സ്വകാര്യവാഹനത്തില്‍ യൂണിഫോമിലല്ലാതെ കണ്ട ഡിവൈ.എസ്.പി.യെ സനലിനു തിരിച്ചറിയാനായില്ല. വാക്കുതര്‍ക്കത്തിനിടെ ഡിവൈ.എസ്.പി. സനലിനെ പിടിച്ചുതള്ളി. റോഡിലേക്കു വീണ ഇയാളുടെ പുറത്ത് എതിരേ വന്ന കാര്‍ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ സനലിനെ നാട്ടുകാരും സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര പോലീസും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സനല്‍ ഇലക്ട്രീഷനാണ്.
അപകടമറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാര്‍ ഡിവൈ.എസ്.പി.യെ കൈയേറ്റം ചെയ്തു. എന്നാല്‍, ഡിവൈ.എസ്.പി.യെ പരിസരവാസിയായ സുഹൃത്ത് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുത്തി. ഡിവൈ.എസ്.പി.യുടെ കാറും അവിടെനിന്നു മാറ്റി. കൊടങ്ങാവിളയിലെ ഒരു വീട്ടില്‍ സ്ഥിരമായി വരാറുള്ള ഡിവൈ.എസ്.പി., സനലിനെ റോഡിലേക്കു പിടിച്ചുതള്ളിയതാണ് മറ്റൊരു വാഹനം ഇടിക്കാനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍, സംഭവത്തെക്കുറിച്ചു വിശദീകരിക്കാന്‍ നെയ്യാറ്റിന്‍കര പോലീസ് തയ്യാറായിട്ടില്ല.