ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും മഴ കനക്കുന്നു. ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പെടെ 17 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. വെള്ളക്കെട്ട്, ഗതാഗത തടസം തുടങ്ങിയവ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. തിരുവള്ളൂര്‍, കോയമ്പത്തൂര്‍, നീലഗിരി, തെങ്കാശി, ഡിണ്ടിഗല്‍, തൂത്തുക്കുടി, ശിവഗംഗൈ, പുതുക്കോട്ടൈ, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, രാമനാഥപുരം, തിരുനെല്‍വേലി, തിരുപ്പൂര്‍, കന്യാകുമാരി, ചെന്നൈ നഗരങ്ങളാണ് ഹൈറിസ്‌ക് പട്ടികയിലുള്ളത്. മധുരയിലും വിരുദു നഗറിലും യെല്ലോ അലര്‍ട്ടാണ്.
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും രൂപം കൊണ്ട ചുഴലിക്കാറ്റാണ് തമിഴ്നാട്ടില്‍ മഴ മുന്നറിയിപ്പിന് കാരണം. അടുത്ത അഞ്ചു ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് പ്രവചനം. അതിനാല്‍ മഴ കൂടുതലുള്ള സമയങ്ങളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നനഞ്ഞ റോഡുകളില്‍ ജാഗ്രത പാലിക്കണമെന്നും യാത്രക്കാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. അതേസമയം സ്‌കൂളുകള്‍ക്കോ ഓഫീസുകള്‍ക്കോ ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല.