക്കുകയുള്ളു എന്നായിരുന്നു ഇയാളുടെ നിലപാട്.
ഇതില്‍ 50000 രൂപ അഡ്വാന്‍സായി നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എസ്റ്റേറ്റ് ഉടമ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശം അനുസരിച്ച് ഇന്ന്(തിങ്കള്‍) ഉച്ചയോടെ നേര്യമംഗലത്തിന് സമീപം ഈ പണം കൈമാറുന്നതിനിടെയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്ക് കൈമാറിയ 50000 രൂപയും വിജിലന്‍സ് കണ്ടെടുത്തു.
സംസ്ഥാനത്ത് വ്യാപകമായി ഡിജിറ്റല്‍ സര്‍വേകള്‍ നടക്കുകയാണ്. ഇതിനായി ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം വ്യാപകമാക്കിയിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നിധിന് താല്‍ക്കാലിക നിയമനം ലഭിച്ചത്. ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.